പിണറായിസത്തെ തോല്പിക്കാൻ ഒന്നിച്ചു നിൽക്കണം, ലക്ഷ്യത്തിൽ പിന്മാറരുത്, പിവി അന്‍വറുമായി നടത്തിയ കൂടിക്കാഴ്ച വിവരം പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍

നിലമ്പൂര്‍: പിവി അന്‍വറെ അര്‍ദ്ധരാത്രിയില്‍ പോയി കണ്ടതില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുത്, വൈകാരിക തീരുമാനം എടുക്കരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പിണറായിസത്തിന്‍റെ തിക്തഫലം അനുഭവിച്ച ഒരാള്‍ ആ ട്രാക്കില്‍ നിന്ന് മാറരുതെന്ന് പറഞ്ഞു.
യുഡിഎഫ് നേതാക്കളുടെ അനുമതിയോടെ അല്ല അന്‍വറെ കണ്ടത്.അനുനയ ചര്‍ച്ചയല്ല നടത്തിയതല്ല . മുന്നണിയിലെടുക്കുന്നത് സംബന്ധിച്ചോ അന്‍വറിന്‍റെ ഉപാധികളെക്കുറിച്ചോ ചര്‍ച്ച ചെയ്തില്ലെന്നും രാഹുല്‍ വിശദമാക്കി. ഇന്നലെ രാത്രിയാണ് രാഹുൽ അന്‍വറിന്‍റെ ഒതായിയിലെ വീട്ടിൽ എത്തിയത്.യുഡിഎഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോൺഗ്രസ് നേതാവ് നേരിട്ട് അന്‍വറിനെ കാണാന്‍ എത്തിയത്.സിപിഎമ്മിനെ തോൽപ്പിക്കാനുള്ള അവസരം നഷ്ടപെടുത്തരുതെന്ന് രാഹുൽ അന്‍വറിനോട് പറഞ്ഞു.

പിണറായിസത്തെ തോല്പിക്കാൻ ഒന്നിച്ചു നിൽക്കണം എന്നും രാഹുൽ ആവശ്യപ്പെട്ടു.വിശ്വാസലംഘകരുമായി ഇനി ബന്ധം ഇല്ലെന്ന് അൻവർ വ്യക്തമാക്കി.നേരത്തെ കെപിസിസിയുടെ മൂന്ന് അംഗ സംഘം അൻവറിനെ വീട്ടിൽ എത്തി കണ്ടിരുന്നു.അൻവർ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷം ആണ് രാഹുലിന്‍റെ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്