സഹോദരന്റെ ഭാര്യയുടെ തലയറുത്തെടുത്തു, ഒരു കയ്യിൽ അറുത്ത തലയും മറുകയ്യിൽ ആയുധവുമായി യുവാവ് പോലീസ് സ്റ്റേഷനിൽ സ്വയം കീഴടങ്ങി, കൊടും ക്രൂരത കുടുംബ വഴക്കിനെതുടർന്ന്?

കൊൽക്കത്ത: സ്വന്തം സഹോദരന്റെ ഭാര്യയുടെ തലയറുത്ത് കൊലപ്പെടുത്തി യുവാവ്. പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിലാണ് അതിക്രൂര സംഭവം നടന്നത്. യുവതിയുടെ അറുത്തെടുത്ത തലയും അതിന് ഉപയോഗിച്ച ആയുധവുമായി തെരുവിലൂടെ നടന്ന പ്രതി പിന്നീട് ബസന്തിയിലെ പോലീസ് സ്‌റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയും ചെയ്തു. ബിമൽ മൊണ്ടാൽ എന്ന യുവാവാണ് മൂത്ത സഹോദരന്റെ ഭാര്യ സതി മൊണ്ടലിന്റെ തല അറുത്തെടുത്തത്.
ബിമൽ ഒരു കയ്യിൽ സതിയുടെ അറുത്ത തലയും മറുകയ്യിൽ കൊല്ലാനുപയോഗിച്ച ആയുധവുമായാണ് ഇയാൾ പോലീസ് സ്റ്റേഷനിൽ ഹാജരായത്. കുടുംബത്തിലെ വഴക്കുകളാകാം പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും കീഴടങ്ങിയ സമയത്ത് യാതൊരുവിധ പശ്ചാത്താപവും ബിമൽ പ്രകടിപ്പിച്ചിരുന്നില്ലെന്നും പോലീസ് വൃത്തങ്ങൾ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടു പറഞ്ഞു. സതിയുടെ അറുത്തെടുത്ത തലയും അതിനുപയോഗിച്ച ആയുധവും പ്രതിയുടെ കൈവശമുണ്ടായിരുന്നു. സാധാരണ മാനസികാവസ്ഥയിലായിരുന്നില്ലെന്ന് തോന്നിപ്പിക്കുംവിധത്തിലായിരുന്നു ബിമലിന്റെ പെരുമാറ്റമെന്നും പോലീസ് കൂട്ടിച്ചേർത്തു.

അതേസമയം കൊലയ്ക്കു ശേഷം തെരുവിലൂടെ നടക്കുമ്പോൾ ബിമൽ കോപാകുലനായിരുന്നെന്നും അതിനാലാണ് ആരും അയാളെ തടയാൻ ധൈര്യം കാണിക്കാതിരുന്നതെന്നും ദൃക്‌സാക്ഷികളിലൊരാൾ പറഞ്ഞു. സതിക്കുനേരെ ബിമൽ ശാപവാക്കുകൾ ചൊരിഞ്ഞുകൊണ്ടായിരുന്നു നടന്നിരുന്നതെന്നും ദൃക്‌സാക്ഷി കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സതിയും ബിമലും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും ബിമൽ, സതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവരുടെ സമീപവാസി മൊഴിനൽകി. കൂടാതെ ഇയാൾ കൊലയ്ക്കു ശേഷം പോലീസ് സ്റ്റേഷനിലേക്കു പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.