KeralaNEWS

ഒടുവിൽ ട്വിസ്റ്റ്: നിലമ്പൂരിൽ എം.സ്വരാജിനും ആര്യാടൻ ഷൗക്കത്തിനും ഒപ്പം പി.വി അൻവറും മത്സരിക്കും

      പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി പോരാടി പരാജയപ്പെട്ട മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി അൻവർ നിലമ്പൂരിൽ  മത്സരിച്ചേക്കും. തൃണമൂൽ ദേശീയ നേതൃത്വം അനുമതി നൽകി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കറ്റ് അൻവർ വാങ്ങി. മുൻ എംഎൽഎ വീണ്ടും മത്സരിക്കാൻ സമർപ്പിക്കേണ്ട രേഖയാണിത്. പി.വി അൻവർ നാളെ നാമനിർദേശ പത്രിക നൽകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അൻവർ പക്ഷേ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മത്സരിക്കാനില്ലെന്ന നിലപാടിൽ നിന്ന് അൻവർ പിന്മാറിയിരുന്നു. മത്സരിക്കാനായി  അൻവറിന് പാർട്ടി ചിഹ്നം തൃണമൂൽ കോൺഗ്രസ് അനുവദിച്ചു. അതേസമയം നേരത്തെ മത്സരിച്ചിരുന്ന ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാനാണ് അൻവറിന് താൽപ്പര്യം.

Signature-ad

പാർട്ടി ചിഹ്നത്തിൽ മത്സരിക്കണം എന്ന് തൃണമൂൽ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെത്തെ  വാർത്താ സമ്മേളനത്തിൽ, മത്സരിക്കാൻ ഇല്ലെന്നും തൻ്റെ കൈയിൽ പണമില്ലെന്നുമായിരുന്നു അൻവർ പറഞ്ഞത്. എന്നാൽ പിന്നീട്, മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. പണവുമായി ചിലർ എത്തുന്നുണ്ട്. അവരുടെ നിർദേശം ചർച്ചചെയ്യുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

‘മത്സരിക്കുന്ന കാര്യം രണ്ട് ദിവസത്തിനകം തീരുമാനമാകും. മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദം ഉണ്ട്, ഇക്കാര്യം പാർട്ടി ചർച്ച ചെയ്യും.’ എന്നാണ് അൻവർ ഇന്നലെ വൈകീട്ട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ബാധ്യതരഹിത സർട്ടിഫിക്കറ്റ് വാങ്ങിയതും തൃണമുൽ നേതൃത്വം മത്സരിക്കാൻ അനുമതി നൽകിയതും.

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ ആദ്യസംഘം ഇന്ന് കേരളത്തിലെത്തും. ഇവർ കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് വരുന്നത്. തൃണമൂലിൻ്റെ രാജ്യസഭാംഗമായ ഡെറിക് ഒബ്രിയേനാണ് പാര്‍ട്ടിയുടെ കേരളത്തിന്റെ ചുമതല. ഇദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ പിവി അന്‍വറിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. പിവി അൻവറിൻ്റെ വീട്ടിൽ തൃണമൂൽ നേതാക്കളുടെ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്.

വി ഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്കില്ലെന്ന് അൻവർ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ മത്സരത്തിനുള്ള സാധ്യത തെളിഞ്ഞതോടെ യുഡിഎഫ് നേതാക്കൾ വീണ്ടും അൻവറിനെ സമീപിച്ചേക്കും. ഇന്നലെ രാത്രി രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി  കൂടിക്കാഴ്ച നടത്തി. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുഡിഎഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയ ശേഷം ആദ്യമായാണ് കോൺഗ്രസ്‌ നേതാവ് നേരിട്ട് എത്തിയത്. പിണറായിസത്തെ തോൽപ്പിക്കാൻ ഒന്നിച്ചു നിൽക്കണം എന്ന് രാഹുൽ അൻവറിനോട് ആവശ്യപ്പെട്ടു.

Back to top button
error: