NEWSWorld

ആക്രമണം കൊണ്ട് പൊറുതിമുട്ടി; കരടി മാംസം വില്‍ക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍!

കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ സ്ലോവാക്യയില്‍ ബ്രൗണ്‍ ബെയര്‍ ഇനത്തിലെ കരടികളുടെ മാംസത്തിന്റെ വില്പനയ്ക്ക് അനുമതി നല്‍കി സര്‍ക്കാര്‍. വൈകാതെ സ്ലോവാക്യന്‍ മാര്‍ക്കറ്റുകളില്‍ കരടി മാംസം വില്പനയ്‌ക്കെത്തും. കരടികളുടെ ആക്രമണം കൂടുന്ന സാഹചര്യത്തില്‍ 350 കരടികളെ വെടിവച്ചു കൊല്ലാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു.

എന്നാല്‍, ഇതിനെതിരെ പ്രതിപക്ഷവും പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ പാര്‍ലമെന്റും സ്ലോവാക്യയുടെ തീരുമാനത്തെ വിമര്‍ശിച്ചു. വേള്‍ഡ് കണ്‍സര്‍വേഷന്‍ യൂണിയന്റെ കണക്ക് പ്രകാരം ഭീഷണി നേരിടുന്ന സ്പീഷീസാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ ബ്രൗണ്‍ ബിയറുകള്‍. എന്നാല്‍, തീരുമാനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച സ്ലോവാക്യന്‍ സര്‍ക്കാര്‍ കൊല്ലുന്ന കരടികളുടെ മാംസം പൊതുജനങ്ങള്‍ക്ക് വില്‍ക്കുമെന്നും പ്രഖ്യാപിച്ചു.

Signature-ad

പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ സംഘടനകള്‍ എല്ലാ നിയമ, ശുചിത്വ വ്യവസ്ഥകള്‍ പാലിച്ചു വേണം വില്‍പ്പന നടത്താന്‍. ഏകദേശം 1,300 ബ്രൗണ്‍ ബിയറുകള്‍ സ്ലോവാക്യയിലുണ്ടെന്നാണ് കണക്ക്. മനുഷ്യര്‍ക്ക് നേരെയുള്ള ഇവയുടെ ആക്രമണം ഉയരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. റൊമേനിയ, പടിഞ്ഞാറന്‍ യുക്രെയിന്‍, സ്ലോവാക്യ, പോളണ്ട് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രശസ്തമായ കാര്‍പേത്യന്‍ പര്‍വ്വതനിരകളില്‍ കരടികളുടെ സാന്നിദ്ധ്യം സാധാരണമാണ്.

കഴിഞ്ഞ വര്‍ഷം 500ഓളം കരടികളെ റൊമേനിയയില്‍ കൊന്നിരുന്നു. കരടിയുടെ മാംസം യൂറോപ്യന്‍ രാജ്യങ്ങളില്‍ സാധാരണയായി കഴിക്കാറില്ല. എന്നാല്‍ കിഴക്കന്‍ യൂറോപ്പിന്റെ ചില ഭാഗങ്ങളിലും നോര്‍ഡിക് രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. വിരകളുടെ സാന്നിദ്ധ്യമുള്ളതിനാല്‍ കരടി മാംസത്തിന്റെ ഉപയോഗം ജാഗ്രതയോടെ വേണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കരടിയുടെ മാംസം പാകം ചെയ്യുമ്പോള്‍ കുറഞ്ഞത് 70 ഡിഗ്രി സെല്‍ഷ്യസ് താപനില വേണമെന്ന് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പറയുന്നു.

Back to top button
error: