KeralaNEWS

വന്ദേഭാരതില്‍ നോണ്‍-വെജ് ബ്രേക്ക്ഫാസ്റ്റ് കിട്ടില്ല; വ്യാപക പ്രതിഷേധവുമായി യാത്രക്കാര്‍

ചെന്നൈ: വന്ദേഭാരത് ട്രെയിനുകളില്‍ നോണ്‍- വെജിറ്റേറിയന്‍ ബ്രേക്ക്ഫാസ്റ്റ് ലഭ്യമല്ലാത്തതില്‍ വ്യാപക പ്രതിഷേധം. ചെന്നൈ നിന്ന് നാഗര്‍കോവില്‍, മൈസൂരു, ബംഗളൂരു, തിരുനെല്‍വേലി എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന വന്ദേഭാരതിലാണ് മാംസാഹാരം നിര്‍ത്തലാക്കിയത്. ദക്ഷിണ റെയില്‍വേയോ കാറ്ററിംഗ് ഏജന്‍സിയോ ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചില്ലെന്നാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്.

ഐആര്‍സിടിസി ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നുണ്ട്. നോണ്‍-വെജ് വിഭവങ്ങള്‍ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മാത്രമായിരിക്കും ലഭിക്കുക എന്ന അറിയിപ്പാണ് നല്‍കുന്നത്. വ്യക്തിഗത വിവരങ്ങളും ആഹാരം സംബന്ധമായ വിവരങ്ങളും നല്‍കുമ്പോഴാണ് ഈ അറിയിപ്പ് ലഭിക്കുന്നത്. എന്നാല്‍ ഐആര്‍സിടിസി ആപ്പിലെ സാങ്കേതിക പിഴവാണിതെന്നും ബുക്കിംഗ് സമയത്ത് നോണ്‍-വെജ് വിഭവങ്ങള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ടാകുമെന്നുമാണ് റെയില്‍വേ അധികൃതര്‍ അറിയിക്കുന്നത്. അതേസമയം, വിഷയത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സിംഗ് പ്രതികരിച്ചിട്ടില്ല.

Signature-ad

ഐആര്‍സിടിസി ആപ്പില്‍ ബുക്ക് ചെയ്തപ്പോള്‍ നോണ്‍-വെജ് വിഭവങ്ങള്‍ ഉണ്ടാകില്ലെന്ന അറിയിപ്പ് ലഭിച്ചിരുന്നുവെന്നും വെജിറ്റേറിയന്‍ ആഹാരം മാത്രമാണ് വന്ദേഭാരതില്‍ യാത്ര ചെയ്യവേ ലഭിച്ചതെന്നും ചെന്നൈ നിന്ന് നാഗര്‍കോവിലിലേയ്ക്ക് യാത്ര ചെയ്ത് ഡേവിഡ് മനോഹര്‍ എന്ന യാത്രക്കാരന്‍ പറഞ്ഞു. വിഷയം എക്സിലൂടെ ഐആര്‍സിടിസിയെ അറിയിച്ചപ്പോള്‍ വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം മാത്രമാണ് നോണ്‍-വെജ് ലഭിക്കാത്തതെന്നായിരുന്നു പ്രതികരണം. എന്ത് ആഹാരമാണ് കഴിക്കേണ്ടത് എന്നത് തന്റെ വ്യക്തിപരമായ താത്പര്യമാണ്. ഇക്കാര്യം മുന്‍കൂട്ടി യാത്രക്കാരെ അറിയിക്കാതെ ഐആര്‍സിടിസിക്ക് തടയാനാകില്ലെന്നും ഡേവിഡ് ചൂണ്ടിക്കാട്ടി. വന്ദേഭാരത് ഉള്‍പ്പെടെയുള്ള പ്രീമിയം ട്രെയിനുകളിലെ കാറ്ററിംഗിന്റെ ചുമതല ഐആര്‍സിടിസിക്കാണ്. ആഹാരത്തിന്റെ കൂടി നിരക്ക് ഉള്‍പ്പെടുത്തിയാണ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പണം ഈടാക്കുന്നത്.

 

Back to top button
error: