
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പിന്നാലെ ഇന്ത്യയെ പരിഹസിച്ച ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് സ്വീകരണം ഒരുക്കിയതില്‍ വിശദീകരണവുമായി സംഘാടകരായ മലയാളി സംഘടന. അതേവേദിയില്‍ മറ്റൊരു പരിപാടിക്ക് വന്ന താരങ്ങള്‍ ആരും ക്ഷണിക്കാതെ തങ്ങളുടെ പരിപാടിയിലേക്ക് കടന്നു കയറുകയായിരുന്നു എന്ന വിചിത്രന്യായീകരണമാണ് സംഘാടകര്‍ നിരത്തുന്നത്.
അവരുടെ പെട്ടെന്നുണ്ടായ ഈ പ്രവര്‍ത്തിയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നും സംഘാടക സമിതി പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു. ഈ പ്രവര്‍ത്തി കാരണം ആര്‍ക്കെങ്കിലും എന്തെങ്കിലും ആശയക്കുഴപ്പവും ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഖേദം പ്രകടിപ്പിക്കുന്നു എന്നും അവര്‍ പറയുന്നു. സംഘാടകസമിതിയുമായി ബന്ധപ്പെട്ടവര്‍ ഷാഹിദ് അഫ്രിദിയെ വേദിയിലേക്ക് ആനയിച്ചുകൊണ്ട് പോകുന്നതും അവര്‍ക്ക് സംസാരിക്കാനായി മൈക്ക് നല്‍കുന്നതും അവര്‍ സംസാരിക്കുന്നതിനെ ആരവത്തോടെ പ്രോത്സാഹിപ്പിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരിക്കെയാണ് ഈ ന്യായീകരണം എന്നതാണ് വസ്തുത.

വിവേക് ജയകുമാര്‍ പ്രസിഡന്റും ആദര്‍ശ് നാസര്‍ ജനറല്‍ സെക്രട്ടറിയും റിസ്വാന്‍ മൂപ്പന്‍ ജോയിന്റ് സെക്രട്ടറിയുമായ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബിടെക് അലൂമിനി(കുബ)യാണ് ഇതിന്റെ സംഘടകര്‍.
സംഘാടകര്‍ പുറത്തിറക്കിയ ഇംഗ്ലീഷ് പത്രക്കുറിപ്പിന്റെ മലയാള പരിഭാഷ
മെയ് 25 ന് ദുബായിലെ പാകിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് ഓഡിറ്റോറിയത്തില്‍ നടന്ന അന്തര്‍ കലാലയ ഡാന്‍സ് മത്സരം ഓര്‍മ്മച്ചുവടുകള്‍ സീസണ്‍ 2-വില്‍ അയല്‍ രാജ്യത്തെ രണ്ട് ക്രിക്കറ്റ് താരങ്ങളുടെ സാന്നിദ്ധ്യം സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള ചില ആശങ്കകള്‍ക്ക് ഔപചാരികമായ മറുപടി നല്‍കാന്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബിടെക് അലൂമിനി(കുബ) ആഗ്രഹിക്കുന്നു.
ഇന്ത്യയും അയല്‍ രാജ്യവും തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങുന്നതിന് വളരെ മുമ്പ് തന്നെ പ്രസ്തുത സ്ഥലം പ്രസ്തുത പരിപാടിയുടെ വേദിയായി ബുക്ക് ചെയ്യുകയും
2025 ഏപ്രില്‍ അഞ്ചിന് തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വേദി ലഭിക്കുന്നതിനുള്ള സൗകര്യമനുസരിച്ച് കഴിഞ്ഞവര്‍ഷവും ഈ പരിപാടിയുടെ സീസണ്‍ ഒന്നിനും ഇതുതന്നെയായിരുന്നു വേദി. ഞങ്ങളുടെ പരിപാടിയുടെ സമയമായപ്പോഴേക്കും നയതന്ത്രപരമായ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നിരുന്നു.
പെട്ടെന്ന് മറ്റൊരു വേദി കണ്ടുപിടിക്കുന്നത് അസാധ്യമായതിനാല്‍ അതേ വേദിയില്‍ തന്നെ മുന്‍ നിശ്ചയിച്ച പ്രകാരം പരിപാടിയുമായി ഞങ്ങള്‍ മുന്നോട്ടു പോവുകയായിരുന്നു. ഞങ്ങളുടെ പരിപാടി നടക്കുന്ന മെയ് 25ന് തന്നെ മുമ്പ് സൂചിപ്പിച്ച ക്രിക്കറ്റ് താരങ്ങള്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് ഫോര്‍ ലാര്‍ജസ്റ്റ് യുഎഇ ഫ്‌ലാഗ് വിത്ത് ഹാന്‍ഡ് പ്രിന്റ്‌സ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് അതേ വേദി സന്ദര്‍ശിച്ചിരുന്നു.
ഇക്കാര്യം യുഎഇയിലെ പ്രധാന ദിനപത്രമായ ഗള്‍ഫ് ന്യൂസ് മെയ് 27 ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത ഫ്‌ലാഗ് (പതാക) ഞങ്ങളുടെ പരിപാടി നടന്ന ഓഡിറ്റോറിയത്തിന്റെ മുമ്പാകെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
ഞങ്ങളുടെ പരിപാടി അവസാനിക്കുന്ന സമയം ആരും വിളിക്കാതെയും മുന്‍കൂട്ടി അറിയിക്കാതെയും ക്രിക്കറ്റ് താരങ്ങള്‍ ഞങ്ങളുടെ പരിപാടിയിലേക്ക് കടന്നു വരികയായിരുന്നു. ഞങ്ങളോ സംഘാടകസമിതിയിലെ ഏതെങ്കിലും അംഗമോ ഔദ്യോഗിക ഭാരവാഹികളോ അലുമ്‌നി അംഗങ്ങളോ അവരെ വേദിയിലേക്ക് ക്ഷണിക്കുകയോ ആനയിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പരിപാടിയില്‍ ഇവര്‍ അതിഥികളായി ഇല്ല എന്നത് ഞങ്ങളുടെ വാദത്തിന് പിന്തുണ നല്‍കുന്നു.
ഇന്ത്യയെ പരിഹസിച്ച ഷാഹിദ് അഫ്രീദിക്ക് ദുബായ് മലയാളി സംഘടനയുടെ ഊഷ്മള സ്വീകരണം
എന്നാല്‍ പൊടുന്നനെയുള്ള അവരുടെ വരവിന്റെ പ്രത്യേകത കൊണ്ട് ഞൊടിയിടയില്‍ ഞങ്ങള്‍ക്ക് അവരെ തടയാനോ ആള്‍ക്കൂട്ടത്തിന്റെ പ്രതികരണം നിയന്ത്രിക്കാനോ സാധിച്ചില്ല. ഇത്തരത്തില്‍ അപ്രതീക്ഷിതമായ ഒരു സംഭവവികാസം കൊണ്ട് പങ്കെടുത്തവര്‍ക്കോ പിന്തുണയ്ക്കുന്നവര്‍ക്കോ പരിപാടിക്ക് വന്നവര്‍ക്കോ എന്തെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പമോ അസൗകര്യമോ ഉണ്ടായതില്‍ ഞങ്ങള്‍ ഖേദിക്കുന്നു.ഞങ്ങളുടെ ഈ പ്രവര്‍ത്തികൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള മുറിവേറ്റെങ്കില്‍ ഖേദിക്കുന്നു.
അത് ഞങ്ങളുടെ ഉദ്ദേശിച്ചിരുന്നില്ല. അത്തരത്തില്‍ ബാധിക്കപ്പെട്ടവരോട് ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക ദിശാബോധം ഞങ്ങള്‍ തുടര്‍ന്നും പിന്തുടരും. ഇക്കാര്യത്തില്‍ വലിയൊരു സമൂഹത്തിന്റെ പിന്തുണയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.