CrimeNEWS

അയല്‍വീട്ടിലെ കുട്ടികളോടൊപ്പം കളിച്ചു; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മക്കളെ ക്രൂരമായി മര്‍ദിച്ച പാസ്റ്റര്‍ അറസ്റ്റില്‍

കന്യാകുമാരി: അയല്‍വീട്ടിലെ കുട്ടികളോടൊപ്പം കളിച്ചതിന് എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഉള്‍പ്പെടെയുള്ള മക്കളെ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. കരുങ്കല്‍ പുല്ലത്തുവിളയിലെ പാസ്റ്റര്‍ കിങ്‌സ്ലി ഗില്‍ബര്‍ട്ട് (45) ആണ് അറസ്റ്റിലായത്. ആറ്, മൂന്നു വയസ്സുള്ള 2 ആണ്‍കുട്ടികളാണ് മര്‍ദനത്തിന് ഇരയായ മറ്റു മക്കള്‍.

കഴിഞ്ഞ ദിവസം കുട്ടികളെ വീട്ടിലാക്കി പുറത്തുപോയ കിങ്‌സ്ലി മടങ്ങിയെത്തിയപ്പോള്‍ ഇവര്‍ അയല്‍വീട്ടിലെ കുട്ടികളുമായി കളിക്കുന്നതു കണ്ടു പ്രകോപിതനായി. തുടര്‍ന്ന് വീട്ടിലെത്തിച്ച ശേഷം വ്യായാമത്തിന് ഉപയോഗിക്കുന്ന കട്ടിയുള്ള കയര്‍ (സ്‌കിപ്പിങ് റോപ്) ഉപയോഗിച്ച് കുട്ടികളെ മര്‍ദിക്കുകയായിരുന്നു.

Signature-ad

രാത്രിയില്‍ കുട്ടികളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടു നാട്ടുകാര്‍ വീടിന്റെ വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. ഇതോടെ നാട്ടുകാര്‍ കരുങ്കല്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തിയപ്പോഴാണ് കിങ്‌സ്ലി വാതില്‍ തുറന്നത്. പരുക്കേറ്റ നിലയിലായിരുന്നു കുട്ടികള്‍. ഒരു കുട്ടിക്കു ശരീരമാസകലം ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ അമ്മ വീട്ടിലുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം കുട്ടികളെ സമീപത്തെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.

 

Back to top button
error: