
പടവുകൾ
ഭിന്നശേഷിക്കാരിലെ സർഗ്ഗാത്മകതയ്ക്കുള്ള ദേശിയ അവാർഡ് നേടിയ എം എ ജോൺസൻ്റെ ജീവിതം ഏവർക്കും ഒരു പാഠമാണ്. പിറന്ന് വീണ് ആറാം മാസം പോളിയോ ബാധിച്ച് ആ ബാലൻ്റെ കൈകാലുകള്‍ തളര്‍ന്നുപോയി. സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവന് സ്‌കൂളും പഠനവുമെല്ലാം സ്വപ്നമായി മാറി. പക്ഷേ, തോല്‍ക്കാന്‍ അവന്‍ തയ്യാറായില്ല. എഴുത്തും വായനയും സ്വന്തമായി പഠിച്ചു. ഇലക്ട്രോണിക്‌സിനോടായിരുന്നു താല്‍പര്യം. അതേക്കുറിച്ച് കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വായിച്ചു. ഇരുട്ടായിരുന്നു ചെറുപ്പം മുതലേ അവന്റെ ശത്രു. കേരളത്തിലെ വൈദ്യുതി എത്താത്ത ഗ്രാമങ്ങളുടെ പട്ടികയിലായിരുന്നു പെരുവണ്ണാമൂഴി എന്ന അവൻ്റെ ഗ്രാമം. അവിടെ വൈദ്യുതി എത്തിയത് 1991ലാണ്. പക്ഷേ, രാത്രിയില്‍ ബള്‍ബ് കത്തുന്നുണ്ടോ എന്നറിയാന്‍ ടോര്‍ച്ചടിച്ചു നോക്കേണ്ട അവസ്ഥ. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നായി ജോണ്‍സന്റെ പരീക്ഷണം. നിരന്തര പരിശ്രമത്തിനൊടുവില്‍ 5 വാട്ടിന്റെ ചോക്ക് ജോണ്‍സന്‍ വികസിപ്പിച്ചെടുത്തു. 30 വാട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസറും, സിഎഫ്എല്‍ ലാമ്പുകളുമെല്ലാം ജോണ്‍സന്റെ പരീക്ഷണശാലയില്‍ പിറവിയെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ജോണ്‍സന്‍ സിഎഫ്‌ലാമ്പില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കിയാണ് എല്‍ഇഡി ബള്‍ബ് നിര്‍മ്മിക്കാനുള്ള പരീക്ഷണം ആരംഭിച്ചത്. അതില്‍ വിജയിക്കുകയും ചെയ്തു. സ്വന്തമായി തനിയെ ചലിക്കാന്‍ പോലും കഴിയാത്ത ജോണ്‍സന്‍ അങ്ങനെ ഒരുപാട് പേരുടെ അന്നദാതാവായി മാറി.

2004ൽ സിഎഫ്എൽ ബൾബ് പ്രചാരത്തിലുള്ള സമയം. ആ വർഷമാണ് ജോൺസൺ എൽഇഡി ബൾബ് രംഗത്തിറക്കിയത്. കണ്ടുപിടുത്തത്തിനുള്ള അവകാശം തേടി പലവഴിയിലും സഞ്ചരിച്ചു. കിട്ടിയില്ല. നിരാശയ്ക്ക് വക കൊടുക്കാതെ ജോൺസൺ പണി തുടർന്നു. ഇന്ന് കേരളത്തിൽ കെ.സ്.ഇ.ബിയിലൂടെ ഒന്നരക്കോടിയിലേറെ ബൾബുകൾ വിതരണം ചെയ്യുന്നുണ്ട്. വൈകല്യങ്ങളോട് പടപൊരുതിയും വൈതരണികളെ അതിജീവിച്ചും സ്വയം പ്രകാശമായി മാറിയതാണ് ജോണ്‍സന്റെ ജീവിതം.
ചിലര്‍ അങ്ങിനെയാണ് സ്വയം പ്രകാശമായി മാറുന്നവര്‍. വാക്കുകളില്‍ പോലും ആത്മവിശ്വാസം കൊണ്ടുനടക്കുന്നവര്‍. സമ്പത്തുകൊണ്ടുമാത്രമല്ല, വാക്കുകള്‍കൊണ്ടും നമുക്ക് മറ്റുള്ളവരുടെ വെളിച്ചമായി മാറാന്‍ സാധിക്കും. നമുക്കും ഇരുട്ടില്‍ ഒരു വെളിച്ചമായി മാറാന്‍ സാധിക്കട്ടെ.
ശുഭദിനം.
സൂര്യനാരായണൻ