
മലപ്പുറം: സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കും നിലമ്പൂരില്‍ മത്സരിക്കില്ലെന്നും പി.വി.അന്‍വര്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കയ്യില്‍ പണമില്ല. താന്‍ സാമ്പത്തികമായി തകര്‍ന്നതു ജനങ്ങള്‍ക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മലമ്പുഴ സീറ്റ് തൃണമൂല്‍ ഏറ്റെടുക്കാമെന്ന് യുഡിഎഫിനോട് പറഞ്ഞിരുന്നു. യുഡിഎഫ് സ്ഥിരമായി തോല്‍ക്കുന്ന രണ്ട് സീറ്റാണ് പിന്നീട് അഭ്യര്‍ഥിച്ചത്. അവസാനം ഒരു സീറ്റ് ചോദിച്ചു. ഘടകക്ഷി സ്ഥാനം വേണ്ട അസോഷ്യേറ്റ് പദവി മതിയെന്നും പറഞ്ഞു. യുഡിഎഫ് നേതൃത്വത്തിന്റെ മനസ്സിലുള്ളത് അറിയാനാണ് ചോദിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
യുഡിഎഫ് പ്രവേശനം നല്‍കാത്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ അന്‍വര്‍ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചു. അന്‍വര്‍ ഇല്ലാതെ യുഡിഎഫ് ജയിക്കില്ലെന്നും സതീശന്റെ വാശിക്ക് യു.ഡി.എഫ് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ബേപ്പൂരില്‍ മത്സരിച്ചുകൂടെ എന്നു ചില യുഡിഎഫ് നേതാക്കള്‍ ചോദിച്ചു. എന്നെ കൊന്നുകൊലവിളിക്കാനാണ് തീരുമാനം. ഒറ്റവ്യക്തിയാണ് ഇതിനു പിന്നില്‍. അല്ലാതെ യുഡിഎഫിലെ മറ്റുള്ളവരല്ല. പിണറായിസത്തിനെതിരെ പോരാടിയ തന്നെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്തികള്‍ അതിനു തയാറായില്ല. പിണറായിസം മാറ്റി നിര്‍ത്തി, മറ്റുള്ള ചില ഗൂഢശക്തികളുടെ താല്‍പര്യം സംരക്ഷിച്ച് തന്നെ പരാജയപ്പെടുത്താന്‍ ഇപ്പോഴും അവര്‍ മുന്നോട്ടു പോകുകയാണ്. അതില്‍ വിട്ടുവീഴ്ചയുണ്ടായിട്ടില്ല. സിപിഎം സ്ഥാനാര്‍ഥി എം.സ്വരാജ് പിണറായിസത്തിന്റെ വക്താവാണ്. പിണറായിസത്തെ താലോലിക്കുന്നതില്‍ സ്വരാജ് മുന്‍പന്തിയിലാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ എതിര്‍ത്തതിനു കാരണങ്ങളുണ്ട്” -അന്‍വര്‍ പറഞ്ഞു.
ആരെയും കണ്ടല്ല താന്‍ എല്‍ഡിഎഫില്‍നിന്ന് ഇറങ്ങിവന്നത്. ദൈവത്തെയും ജനത്തെയും കണ്ടാണ് ഇറങ്ങിവന്നത്. അവരിലാണ് പ്രതീക്ഷ. പിണറായിസത്തിനെതിരെയുള്ള പോരാട്ടത്തില്‍നിന്ന് പിന്‍വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. അധികപ്രസംഗിയാണ് എന്നാണ് പറയുന്നത്. അധികപ്രസംഗം തുടരും. പാവപ്പെട്ടവരെ സഹായിക്കുക എന്നതാണ് കമ്മ്യൂണിസം. ആ നിലയ്ക്കാണ് സിപിഎമ്മിന്റെ ഭാഗമാകുന്നത്. മതനിരപേക്ഷതയുടെ ഭാഗത്തുനിന്ന പാര്‍ട്ടി ജാതിമത രാഷ്ട്രീയത്തിലേക്കു വഴിമാറി സഞ്ചരിച്ചെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം, നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ചാലുടന്‍ പി.വി.അന്‍വറിനെ അസോഷ്യേറ്റ് അംഗമായി പ്രഖ്യാപിക്കാന്‍ യുഡിഎഫില്‍ ധാരണയായിരുന്നു. യുഡിഎഫിനു പുറത്തുനിര്‍ത്തിയുള്ള സഹകരണമാണിത്. ഇക്കാര്യം അന്‍വറിനെ അറിയിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചുമതലപ്പെടുത്തി. ഷൗക്കത്തിനുള്ള പിന്തുണയറിയിച്ചാല്‍ അദ്ദേഹവുമായുള്ള സഹകരണം യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രഖ്യാപിക്കും. തൃണമൂലിന്റെ ഭാഗമാണ് ഇപ്പോള്‍ അന്‍വര്‍. തന്റെ പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം.