CrimeNEWS

കുട്ടി പോയത് സീരിയല്‍ ഷൂട്ടിങ് കാണാന്‍; വീട്ടിലെത്തിക്കാമെന്ന് കൈനോട്ടക്കാരന്‍, പക്ഷേ…

കൊച്ചി: തൊടുപുഴയില്‍ കണ്ടെത്തിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ഉപദ്രവിച്ച കൈനോട്ടക്കാരനുമായി പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനില്‍നിന്ന് എളമക്കര പൊലീസാണ് കൈനോട്ടക്കാരന്‍ ശശികുമാറിനെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. മറ്റൊരു വാഹനത്തില്‍ വിദ്യാര്‍ഥിയും പിതാവും ഇവരെ അനുഗമിക്കുന്നുണ്ട്. കൊച്ചിയില്‍ എത്തിച്ച ശേഷം കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയേക്കും.

തൊടുപുഴയ്ക്കടുത്ത് വാഴക്കാലായില്‍ നടക്കുന്ന ഒരു മലയാളം സീരിയലിന്റെ ഷൂട്ടിങ് കാണാനാണ് കുട്ടി കൊച്ചിയില്‍നിന്നു പോയതെന്നാണ് വിവരം. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളില്‍ ഇന്നലെ രാവിലെ എട്ടിന് കുട്ടി സേ പരീക്ഷ എഴുതാന്‍ പോയി. ഒന്‍പതരയോടെ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. ഇതിനു ശേഷം തൊടുപുഴയ്ക്ക് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അതിനു മുന്‍പു തന്നെ വീട്ടുകാര്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയിരുന്നു.

Signature-ad

കൊച്ചിയില്‍നിന്നു പോയ കുട്ടി, ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയത്. ഇരുട്ടു വീഴാന്‍ തുടങ്ങിയതോടെ ഭയം തോന്നിയ കുട്ടി, അടുത്തുകണ്ട ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച് വീട്ടിലെത്തിക്കാമോയെന്ന് ചോദിച്ചപ്പോള്‍ സഹായിക്കാമെന്ന് ശശികുമാര്‍ മറുപടി നല്‍കി. എന്നാല്‍ തൊടുപുഴയിലെ ഇയാളുടെ വീട്ടിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. വീട്ടിലെത്തിയതിനു പിന്നാലെ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. ഇതോടെ കുട്ടി ബഹളം വയ്ക്കാന്‍ തുടങ്ങി. ഇതിനിടെയാണ് കുട്ടിയെ കാണാതായ വാര്‍ത്ത ഇയാളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതു കണ്ട് പേടിച്ചതോടെ കുട്ടിയോട് പിതാവിന്റെ നമ്പര്‍ വാങ്ങി വിളിക്കുകയും തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയാല്‍ കുട്ടിയെ കൈമാറാമെന്നു അറിയിക്കുകയുമായിരുന്നു.

ഇന്നു രാവിലെ പിതാവും ബന്ധുക്കളും പൊലീസും തൊടുപുഴയിലെത്തി കുട്ടിയെ കണ്ടു. കൂടെയുണ്ടായിരുന്ന ശശികുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയെയും ഇയാളെയും ചോദ്യം ചെയ്തതോടെ കേസിന്റെ ഗതി മാറി. കുട്ടിയെ ഇയാള്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി മൊഴി ലഭിച്ചതോടെ പൊലീസ് പോക്സോ 7,8 വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. തുടര്‍ന്നാണ് എളമക്കര പൊലീസിനു പ്രതികയെ കൈമാറിയത്.

ശശികുമാറിനെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കുന്ന കാര്യങ്ങളടക്കം വൈകാതെ അറിയിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിക്കൊപ്പം നടക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന സ്ത്രീക്ക് കുട്ടിയെ കാണാതായതുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി. കുട്ടി തനിയെ ഇരിക്കുന്നതു കണ്ട സ്ത്രീ, എന്താണ് ഒറ്റയ്ക്കിരിക്കുന്നതെന്നും എവിടേക്ക് പോകുന്നു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചതാണെന്ന് വ്യക്തമായതായും പൊലീസ് അറിയിച്ചു.

 

Back to top button
error: