KeralaNEWS

അന്‍വറിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് സുധാകരന്‍, പറഞ്ഞത് പാര്‍ട്ടിയുടെ തീരുമാനമാനമെന്ന് മറുപടി

മലപ്പുറം: പി വി അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാസം പൊട്ടിത്തെറിയിലേക്ക്. അന്‍വര്‍ മുന്നണിയില്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ലെന്ന് മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ വ്യക്തമാക്കിയതായാണ് സൂചന. അത് പാര്‍ട്ടി നേതാക്കന്‍മാര്‍ കൂട്ടായിരുന്ന് ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണ്. അത്തരത്തില്‍ കൂട്ടായിരുന്ന് തീരുമാനമെടുക്കും. പി വി അന്‍വര്‍ വരുന്നതിന് വിഡി സതീശന് എന്തെങ്കിലും എതിര്‍പ്പുണ്ടോയെന്ന് സതീശനോട് ചോദിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.

അന്‍വര്‍ വിഷയത്തില്‍ ഉയര്‍ന്ന നേതാക്കള്‍ കൂട്ടായിരുന്ന് ഒരു ചര്‍ച്ച ഇതേവരെ നടത്തിയിട്ടില്ല. അത് സത്യമാണ്. പുതിയ കെപിസിസി പ്രസിഡന്റ് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുമെന്നാണ് വിശ്വാസം. ഇക്കാര്യം സണ്ണി ജോസഫിനെ വിളിച്ച് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ താല്‍പ്പര്യങ്ങളും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ഒരു പാര്‍ട്ടിയ്ക്കകത്ത് പല നേതാക്കന്മാര്‍ക്കും പല തരത്തിലും ഉണ്ടാകാം. അത് അദ്ദേഹം പറയുന്നത് പാര്‍ട്ടിയുടേയോ മുന്നണിയുടേയോ അഭിപ്രായമല്ല. അത് വ്യക്തിപമായ അഭിപ്രായം മാത്രമാണ്. ആ അഭിപ്രായം മാത്രമാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിന്റെ ബലാബലം തീരുമാനിക്കുന്നത് എന്നു ചിന്തിക്കുന്നത് തെറ്റാണ്. കെ സുധാകരന്‍ പറഞ്ഞു.

Signature-ad

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ നിര്‍ണായക ശക്തിയാണ്. എന്തുതന്നെയായാലും അന്‍വറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് കിട്ടിയില്ലെങ്കില്‍ അത് യുഡിഎഫിന് തിരിച്ചടിയായിരിക്കും. അദ്ദേഹത്തിന്റെ കൈവശമുള്ള വോട്ട് യുഡിഎഫിന് കൊടുക്കാന്‍ തയ്യാറായാല്‍ യുഡിഎഫിന് അത് അസറ്റായിരിക്കും. അന്‍വറിനെ മുന്നണിയില്‍ കൊണ്ടുവന്ന്, യുഡിഎഫിന്റെ കൂടെ നിര്‍ത്തണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്നും കെ സുധാകരന്‍ പറഞ്ഞു.

അതേസമയം, അന്‍വര്‍ വിഷയത്തില്‍ താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമല്ലെന്നും, കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നേതാക്കളോട് സംസാരിച്ചശേഷമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്നലെ ഞാന്‍ പറഞ്ഞ രണ്ടു വാചകങ്ങള്‍ എന്റെ തീരുമാനമല്ല, മറിച്ച് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനമാണ്. അതിന്റെ അപ്പുറത്തേക്ക് ഒന്നും പറയാനില്ല. ഓരോരുത്തരും പറയുന്നതിന് മറുപടി പറയുന്നതില്‍ അനൗചിത്യമുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.

പി വി അന്‍വറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്തയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. അന്‍വര്‍ രാജിവെച്ചതുകൊണ്ടാണ് അവിടെ ഉപതെരഞ്ഞെടുപ്പ് ഉണ്ടായത് എന്ന അദ്ദേഹത്തിന്റെ സെന്റിമെന്റ്സിനെ മാനിക്കണമെന്നാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റേയും പൊതുവായ വികാരം. അന്‍വറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്താഗതിയൊന്നും ആര്‍ക്കുമില്ല. എന്താണ് കമ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടായതെന്ന് സംസാരിച്ചാലല്ലേ മനസ്സിലാകൂ. പ്രതിപക്ഷ നേതാവായാലും കെപിസിസി പ്രസിഡന്റായാലും കോണ്‍ഗ്രസിലെയോ യുഡിഎഫിലെയോ മറ്റു നേതാക്കള്‍ക്കായാലും അന്‍വറിനെ ഒറ്റപ്പെടുത്തണമെന്നോ മോശമാക്കണമെന്നോ വിചാരം ഉണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല ഇടതുമുന്നണിക്കെതിരെ ശക്തമായ ആക്രമണം അഴിച്ചു വിടുന്ന അന്‍വറിനെ സംരക്ഷിക്കേണ്ട ഘട്ടം വേണ്ടിവന്നാല്‍ അതു ചെയ്യണമെന്ന വികാരമുള്ളവരാണ് അവരെല്ലാം എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. കമ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സംസാരിച്ച് തീര്‍ക്കട്ടെയെന്നും കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

 

Back to top button
error: