
കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സുകാന്തിനെതിരേയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുകാന്ത് വേറെയും സ്ത്രീകളെ പീഡിപ്പിച്ചുവെന്നും ഇവരില്‍നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായ സുകാന്തിനെ ജൂണ്‍ പത്താംതീയതി വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ സുകാന്ത് കഴിഞ്ഞ ദിവസമാണ് കൊച്ചി ഡിസിപിക്ക് മുമ്പില്‍ ഹാജരായത്. തുടര്‍ന്ന് ഇന്ന് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച അമ്മാവന്‍ മോഹനനെ കേസില്‍ രണ്ടാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്.

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയ്ക്ക് പുറമെ മറ്റു രണ്ടു യുവതികളെ കൂടി ഇയാള്‍ ചൂഷണം ചെയ്തതായി തെളിയിക്കുന്ന വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. സഹപ്രവര്‍ത്തകയായിരുന്ന യുവതി, ഇയാള്‍ക്കൊപ്പം ജയ്പുരില്‍ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് ഉണ്ടായിരുന്ന മറ്റൊരു യുവതി എന്നിവരെ ശാരീരികമായും സാമ്പത്തികമായും സുകാന്ത് ചൂഷണം ചെയ്തതായാണ് റിപ്പോര്‍ട്ട്. വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ യുവതികളെ ചൂഷണം ചെയ്തിരുന്നത്.