
ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. മോത്തി റാം ജാട്ട് എന്നയാളാണ് ഡല്‍ഹിയില്‍ അറസ്റ്റിലായത്. മോത്തി റാം പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയിരുന്നെന്നും 2023 മുതല്‍ ദേശീയ സുരക്ഷയെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി പങ്കുവച്ചിരുന്നെന്നും ഭീകരവിരുദ്ധ ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
”മോത്തി റാം ജാട്ട് ചാരവൃത്തിയില്‍ സജീവമായിരുന്നു. 2023 മുതല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഓഫിസര്‍മാരുമായി പങ്കുവച്ചിരുന്നു. വിവിധ മാര്‍ഗങ്ങളിലൂടെ പാക്കിസ്ഥാനില്‍ നിന്ന് ഇയാള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്” പ്രസ്താവനയില്‍ പറയുന്നു.

മോത്തി റാം ജാട്ടിനെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ജൂണ്‍ 6 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.