
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കേരളത്തിന് അത്യാവശ്യമായ കപ്പല്‍ശാല നിര്‍മ്മാണം കടലാസിലൊതുങ്ങി. കേരളത്തിലടക്കം കപ്പല്‍ നിര്‍മ്മാണ ക്ലസ്റ്ററുകള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും തുടര്‍ നടപടികളില്ല.
രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ഏറ്റവുമധികം ചരക്കു നീക്കം നടക്കുന്ന തുറമുഖങ്ങളില്‍ മൂന്നു മാസമായി ഒന്നാമതാണ് വിഴിഞ്ഞം. റോഡ്-റെയില്‍ കണക്ടിവിറ്റിയാവുന്നതോടെ കപ്പലുകളുടെ വരവ് കൂടും. കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം തുറമുഖത്തിനും അനിവാര്യമാണ്. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിലും കപ്പല്‍ ക്ലസ്റ്ററുകള്‍ പ്രഖ്യാപിച്ചതോടെ, പൂവാറില്‍ കപ്പല്‍ശാലയ്ക്കായി കേരളം ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമെന്ന് സംസ്ഥാന ബഡ്ജറ്റിലും പ്രഖ്യാപനമുണ്ടായി. കപ്പല്‍ശാലയ്ക്ക് അനുയോജ്യമായ പ്രദേശം കണ്ടെത്തി അറിയിക്കാനും ഏകോപനത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും ആവശ്യപ്പെട്ട് കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു.

വിഴിഞ്ഞം തുറമുഖതതിന് 10കിലോമീറ്റര്‍ സമീപത്തുള്ള പൂവാറാണ് കപ്പല്‍ശാലയ്ക്ക് അനുയോജ്യമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. തീരത്തു നിന്ന് അര കിലോമീറ്റര്‍ ദൂരം വരെ 13മീറ്റര്‍ സ്വാഭാവിക ആഴമുണ്ട്. അതിനുമപ്പുറം 30മീറ്റര്‍ വരെ ആഴമുണ്ട്.
ഇടയ്ക്കിടെയുള്ള ഡ്രജ്ജിംഗ് വേണ്ടിവരില്ല. ഇരുപതിനായിരത്തിലേറെ കണ്ടെയ്നറുകള്‍ വഹിക്കാനാവുന്ന കൂറ്റന്‍ കപ്പലുകള്‍ പോലും നിര്‍മ്മിക്കാന്‍ അനുയോജ്യം. ഒന്നര കിലോമീറ്റര്‍ നീണ്ടതീരമുള്ള നൂറേക്കര്‍ സ്ഥലവും റോഡ്, റെയില്‍, വൈദ്യുതി, വെള്ളം എന്നിവയും സംസ്ഥാനം നല്‍കിയാല്‍ കപ്പല്‍ശാല നിര്‍മ്മിക്കാമെന്ന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് 2007ല്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. കേന്ദ്രത്തിന്റെ മാരിടൈം അമൃത്കാല്‍ പദ്ധതിയിലുള്‍പ്പെടുത്തി കപ്പല്‍ശാല നേടിയെടുക്കാനാണ് ഇനി ശ്രമിക്കേണ്ടത്.
തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ കപ്പല്‍ശാല നിര്‍മ്മിക്കാന്‍ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി രംഗത്തുണ്ട്. ഇന്ത്യന്‍കമ്പനിയായ എല്‍.ആന്‍ഡ്.ടിയുമായി ചേര്‍ന്നാണ് നീക്കം. കപ്പല്‍നിര്‍മ്മാണം, കപ്പല്‍ഭാഗങ്ങളുടെ യോജിപ്പിക്കല്‍, കപ്പലുകളുടെ രൂപമാറ്റം എന്നിവയ്ക്കായുള്ള വമ്പന്‍ശാലയാണ് പരിഗണനയില്‍.