
ഗസ്സ: ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഡോക്ടറുടെ വീട് തകര്‍ന്ന് ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടതായി ഖാന്‍ യൂനിസിലെ നാസര്‍ ഹോസ്പിറ്റല്‍ അറിയിച്ചു. ഡോ. അലാ അല്‍-നജ്ജാറിന്റെ 10 കുട്ടികളില്‍ ഒരാളും ഭര്‍ത്താവും പരിക്കുകളോടെ രക്ഷപെട്ടു.
സിവില്‍ ഡിഫന്‍സ് ടീമുകളുടെ കണക്കനുസരിച്ച് ബോംബാക്രമണത്തില്‍ കുടുംബത്തിന്റെ വീട് പൂര്‍ണ്ണമായും നശിച്ചു. എട്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ ക്രൂ കണ്ടെടുത്തു. രണ്ട് വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ മൃതദേഹങ്ങള്‍ ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴാണ് തന്റെ കുട്ടികളുടെ മൃതദേഹമാണതെന്ന് ഡോക്ടര്‍ അല്‍-നജ്ജാര്‍ തിരിച്ചറിയുന്നത്.

ബോംബാക്രമണത്തില്‍ യഹ്യ, റാകന്‍, റസ്ലാന്‍, ജുബ്രാന്‍, ഈവ്, റിഫാന്‍, സെയ്ദിന്‍, ലുഖ്മാന്‍, സിദ്ര എന്നീ കുട്ടികള്‍ മരിച്ചു. പത്താമത്തെ കുട്ടിയായ ആദം പരിക്കുകളോടെ രക്ഷപ്പെട്ടു. സിവിലിയന്മാര്‍ക്കെതിരായ യുദ്ധക്കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ആരോപണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച ഇസ്രായേല്‍ ആക്രമങ്ങളുടെ തുടര്‍ച്ചയാണിത്. കഴിഞ്ഞ ആഴ്ചകളില്‍ ഖാന്‍ യൂനിസ് ഗവര്‍ണറേറ്റിലും ഗസ്സയിലെ മറ്റ് പ്രദേശങ്ങളിലും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.
അമേരിക്കയുടെയും യൂറോപ്പിന്റെയും പിന്തുണയോടെ 2023 ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ ഗസ്സയില്‍ വംശഹത്യ യുദ്ധം നടത്തിവരികയാണ്. ഇതിന്റെ ഫലമായി 175,000-ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. കൂടാതെ 14,000-ത്തിലധികം പേരെ കാണാതായിട്ടുണ്ട്.