Breaking NewsKeralaLead NewsNEWSpolitics

ബിജെപിയുടെ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്; തൃശൂര്‍, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകള്‍ക്കായി പ്രത്യേകം പദ്ധതി; കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഓരോ വാര്‍ഡിലും അഞ്ചംഗ കോര്‍ ടീം; എന്‍എസ്എസ്, ക്രിസ്ത്യന്‍ സ്വാധീന മേഖലകളില്‍ ഊര്‍ജിത പ്രവര്‍ത്തനം

തിരുവനന്തപുരം: ഈ വര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ബിജെപി. പുതിയ നേതൃത്വത്തിനു കീഴില്‍ പ്രധാന തന്ത്രങ്ങളും സംഘടനാ പുനര്‍നിര്‍മാണവുമടക്കം നടപ്പാക്കും. തിരുവനന്തപുരം, തൃശൂര്‍, കൊല്ലം എന്നീ നഗര കോര്‍പറേഷനുകളില്‍ വിജയം ലക്ഷ്യമിടുന്ന പാര്‍ട്ടി, തന്ത്രപരമായി നിര്‍ണായകമായ ചില പോക്കറ്റുകളിലും വിജയ സാധ്യത മനസിലാക്കി തന്ത്രങ്ങള്‍ രൂപീകരിക്കും. എന്‍എസ്എസ്, ക്രിസ്ത്യന്‍ സ്വാധീനമുള്ള മേഖലകളില്‍ യുഡിഎഫ് കൈവശം വച്ചിരിക്കുന്ന സീറ്റുകള്‍ ലക്ഷ്യമിട്ടും പ്രവര്‍ത്തിക്കും.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍താഴെ തദ്ദേശ സ്ഥാപനങ്ങളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുയാണു ലക്ഷ്യം. ഇതിനായി ഓരോ പഞ്ചായത്തുകള്‍ക്കുംവേണ്ടി പദ്ധതി തയാറാക്കും. നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തുക എന്നതാണ് മുന്‍ഗണന. സംഘടനാപരമായി ശക്തമായ പ്രദേശങ്ങളില്‍ സീറ്റുകള്‍ നേടിക്കൊണ്ടോ നിര്‍ണായക പങ്ക് വഹിച്ചോ സാന്നിധ്യം അറിയിക്കാനും പാര്‍ട്ടി ആഗ്രഹിക്കുന്നു.

Signature-ad

ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എന്‍ഡിഎ) ഇപ്പോള്‍ രണ്ടു മുനിസിപ്പാലിറ്റികളാണു നിയന്ത്രിക്കുന്നത്- പാലക്കാട്, പന്തളം എന്നിവ. മുന്നണിക്ക് സംസ്ഥാനത്തുടനീളം 1,600 ഓളം വാര്‍ഡ് അംഗങ്ങളുണ്ട്. സാധാരണ രീതിക്ക് വിരുദ്ധമായി, പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി പാര്‍ട്ടി ഒരു പുതിയ സംഘടനാ സംവിധാനം കൊണ്ടുവന്നിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ സൂക്ഷ്മതല ആസൂത്രണത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പിനായി തയാറെടുക്കാന്‍ ഓരോ വാര്‍ഡിലും അഞ്ചംഗ കോര്‍ ടീമുകള്‍ പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്.

ഓരോ പഞ്ചായത്തിനുമുള്ള ലക്ഷ്യങ്ങള്‍ സംസ്ഥാന നേതൃത്വം നിശ്ചയിക്കും. കണ്‍വന്‍ഷനുകള്‍ നടത്തി, മേയ് മുതല്‍ നവംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളുടെ റോഡ് മാപ്പ് അവതരിപ്പിക്കും. പഞ്ചായത്തുകളുടെ ചുമതലയുള്ളവരെ പിന്നീടു തീരുമാനിക്കും. പ്രഫഷണലായും സമയബന്ധിതവുമായ രീതിയില്‍ ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. വാര്‍ഡുകള്‍ തരംതിരിച്ചതുപോലും തന്ത്രപരമായ രൂപരേഖയുടെ അടിസ്ഥാനത്തിലാണെന്നും മുതിര്‍ന്ന അംഗം പറഞ്ഞു.

കോണ്‍ഗ്രസ് ബെല്‍റ്റുകളിലേക്ക് കടന്നുചെല്ലുക എന്നതാണ് പ്രാഥമിക ലക്ഷ്യം. രണ്ടാം ഘട്ടത്തില്‍, സിപിഎമ്മിന് ശക്തമായ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ഈഴവ, ഒബിസി, പട്ടികജാതി, ഗോത്ര വിഭാഗങ്ങള്‍ തുടങ്ങിയ സമുദായങ്ങളുടെ ഗണ്യമായ സാന്നിധ്യമുള്ള വാര്‍ഡുകളില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: