55 ശതമാനം മുസ്ലിംകള്‍; 20 ശതമാനം ക്രിസ്ത്യാനികള്‍; നിലമ്പൂരില്‍ സാമുദായിക സമവാക്യം നിര്‍ണായകം; മുസ്ലിം സ്ഥാനാര്‍ഥിക്കായി സമസ്തയും കാന്തപുരവും ലീഗും; കനഗോലുവിനെ മറികടന്ന് ഷൗക്കത്തിനെ തഴഞ്ഞാല്‍ കോണ്‍ഗ്രസില്‍ അടിപൊട്ടും; എസ്ഡിപിഐയുടെ വോട്ടുകളും നിര്‍ണായകം; കണക്കുകള്‍ ഇങ്ങനെ

നിലമ്പൂര്‍: ഏറെ നിര്‍ണായകമായ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക സാമുദായിക സമവാക്യങ്ങള്‍. വഖഫ്, ലൗജിഹാദ് പോലുള്ള വിഷയങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അകല്‍ച്ച പ്രകടമായ സാഹചര്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. വഖഫ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കണ്ണുംപൂട്ടി അനുകൂലിച്ചു കത്തോലിക്കാ സഭ രംഗത്തുവന്നെങ്കിലും അതുകൊണ്ടൊന്നും മുനമ്പത്തു പ്രശ്‌നം തീരില്ലെന്നു തിരിച്ചറിഞ്ഞ സമയംകൂടിയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ണായകമാകും.
2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 1700 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് അന്‍വറിന്റെ വിജയം. എതിരാളിയായ അഡ്വ. വി.വി. പ്രകാശിന് 78527 വോട്ട് ലഭിച്ചു. ബിജെപിക്ക് 8595 വോട്ടുകളും ലഭിച്ചു. ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന അനില്‍ മാത്യുവിന് 509 വോട്ടുകള്‍ മാത്രമാണു ലഭിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ഥി കെ. ബാബു മണിക്ക് 3281 വോട്ടുകളും മറ്റൊരു സ്വതന്ത്രന് 559 വോട്ടും നോട്ടയ്ക്ക് 507 വോട്ടും ലഭിച്ചു. ഇക്കുറി എസ്ഡിപിഐ പിന്തുണ യുഡിഎഫിന് ആയതിനാല്‍ ഈ വോട്ട് നിര്‍ണായകമാകും. ക്രിസ്ത്യന്‍ പ്രീണനത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥിയാക്കിയാല്‍ വി.എസ്. ജോയിക്കു ലഭിക്കാന്‍ സാധ്യത കുറവാണ്.


പി.വി. അന്‍വറിന്റെ രാജിയും തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പും അനാവശ്യമാണെന്നും മത്സരിക്കേണ്ടതില്ലെന്നുമുള്ള നിലപാടിലേക്ക് ബിജെപി എത്തിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ ഇതില്‍ മാറ്റമുണ്ടാകും. മത്സരിച്ചില്ലെങ്കില്‍ വോട്ട് വിഭജനം രണ്ടു മുന്നണികളിലേക്കു കേന്ദ്രീകരിക്കും. ഇത് ആരെയാണു സ്വാധീനിക്കുകയെന്നതു വരും ദിവസങ്ങളിലെ രാഷ്ട്രീയ ചര്‍ച്ചകളെ ആശ്രയിച്ചിരിക്കുമെന്നതു വ്യക്തം. അടുത്തമാസം സമര്‍പ്പിക്കാനിരിക്കുന്ന മുനമ്പം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അടക്കമുള്ള തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.
യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പം അന്‍വറിനും നിലമ്പൂര്‍ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. യുഡിഎഫിന്റെ പരാജയം അന്‍വറിന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും അവസാനമാണ്. മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന വി.ഡി. സെല്‍വരാജ് സിപിഎമ്മിനോടു പരസ്യ യുദ്ധം പ്രഖ്യാപിച്ചതു മറക്കരുതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സെല്‍വരാജ് സിപിഎം വിട്ടതിനു പിന്നാലെ രാഷ്ട്രീയത്തില്‍ അപ്രസക്തനായി. അന്‍വറിനെ കാത്തിരിക്കുന്നതും സമാനമായ സ്ഥിതിയാണെന്നും സിപിഎമ്മിനോടു യുദ്ധം പ്രഖ്യാപിക്കുന്നവര്‍ക്കു പാര്‍ട്ടി തന്ത്രങ്ങളെ അതിജീവിക്കാനും ശേഷിയുണ്ടാകണം. അന്‍വറിനു സാമ്പത്തിക സ്രോതസ് ഉണ്ടെന്നതാണ് അണികളെ പിടിച്ചുനിര്‍ത്താനുള്ള ഘടകം.
55 ശതമാനം മുസ്ലിംകളും 20 ശതമാനം ക്രിസ്ത്യാനികളും ബാക്കി ഹിന്ദുക്കളും ഉള്‍പ്പെടുന്നതാണു നിലമ്പൂര്‍ മണ്ഡലം. മലബാറില്‍ ക്രൈസ്തവ സ്ഥാനാഥിയെ പരിഗണിക്കണമെന്നാണു സഭയുടെ ആവശ്യം. വി.എസ്. ജോയിക്ക് അനുകൂല ഘടകം ഇതാണ്. എന്നാല്‍, ലൗജിഹാദ്, വഖഫ് വിഷയങ്ങളില്‍ സഭ എടുത്ത നിലപാട് മുസ്ലിം വിഭാഗക്കാര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. സാമുദായികമായി വോട്ട് വിഭജിച്ചാല്‍ അതു ഗുണം ചെയ്യുക മുസ്ലിം സമുദായത്തിലെ സ്ഥാനാര്‍ഥിക്കാകും. യുഡിഎഫ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കനഗോലു രണ്ടുവട്ടം മണ്ഡലത്തില്‍ നടത്തിയ സര്‍വേയിലും ആര്യാടന്‍ ഷൗക്കത്തിനാണു വിജയ സാധ്യതയെന്നു വിലയിരുത്തിയിട്ടുണ്ട്.
മുസ്ലിം സ്ഥാനാര്‍ഥിയെ വേണമെന്ന് ലീഗ് അടക്കമുള്ള പാര്‍ട്ടികളും അനൗദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കുമെന്നു പറയുമെങ്കിലും പ്രചാരണത്തിന്റെ തന്ത്രങ്ങളില്‍ അണികളെ കുഴപ്പത്തിലാക്കാന്‍ ഇടതിനു കഴിയുമെന്നും വിലയിരുത്തലുണ്ട്. കാന്തപുരം, സമസ്ത എന്നിവയുടെ നിലപാടുകളും മുസ്ലിം സ്ഥാനാര്‍ഥി വേണമെന്നതാണ്. കെ.സി. വേണുഗോപാലിന്റെയും വി.ഡി. സതീശന്റെ പിന്തുണ വി.എസ്. ജോയിക്കുണ്ടെങ്കിലും വോട്ട് ഷെയര്‍ വലിയ തലവേദനയാകും. അത്രയും സാമുദായിക ധ്രുവീകരണം മുനമ്പം വിഷയത്തിലടക്കം സഭ വരുത്തിവച്ചിട്ടുണ്ട്. നിലവില്‍ ഇടതുപക്ഷം എടുത്ത നിലപാടാണ് കൃത്യമെന്ന രീതിയിലേക്ക് മുനമ്പം സമരസമിതി നേതാക്കളും അടുത്തിടെ പ്രസ്താവന നടത്തിയതും പരിഗണിക്കേണ്ടിവരും.
മുതിര്‍ന്ന നേതാക്കളെ അവഗണിച്ചും മലപ്പുറത്തെ സാമുദായിക പ്രാതിനിധ്യം അട്ടിമറിച്ചുമാണ് വി.എസ്. ജോയിയെ ഡിസിസി പ്രസിഡന്റാക്കിയത് എന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തിരഞ്ഞെടുത്തില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തെറിക്കുള്ള സാധ്യത നേതാക്കള്‍ കാണുന്നുണ്ട്. ഡിസിസി അധ്യക്ഷനെ തിരഞ്ഞെടുത്തപ്പോള്‍ ഉയര്‍ത്തിയ അതേ പ്രശ്‌നങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയം അനുകൂലമല്ലെങ്കില്‍ വീണ്ടും ഉയര്‍ത്താന്‍ തയാറെടുത്ത് നില്‍ക്കുകയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം. സ്ഥാനാര്‍ഥിത്വം നല്‍കാതെ വന്നാല്‍ പിന്നെ പാര്‍ട്ടിയില്‍ നിന്നിട്ട് കാര്യമില്ലെന്ന നിലപാടിലാണ് ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുന്നവരുടെ വികാരം.
ഷൗക്കത്തിനെ പിന്തുണയ്ക്കണം എന്നാവശ്യപ്പെട്ട് ലീഗ് നേതാക്കളെ ഷൗക്കത്തിനെ പിന്തുണയ്ക്കുന്നവര്‍ അന്‍വറിന്റെ രാജിക്കു പിന്നാലെ കണ്ടുകഴിഞ്ഞു. സ്ഥാനാര്‍ഥിയായി പരിഗണിച്ചില്ലെങ്കില്‍ ഷൗക്കത്ത് പാര്‍ട്ടി വിട്ട് എല്‍ഡിഎഫിനൊപ്പം ചേരുമെന്ന പ്രാചരണങ്ങളും നടക്കുന്നുണ്ടെങ്കിലും ഇത്തരം ചര്‍ച്ചകളെ ഷൗക്കത്ത് നിരാകരിക്കുന്നു. കോണ്‍ഗ്രസ് നിലപാട് തനിക്ക് അനുകൂലമാകും എന്നും ആര്യാടന്‍ ഷൗക്കത്ത് പറയുന്നു.
കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതിനെക്കാള്‍ വാശിയോടെ അന്‍വറിനെ നേരിടാനാണു മണ്ഡലത്തില്‍ സിപിഎം ശ്രമിക്കുക. ഇപ്പോഴും സ്ഥാനാര്‍ഥിയെ സംബന്ധിച്ചു ചുരുക്കപ്പട്ടികയിലെത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. നിലമ്പൂരില്‍ മുന്‍പ് ആര്യാടന്‍ മുഹമ്മദിനെ നേരിട്ട റിട്ട. അധ്യാപകന്‍ തോമസ് മാത്യു, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ഉള്‍പ്പെടെയുള്ള സ്വതന്ത്രരെ തേടുന്നുണ്ട്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി. ഷബീര്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.എം. ഷൗക്കത്ത്, നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലിം തുടങ്ങിയ പേരുകളുമുണ്ട്. എം. സ്വരാജിനെ സര്‍പ്രൈസ് സ്ഥാനാര്‍ഥിയാക്കി നിര്‍ത്തുമോയെന്നും കണ്ടറിയണം. കോണ്‍ഗ്രസിലെ അതൃപ്തരെയും നോട്ടമിടുന്നു. എന്‍ഡിഎ മുന്നണിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ചര്‍ച്ചകളിലുള്ളത് നവ്യ ഹരിദാസിന്റെ പേരാണ്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ സ്ഥാനാര്‍ഥിയായിരുന്നു നവ്യ.