CrimeNEWS

കോടതിയിലേക്കു കൊണ്ടുപോയ തടവുകാരന്‍ ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയെന്ന് വ്യവസായി; വന്നത് സ്വയം ബൈക്ക് ഓടിച്ച്, 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മുംബൈ: ആര്‍തര്‍ റോഡ് ജയിലിലുള്ള കുറ്റവാളി പൊലീസ് അകമ്പടിയോടെ പുറത്തിറങ്ങി ഭീഷണിപ്പെടുത്തിയെന്ന വ്യവസായി അമിത് മത്കറിന്റെ പരാതിയില്‍ രണ്ടു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. 40 കിലോ ലഹരിമരുന്ന് കൈവശം വച്ച കേസില്‍ അറസ്റ്റിലായ ഇമ്രാന്‍ ഖാന്‍, കഴിഞ്ഞ 16നു കോടതിയിലേക്കു പോകുംവഴി പൊലീസ് വാഹനത്തില്‍നിന്നിറങ്ങി മഹാലക്ഷ്മിക്കടുത്ത് സാത് രസ്തയിലുള്ള തന്റെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയെന്നാണു വ്യവസായി അഗ്രിപാഡ സ്റ്റേഷനില്‍ പരാതിപ്പെട്ടത്.

മാസ്‌ക് ധരിച്ച്, ബൈക്ക് ഓടിച്ചാണ് ഇമ്രാന്‍ ഖാന്‍ എത്തിയതെന്നും ഭീഷണിപ്പെടുത്തിയതിനുശേഷം പൊലീസ് ജീപ്പിലാണു പ്രതി പോയതെന്നും പരാതിയില്‍ പറയുന്നു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) കാംനഗര്‍ സേന വൈസ് പ്രസിഡന്റ് ആണ് അമിത് മത്കര്‍. പൊലീസ് ആദ്യം കേസെടുക്കാന്‍ വിസമ്മതിച്ചെന്നും പ്രതി ഓഫിസിലെത്തി ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കിയതോടെയാണു പരാതി സ്വീകരിച്ചതെന്നും വ്യവസായി പറഞ്ഞു. 2017ല്‍ തനിക്കെതിരെയുണ്ടായ വധശ്രമക്കേസില്‍ കുറ്റാരോപിതനായ ആളുമായി ഇമ്രാന്‍ ഖാന് ബന്ധമുണ്ടെന്നാണ് മത്കറിന്റെ വാദം.

Signature-ad

കോടതിയിലേക്കു കൊണ്ടുപോകവെ ഒരു സുഹൃത്തിനെ കണ്ടിട്ടുവരാമെന്നു പറഞ്ഞാണ് ഇമ്രാന്‍ പൊലീസുകാരെ ഒഴിവാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേയ് 16ന് ഇയാള്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. 2017ലെ കേസിന്റെ കാര്യങ്ങള്‍ പറഞ്ഞായിരുന്നു ഭീഷണി. അന്ന് തന്നെ ആക്രമിച്ചവരില്‍ ഒരാളായ പ്രായപൂര്‍ത്തിയാകാത്തയാള്‍ 2013ലെ ശക്തി മില്‍ കൂട്ടബലാത്സംഗ കേസിലെ പ്രതിയാണ്. ഈ കേസ് പിന്‍വലിക്കണമെന്നും പണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണി. അടുത്തിടെ നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രതികളെ മത്കര്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിനുശേഷമാണ് ഭീഷണി ഉണ്ടായതെന്ന് മത്കര്‍ പറയുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത്.

Back to top button
error: