
പട്‌ന: പാര്‍ട്ടിയില്‍നിന്നും കുടുംബത്തില്‍നിന്നും മകന്‍ തേജ് പ്രതാപിനെ പുറത്താക്കി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. താന്‍ ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് തേജ് പ്രതാപ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ലാലു പ്രസാദ് യാദവിന്റെ നടപടി. ആറു വര്‍ഷത്തേക്കാണ് തേജ് പ്രതാപിനെ ആര്‍ജെഡിയില്‍നിന്നു പുറത്താക്കിയത്. വ്യക്തിപരമായ ജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള കൂട്ടായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മകനെ പുറത്താക്കി കൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ ലാലുപ്രസാദ് യാദവ് പറഞ്ഞു.
”മൂത്ത മകന്റെ പ്രവര്‍ത്തനങ്ങള്‍, പൊതു പെരുമാറ്റം, നിരുത്തരവാദപരമായ പെരുമാറ്റം എന്നിവ ഞങ്ങളുടെ കുടുംബ മൂല്യങ്ങള്‍ക്കും സംസ്‌കാരത്തിനും അനുസൃതമല്ല. അതിനാല്‍, ഞാന്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കുന്നു. ഇനി മുതല്‍, അദ്ദേഹത്തിന് പാര്‍ട്ടിയിലും കുടുംബത്തിലും ഒരു തരത്തിലുള്ള പങ്കും ഉണ്ടായിരിക്കില്ല.

അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന്റെ നല്ലതും ചീത്തയും ഗുണദോഷങ്ങളും കാണാന്‍ അദ്ദേഹത്തിന് കഴിയും. അദ്ദേഹവുമായി ബന്ധം പുലര്‍ത്തുന്നവര്‍ സ്വയം വിവേചനാധികാരത്തോടെ കാര്യങ്ങള്‍ തീരുമാനിക്കണം. കുടുംബത്തിലെ അനുസരണയുള്ള അംഗങ്ങള്‍ പൊതുജീവിതത്തില്‍ ഈ ആശയം സ്വീകരിക്കുകയും പിന്തുടരുകയും ചെയ്തിട്ടുണ്ട്.” ലാലുപ്രസാദ് യാദവ് എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് അനുഷ്‌ക യാദവ് എന്ന യുവതിയുമായി താന്‍ പ്രണയത്തിലാണെന്ന് 37 വയസ്സുകാരനായ തേജ് പ്രതാപ് പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ 12 വര്‍ഷമായി തങ്ങള്‍ക്ക് പരസ്പരം അറിയാമെന്നും പ്രണയത്തിലാണെന്നുമാണ് തേജ് പ്രതാപ് പറഞ്ഞത്. ”വളരെക്കാലമായി ഇതു നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ്, നിങ്ങളുടെ എല്ലാവരുടെയും മുന്നില്‍ ഞാന്‍ ഇത് വെളിപ്പെടുത്തുന്നത്. നിങ്ങള്‍ക്ക് എന്നെ മനസ്സിലാക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.” തേജ് പ്രതാപ് പറഞ്ഞു.
പോസ്റ്റിനു പിന്നാലെ 2018 ല്‍ കൊട്ടിഘോഷിച്ച് നടത്തിയ തേജ് പ്രതാപിന്റെ വിവാഹത്തെപ്പറ്റി ആയിരുന്നു സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകള്‍ ഐശ്വര്യയെയാണ് തേജ് പ്രതാപ് വിവാഹം കഴിച്ചത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍, തന്നെ വീട്ടില്‍നിന്നു പുറത്താക്കിയെന്ന് ആരോപിച്ച് ഐശ്വര്യ വീട് വിട്ടിറങ്ങി. മകളുടെ പോരാട്ടത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രതിജ്ഞയെടുത്ത്, ഐശ്വര്യയുടെ പിതാവ് മുന്‍ മന്ത്രി കൂടിയായ ചന്ദ്രിക റോയ് ആര്‍ജെഡി വിട്ടു.
ദമ്പതികളുടെ വിവാഹമോചന ഹര്‍ജി കുടുംബ കോടതിയുടെ പരിഗണനയിലാണ്. അന്നുമുതല്‍ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ജീവനാംശം എന്ന നിലയില്‍ വലിയൊരു തുക ഭാര്യ ആവശ്യപ്പെട്ടതായി തേജ് പ്രതാപ് ആരോപിക്കുമ്പോള്‍, തേജ് ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണ് ഐശ്വര്യയുടെ ആരോപണം. ആര്‍ജെഡിയില്‍ ലാലുവിനു ശേഷം ആര് എന്ന പിന്തുടര്‍ച്ച തര്‍ക്കവും രൂക്ഷമാണ്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് തേജ് പ്രതാപിനെ പുറത്താക്കി തേജസ്വി യാദവിന് സുഗമമായ അധികാര കൈമാറ്റം ഒരുക്കിയിരിക്കുകയാണ് ലാലുപ്രസാദ് യാദവ് എന്നും വിലയിരുത്തലുണ്ട്.