എട്ടു മണിക്കൂര്‍ മാത്രം ജോലി; 20 കോടി പ്രതിഫലം; ലാഭത്തിന്റെ വിഹിതവും വേണം; സന്ദീപ് റെഡ്ഡിയുടെ സിനിമയില്‍നിന്ന് ദീപിക പദുകോണ്‍ ഔട്ട്; പ്രഭാസിന്റെ നായികയായി മടങ്ങിവരാന്‍ ഒരുങ്ങുമ്പോള്‍ അപ്രതീക്ഷിത ഡിമാന്‍ഡ്

സന്ദീപ് റെഡ്ഡി വംഗയുടെ വരാനിരിക്കുന്ന ചിത്രമായ സ്പിരിറ്റില്‍ നിന്ന് ദീപിക പദുക്കോണിനെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്. പ്രസവശേഷം പ്രഭാസിന്‍റെ നായികയായാണ് ദീപിക തിരിച്ചുവരവിന് ഒരുങ്ങിയിരുന്നത്. ദീപികയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞതിന് പിന്നാലെയാണ് സിനിമയില്‍ നിന്നും ദീപികയെ പുറത്താക്കിയെന്ന റിപ്പോര്‍ട്ട് എത്തുന്നത്.
ജോലി സമയം 8 മണിക്കൂറായി മാറ്റണമെന്നും 20 കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടെന്നുമാണ് ദീപികയ്ക്കെതിരായ ആരോപണം. ഇത്തരം നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് താരത്തെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയത്. തെലുങ്കില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് ഡബ്ബ് ചെയ്യാന്‍ താരം വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ദീപിക ഗര്‍ഭിണി ആയതിനാലാണ് ‘സ്പിരിറ്റി’ന്റെ ചിത്രീകരണം നീണ്ടുപോയത്. 2024 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ദീപിക വേഷം വേണ്ടെന്നുവെച്ചിരുന്നു. പിന്നീട് ദീപികയ്ക്കുകൂടി സൗകര്യപ്രദമാകുംവിധം ചിത്രീകരണം നീട്ടിവെച്ചു. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ ദീപികയ്ക്ക് പകരം മറ്റൊരു നായിക എത്തുന്നത്.
എന്നാല്‍ പ്രമുഖരായ പുരുഷ താരങ്ങള്‍ ഇത്തരം നിബന്ധനകള്‍ മുന്നോട്ട് വെക്കുമ്പോള്‍ ഇത്തരം കോലാഹലങ്ങള്‍ ഉണ്ടാകാറില്ലെന്നാണ് പലരും പ്രതികരിക്കുന്നത്. അക്ഷയ് കുമാര്‍ വൈകുന്നേരത്തോടെ തന്‍റെ ജോലി അവസാനിപ്പിച്ച് പോകുമായിരുന്നെന്നും വാരാന്ത്യത്തില്‍ അവധി എടുക്കുമായിരുന്നെന്നും പലരും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അമ്മയായ ദീപികയുടെ ഉറക്കത്തിനും ആരോഗ്യപരിപാലനത്തിനും ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണെന്നും അതിന്‍റെ പേരില്‍ ഇത്രയും വിവാദങ്ങള്‍ക്ക് തിരികൊളുത്തരുതെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.