
ന്യൂഡല്‍ഹി: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് സര്‍ക്കാര്‍ 10ലക്ഷം രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റ് പപ്പു ലൊഹരയാണ് കൊല്ലപ്പെട്ടത്. സംഘത്തിലുള്ള പ്രഭാത് ഗഞ്ചുവും കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ സിപിഐമാവോയിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി നംബാല കേശവ റാവു എന്ന ബസവരാജുവിനെ (70) ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ദിവസം മുന്‍പ് സുരക്ഷാസേന വധിച്ചിരുന്നു.
മൂന്നു പതിറ്റാണ്ടായുള്ള മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളില്‍ ജനറല്‍ സെക്രട്ടറി പദവിയിലുള്ള ഒരാളെ വധിക്കുന്നത് ആദ്യമായാട്ടായിരുന്നു. 2011ല്‍ ബംഗാളിലെ മിഡ്‌നാപുരിലെ ഏറ്റുമുട്ടലില്‍ സിപിഐമാവോയിസ്റ്റ് പൊളിറ്റ്ബ്യൂറോ അംഗം മല്ലോജുല കോടേശ്വര്‍ റാവു എന്ന കിഷന്‍ജിയെ സുരക്ഷാസേന വധിച്ചിരുന്നു. ഛത്തീസ്ഗഡില്‍ ഇക്കൊല്ലം ഇതുവരെ 200 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചതായി പൊലീസ് പറഞ്ഞു. ഇതില്‍ 183 പേരും ബസ്തര്‍ മേഖലയിലാണ്. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഒരു കോടി രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റാണ് ആന്ധ്രപ്രദേശ് ശ്രീകാകുളം സ്വദേശിയായ ബസവരാജു.