CrimeNEWS

പറഞ്ഞത് കാലിത്തീറ്റയെന്ന്; ലോറിയില്‍നിന്ന് മൂന്നര ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

സുല്‍ത്താന്‍ബത്തേരി: സംസ്ഥാനാതിര്‍ത്തിയായ മുത്തങ്ങയില്‍ ചെക്പോസ്റ്റിലൂടെ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 3495 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്സൈസ് പിടികൂടി. മുന്‍പ് ഒരുകിലോയിലേറെ കഞ്ചാവുമായി പിടിയിലായിട്ടുള്ള മാനന്തവാടി വാളാട് നൊട്ടന്‍ സഫീറി(36)നെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു.

വ്യാഴാഴ്ച രാത്രി പതിവുപരിശോധനയ്ക്കിടെയാണ് കര്‍ണാടകയില്‍നിന്ന് ലോറിയെത്തിയത്. കാലിത്തീറ്റയാണെന്നു പറഞ്ഞതില്‍ സംശയംതോന്നിയ എക്സൈസ് പുറമേയുള്ള ചാക്കുകള്‍ മാറ്റി പരിശോധിച്ചപ്പോഴാണ് നിരോധിത ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.

Signature-ad

15 കിലോഗ്രാം വരുന്ന 133 പ്ലാസ്റ്റിക് ചാക്കുകളും 30 കിലോഗ്രാം വരുന്ന 50 ചണ ചാക്കുകളുമാണ് മിനിലോറിയിലുണ്ടായിരുന്നത്. ലോഡിന് പുറംഭാഗങ്ങളില്‍ 40 ചാക്ക് ബിയര്‍ വേസ്റ്റ് അടുക്കിയതിനുള്ളിലാണ് പുകയില ഉത്പന്നങ്ങളുടെ ചാക്കുകളുണ്ടായിരുന്നത്. പുറത്തുനിന്ന് പെട്ടെന്ന് കണ്ടുപിടിക്കാന്‍ പറ്റാത്ത നിലയിലായിരുന്നു ഇവ. സഫീറാണ് ലോറി ഓടിച്ചുവന്നത്.

പിടിച്ചെടുത്ത വാഹനവും പുകയില ഉത്പന്നങ്ങളും പ്രതിയെയും ബത്തേരി പൊലീസിന് കൈമാറി. തുടര്‍ന്ന് കേസെടുത്ത പൊലീസ് ലോറി കസ്റ്റഡിയിലെടുക്കുകയും പ്രതിയെ ജാമ്യത്തില്‍ വിടുകയും ചെയ്തു. ലോഡും ലോറിയും കോടതിയില്‍ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: