‘പണം നല്‍കിയാല്‍ ബുദ്ധിമുട്ടുണ്ടാകില്ല, ഇല്ലെങ്കില്‍ പൂട്ടും’; ഇഡി ഉദ്യോഗസ്ഥര്‍ക്കായി മൂന്നുകോടി വരെ വാങ്ങിയെന്ന് വിജിലന്‍സിന് വിവരം; ഫോണ്‍ സംഭാഷണങ്ങള്‍ കേന്ദ്രമാക്കി അന്വേഷണം; പണം നല്‍കേണ്ടത് തട്ടിക്കൂട്ട് കമ്പനിയുടെ അക്കൗണ്ടില്‍

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈക്കൂലി വാങ്ങി ഒതുക്കിയ കേസുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് വിജിലന്‍സ്. ഇഡി ഉദ്യോഗസ്ഥര്‍ക്കാണെന്ന് പറഞ്ഞ് മൂന്നുകോടി രൂപവരെ പ്രതികള്‍ വാങ്ങിയെന്ന വിവരം വിജിലന്‍സിന് ലഭിച്ചു. ഫോണിലൂടെ അടക്കം ലഭിച്ച പരാതികളില്‍നിന്നാണ് ഇക്കാര്യം അന്വേഷകസംഘത്തിന് കണ്ടെത്താനായത്. ഇരകളെ ബന്ധപ്പെട്ട് പരാതി വാങ്ങാനുള്ള ശ്രമത്തിലാണ് വിജിലന്‍സ്. രണ്ടാംപ്രതി വില്‍സണ്‍ വര്‍ഗീസ്, താന്‍ ഇടപെട്ട് ഒരു കേസ് ഒതുക്കിയ കാര്യം പരാതിക്കാരനായ അനീഷ് ബാബുവിനോട് ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഈ ഫോണ്‍ സംഭാഷണം സഹിതമാണ് അനീഷ് ബാബു വിജിലന്‍സിന് പരാതി നല്‍കിയത്. ഈ നിര്‍ണായക തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഒതുക്കിയ കേസുകളിലേക്ക് അന്വേഷണം ആരംഭിച്ചത്. ഇതില്‍നിന്ന് ലഭിക്കുന്ന തെളിവുകള്‍വച്ച് ഒന്നാംപ്രതി ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ ചോദ്യംചെയ്യാനാണ് വിജിലന്‍സ് നീക്കം. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെങ്കിലും 30 ലക്ഷത്തിന് ഒതുക്കാമെന്ന് വില്‍സണ്‍ ഉറപ്പുനല്‍കുന്നതാണ് സംഭാഷണത്തിലുള്ളത്.

പണം നല്‍കിയാല്‍ പിന്നെ ഇഡിയില്‍നിന്ന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. അല്ലാത്തപക്ഷം ഇഡി പൂട്ടും. പല കേസുകളിലും താന്‍ ഇഡിക്കുവേണ്ടി ഇടനിലക്കാരനായിട്ടുണ്ടെന്നും ആദായനികുതിവകുപ്പുമായി നല്ല ബന്ധമാണുള്ളതെന്നും വില്‍സണ്‍ പറയുന്നുണ്ട്. ഇഡി സമന്‍സ് അയച്ചതിനുപിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം. രണ്ടുമുതല്‍ നാലുവരെ പ്രതികളായ വില്‍സണ്‍ വര്‍ഗീസ്, മുരളി മുകേഷ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യര്‍ എന്നിവര്‍ വെള്ളിയാഴ്ച വിജിലന്‍സിനുമുന്നില്‍ ഹാജരായി. ഇവര്‍ക്ക് വ്യാഴാഴ്ചയാണ് വിജിലന്‍സ് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പണം നിക്ഷേപിക്കാന്‍ പരാതിക്കാരന് ഏജന്റുമാര്‍ നല്‍കിയ അക്കൗണ്ട് നമ്പര്‍ താനെയിലുള്ള തട്ടിക്കൂട്ട് കമ്പനിയുടേതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഒറ്റമുറിക്കെട്ടിടത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. തട്ടിപ്പിനുവേണ്ടിമാത്രം രൂപീകരിച്ച കമ്പനിയാണെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.
ജാമ്യം ലഭിച്ചത് തിരിച്ചടിയല്ല
കൊച്ചി കേസ് ഇല്ലാതാക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് കേസന്വേഷണത്തിന് തിരിച്ചടിയല്ലെന്ന് വിജിലന്‍സ് എസ്പി- എസ് ശശിധരന്‍ പറഞ്ഞു. ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കോഴക്കേസില്‍ പരാതിക്കാരന്‍ അനീഷ് ബാബുവിനെ അവിശ്വസിക്കുന്നില്ല. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് കേസ് എടുത്തത്. ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കുന്നതനുസരിച്ച് ഇഡി ഉദ്യോഗസ്ഥനെ ചോദ്യംചെയ്യലിന് വിളിപ്പിക്കും. കസ്റ്റഡിസമയത്ത് പ്രതികള്‍ പൂര്‍ണമായും സഹകരിച്ചുവെന്ന് പറയാന്‍ പറ്റില്ല. ജാമ്യത്തിലുള്ള പ്രതികളോട് ഞായറൊഴികെയുള്ള ദിവസങ്ങളിലായി ഒരാഴ്ച വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു. ജാമ്യവ്യവസ്ഥപ്രകാരം വെള്ളിയാഴ്ച പ്രതികള്‍ വിജിലന്‍സിനുമുന്നില്‍ ഹാജരായി. പ്രതികളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടണമെന്ന അന്വേഷകസംഘത്തിന്റെ ആവശ്യം ജാമ്യം അനുവദിച്ചപ്പോള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അംഗീകരിച്ചിരുന്നു.