ദേശീയപതാ നിര്‍മാണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ദേശീയപാത അതോറിട്ടിക്ക്; പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ തലയില്‍ ഇടാന്‍ ശ്രമമെന്ന് പിണറായി വിജയന്‍; റീല്‍സ് ഇടുന്നത് നിര്‍ത്തില്ലെന്ന് മന്ത്രി റിയാസും

തിരുവനന്തപുരം: ദേശീയപാതയുടെ നിര്‍മാണത്തിന്‍റെ പൂര്‍ണനിയന്ത്രണം കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയില്‍ വന്ന ചില പ്രശ്നങ്ങള്‍ എല്‍ഡിഎഫിന്‍റെ തലയില്‍ ഇടാന്‍ ശ്രമിക്കുന്നുണ്ട്. എല്‍ഡിഎഫിന് ഒരു പ്രശ്നവുമില്ലെന്നും വീഴ്ചകള്‍ പരിഹരിച്ച് പോകണമെന്നും മുഖ്യമന്ത്രി. പിഴവുകളുടെ പേരില്‍ തടസം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലത്ത് എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം, ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ വീണ്ടും പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. രാഷ്ട്രീയ ലാഭം നേടാനായി യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നുവെന്നും യു.ഡി.എഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം മുടങ്ങിയ പദ്ധതിയാണെന്നും ഫെയ്സ്ബുക്കിലൂടെ മന്ത്രി പ്രതികരിച്ചു. 5,560 കോടി സംസ്ഥാനം ചെലവിട്ടു, കേരളത്തിന്റെ റോള്‍ ജനം മനസിലാക്കിയിട്ടുണ്ട്. കീഴാറ്റൂരിലെ മഴവില്‍ മുന്നണി സമരത്തെയും അതിജീവിച്ചു, മന്ത്രി പറഞ്ഞു. റീല്‍സ് ഇടുന്നത് അവസാനിപ്പിക്കില്ല അത് തുടരുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് റീല്‍സ് ഇടുന്നത്. ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ റോള്‍ പറഞ്ഞുകൊണ്ടേ ഇരിക്കും അദ്ദേഹം പറയുന്നു.

നിര്‍മാണം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്ന് എംവി ഗോവിന്ദനും പ്രതികരിച്ചു. സര്‍ക്കാരും മുഖ്യമന്ത്രിയും നല്ല രീതിയില്‍ മേല്‍നോട്ടം നടത്തിയെന്നും പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും, ക്രഡിറ്റും മെറിറ്റും എല്ലാവര്‍ക്കും ബാധകമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നതില്‍ കടുത്ത നടപടിയെടുത്തിരിക്കുകയാണ് കേന്ദ്രസർക്കാർ. നിർമ്മാണ കമ്പനിയെയും കൺസൾട്ടൻ്റ് കമ്പനിയെയും വിലക്കി. കരാറുകാരായ കെഎന്‍ആര്‍ കൺസ്ട്രക്ഷൻസിനെയും ഡിപിആര്‍ കൺസൾട്ടൻറ് കമ്പനിയായ ഹൈവേ എൻജിനീയറിങിനെയുമാണ് വിലക്കിയത്. തുടർകരാറുകളിൽ ഇരു കമ്പനികള്‍ക്കും പങ്കെടുക്കാനാവില്ല.