
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ ശ്രമം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ചാരനടക്കം രണ്ടുപേര്‍ അറസ്റ്റിലായി. നേപ്പാള്‍ സ്വദേശി അന്‍സുറുള്‍ മിയ അന്‍സാരി, റാഞ്ചി സ്വദേശി അഖ്ലഖ് അസം എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മൂന്ന് മാസമായി നടക്കുന്ന അന്വേഷണങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അറസ്റ്റിലായവര്‍ക്കെതിരായ കുറ്റപത്രം ഡല്‍ഹിയിലെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഇന്ത്യയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ചില രേഖകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിന് നേപ്പാള്‍ സ്വദേശി ഇന്ത്യയിലത്തിയിട്ടുള്ളതായാണ് ലഭിച്ച രഹസ്യവിവരം. ഇതനുസരിച്ച് നടത്തി അന്വേഷണത്തിനൊടുവിലാണ് രണ്ടുപേര്‍ അറസ്റ്റിലായത്.
ഡല്‍ഹിയിലെ സൈനിക ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങളുമായി പാകിസ്താനിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അന്‍സാരിയെന്ന നേപ്പാള്‍ സ്വദേശി അറസ്റ്റിലായത്. അന്‍സാരിക്ക് ഡല്‍ഹിയില്‍ സഹായങ്ങള്‍ ചെയ്തുനല്‍കിയത് റാഞ്ചി സ്വദേശിയാണെന്നും കണ്ടെത്തി. തുടര്‍ന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
ഖത്തറില്‍ ടാക്സി ഡ്രൈവറായി ജോലിചെയ്യുന്നതിനിടെയാണ് ഐഎസ്ഐ അന്‍സാരിയെ റിക്രൂട്ട് ചെയ്തത്. 2024 ലില്‍ പാകിസ്താനിലെ റാവല്‍പണ്ടിയില്‍ എത്തിച്ച് ഇയാള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തില്‍, ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഓഫീസുമായി ബന്ധപ്പെട്ടും ചില വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഹൈക്കമീഷന്‍ ഉദ്യോഗസ്ഥരായ മുസമ്മില്‍, ഡാനിഷ് എന്നിവര്‍ക്കും ഭീകരാക്രമണ പദ്ധതിയുമായി ബന്ധമുണ്ടെന്നാണ് വിവരം. പിടിയിലായ ഐഎസ്ഐ ഏജന്റുമാര്‍ക്ക് ചില ഇന്ത്യന്‍ യുട്യൂബര്‍മാരുമായും ബന്ധമുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഡാനിഷിന് പിടിയിലായ ഇന്ത്യന്‍ യുട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായി ബന്ധമുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.