CrimeNEWS

ഏഴ് മാസത്തിനിടെ വിവാഹം കഴിച്ചത് 25 പുരുഷന്മാരെ; അനുരാധയുടെ ലക്ഷ്യം ഒന്നുമാത്രം

ജയ്പൂര്‍: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഏഴ് മാസത്തിനിടെ 25ഓളം പുരുഷന്മാരെ വിവാഹം കഴിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലില്‍ നിന്ന് രാജസ്ഥാന്‍ പൊലീസാണ് അനുരാധ എന്ന യുവതിയെ പിടികൂടിയത്. വിവാഹതട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. വിവാഹത്തിന് ശേഷം പണവും സ്വര്‍ണവും മോഷ്ടിച്ച് കടന്നുകളയുന്നതാണ് യുവതിയുടെ രീതി. എല്ലാവരെയും വിവാഹം കഴിക്കുന്നതിലൂടെ മോഷണം മാത്രമായിരുന്നു അനുരാധയുടെ ലക്ഷ്യം.

വലിയ വിവാഹതട്ടിപ്പ് റാക്കറ്റിന്റെ ഭാഗമാണ് യുവതിയെന്ന് പൊലീസ് പറയുന്നു. വിവാഹം നടക്കാത്ത നിരാശരായ യുവാക്കളെയാണ് യുവതി ലക്ഷ്യം വച്ചിരുന്നത്. ഇവരുമായുള്ള വിവാഹം കഴിഞ്ഞയുടനെ അവരുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയാണ് യുവതി ചെയ്തത്. തന്റെ പ്രവര്‍ത്തനരീതിയില്‍ അനുരാധ മികവ് പുലര്‍ത്തിയിരുന്നുവെന്ന് മാന്‍പൂര്‍ പൊലീസ് പറഞ്ഞു. പലരുമായും നിയമപരമായാണ് വിവാഹം കഴിച്ചത്. ശേഷം വരന്റെ വീട്ടില്‍ കുറച്ച് ദിവസം താമസിച്ചതിന് ശേഷം രാത്രിയുടെ മറവില്‍ സ്വര്‍ണവും പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളയുമെന്ന് പൊലീസ് ഉദ്യോഗസ്ഥ വ്യക്തമാക്കി.

Signature-ad

രാജസ്ഥാനിലെ സവായി മധോപൂര്‍ സ്വദേശി വിഷ്ണു ശര്‍മ്മ എന്ന യുവാവ് അനുരാധയ്ക്കെതിരെ പരാതി നല്‍കിയതോടെയാണ് ഈ വിവരം പുറത്തറിയുന്നത്. സുനിത, പപ്പു മീന എന്നീ രണ്ട് ഏജന്റുമാര്‍ക്ക് താന്‍ രണ്ട് ലക്ഷം രൂപ നല്‍കിയതായും, അവര്‍ തനിക്ക് അനുയോജ്യമായ ഒരു പങ്കാളിയെ ഏര്‍പ്പാട് ചെയ്യാമെന്ന് വാഗ്ദാനം ചെയ്തതായും ശര്‍മ്മ പറഞ്ഞു. ഈ രണ്ട് ഏജന്റുമാരാണ് അനുരാധയെ വധുവായി എത്തിച്ചത്. ഏപ്രില്‍ 20ന് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നു. രണ്ട് ദിവസത്തിന് ശേഷം യുവതി വിഷ്ണുവിന്റെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളഞ്ഞു.

ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലെ ഒരു ആശുപത്രിയിലാണ് അനുരാധ ജോലി ചെയ്തിരുന്നത്. കുടുംബ തര്‍ക്കത്തെത്തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് ഭോപ്പാലിലേക്ക് താമസം മാറി. അവിടെ നിന്നാണ് വിവാഹതട്ടിപ്പ് സംഘത്തിന്റെ കൂട്ടത്തില്‍ അനുരാധ എത്തുന്നത്. ഈ ഏജന്റുമാര്‍ രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ബ്രോക്കര്‍ ഫീസ് വാങ്ങിച്ചാണ് അനുരാധയെ പോലുള്ള യുവതികളുമായി വിവാഹം നടത്തിക്കൊടുക്കുന്നത്. ഈ വിവാഹത്തിന് ശേഷം വധു ഒരാഴ്ചകൊണ്ട് മോഷണം നടത്തി സ്ഥലം കാലിയാക്കും.

 

Back to top button
error: