Breaking NewsKeralaNEWS

രാഹുല്‍ഗാന്ധിക്കെതിരെ ആർ.എസ്.പി സംസ്ഥാന കമ്മറ്റിയംഗം സി കൃഷ്ണചന്ദ്രന്‍; പരസ്യ സംവാദവും വെളിപ്പെടുത്തലും വിഴുപ്പലക്കലും ഒരു ഭാരതീയനും ഇപ്പോൾ ആഗ്രഹിക്കുന്നില്ല..; രാഹുലിന്റെ പ്രസ്താവന അനുചിതവും അനവസരത്തിലുമുള്ളത്…

കൊച്ചി: ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ രാഹുൽഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ ആർഎസ്പി സംസ്ഥാന കമ്മറ്റിയംഗം സി കൃഷ്ണചന്ദ്രൻ രംഗത്ത്. എത്ര യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് നഷ്ടപ്പെട്ടെന്ന രാഹുൽഗാന്ധിയുടെ ചോദ്യം അനവസരത്തിലുള്ളതും അനുചിതവുമാണെന്ന് കൃഷ്ണചന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഗൂഢമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരാമർശങ്ങൾ ഒരു രാഷ്ട്രീയ പാർട്ടികൾക്കും ഗുണം ചെയ്യില്ല. ഇന്ത്യയുടെ വിജയത്തിന് ഒപ്പം നിൽക്കേണ്ട അവസരത്തിലാണ് രാഹുൽഗാന്ധി ഇത്തരം പ്രസ്താവന നടത്തിയതെന്നും സി കൃഷ്ണചന്ദ്രൻ കുറ്റപ്പെടുത്തി. നമ്മുടെ രാജ്യത്തിന്റെ മികവ് അന്താരാഷ്ട്ര സമൂഹത്തിൽ തിളങ്ങി നിൽക്കുമ്പോഴുള്ള ഇത്തരത്തിലുള്ള സംശയങ്ങളും പരസ്യ സംവാദവും വെളിപ്പെടുത്തലും വിഴുപ്പലക്കലും ഒരു ഭാരതീയനും ഇപ്പോൾ ആഗ്രഹിക്കുന്നില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളണം. ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരാമർശങ്ങൾ ഒരു രാഷ്ട്രീയ കക്ഷികൾക്കും ഗുണം ചെയ്യില്ല. ആര്‍എസ്പി യുഡിഎഫിന്റെ ഘടകകക്ഷിയായിരിക്കുമ്പോഴാണ് സംസ്ഥാന കമ്മറ്റിയംഗം രാഹുല്‍ഗാന്ധിക്കെതിരെ പരസ്യമായി രംഗത്ത് വരുന്നത്.

കൃഷ്ണചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ഓപ്പറേഷൻ സിന്ദൂർ’
———–
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടി. ഏതൊരു ഭാരതീയനും രാഷ്ട്രീയത്തിനതീതമായി ആത്മാർത്ഥമായി ആഗ്രഹിച്ച തിരിച്ചടി; നമ്മുടെ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ മിലിട്ടറി ഓപ്പറേഷൻ. ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വ്യക്തമായ ആസൂത്രണം, സമാനതകളില്ലാത്ത സൈനിക പ്രഹര ശേഷി, ലക്ഷ്യസ്ഥാനങ്ങളെ ഛിന്നഭിന്നമാക്കിയ അതിസൂക്ഷ്മത, സ്വന്തം പ്രദേശങ്ങളെ സംരക്ഷിച്ച അതീവ ജാഗ്രത, ശേഷം ലോകത്തെ അറിയിച്ച സുതാര്യത, അന്താരാഷ്ട്ര മാധ്യമങ്ങൾ ഇന്ത്യയുടെ വാദങ്ങളെ സാക്ഷ്യപ്പെടുത്തി പുറത്ത് വിട്ട തെളിവുകൾ എന്നിവ നമുക്ക് അഭിമാന മുഹൂർത്തങ്ങൾ തന്നെയാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ദൂർ കൃഷി ചെയ്യുന്ന കാശ്മീരിൽ നടന്ന തീവ്രവാദ കൂട്ടക്കൊലയിൽ നമ്മുടെ രാജ്യം തിരിച്ചടിക്കുമ്പോൾ നൽകിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരും, രാജ്യത്തെ അഭിസംബോധന ചെയ്യാൻ കാശ്മീർ സ്വദേശിയായ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയോടൊപ്പം കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവരെ നിയോഗിച്ചതും, കര-നാവിക-വ്യോമ സേന ഉദ്യോഗസ്ഥർ ഉപഗ്രഹ ചിത്രങ്ങളുമായി ഓരോ ആക്രമണങ്ങളെയും ഇഴ കീറി മാധ്യമങ്ങൾക്ക് മുന്നിൽ സമഗ്രമായി വിശദീകരിച്ചതും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.

Signature-ad

നിർണ്ണായക ഘട്ടത്തിൽ കേന്ദ്ര സർക്കാരിന് നിരുപാധിക പിന്തുണ നൽകിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഓപ്പറേഷൻ സിന്ദൂറിനെ നിശിതമായി നിരന്തരമായി വിമർശിച്ചിരുന്ന, പരിധി വിട്ട് പരിഹസിച്ചിരുന്ന പ്രവീൺ സാഹ്നി എന്നയാളുടെ പോസ്റ്റിനെ ആധാരമാക്കി നടത്തിയ കഴിഞ്ഞ ദിവസത്തെ X പോസ്റ്റിലെ ചോദ്യം; അനവസരത്തിലാണ്, അനുചിതമാണ്.

‘യുദ്ധമാകുമ്പോൾ നാശ നഷ്ടങ്ങൾ സ്വാഭാവികമാണ്, നമ്മുടെ എല്ലാ പൈലറ്റുമാരും സുരക്ഷിതരാണ്’ എന്ന ഔദ്യോഗിക വിശദീകരണത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്. യുദ്ധത്തിൽ നഷ്ടങ്ങൾ പരസ്യമായി വെളിപ്പെടുത്താതെ, രാജ്യത്തെ ജനങ്ങളിൽ അരക്ഷിതാവസ്ഥയും, അങ്കലാപ്പും സൃഷ്ടിക്കാതിരിക്കാൻ ശ്രമിക്കുക എന്നതാണ് ഏതൊരു ഭരണകൂടവും ചെയ്യേണ്ടത്; ചെയ്യുന്നത്. ഇത്രയും നാശനഷ്ടങ്ങൾ ഏറ്റ് വാങ്ങിയ പാകിസ്ഥാൻ പോലും പരസ്യമായി അവകാശപ്പെടുന്നത് വിജയം അവർക്കാണ് എന്നതാണ്. നമ്മുടെ രാജ്യത്തിന്റെ മികവ് അന്താരാഷ്ട്ര സമൂഹത്തിൽ തിളങ്ങി നിൽക്കുമ്പോഴുള്ള ഇത്തരത്തിലുള്ള സംശയങ്ങളും പരസ്യ സംവാദവും വെളിപ്പെടുത്തലും വിഴുപ്പലക്കലും ഒരു ഭാരതീയനും ഇപ്പോൾ ആഗ്രഹിക്കുന്നില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളണം. ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരാമർശങ്ങൾ ഒരു രാഷ്ട്രീയ കക്ഷികൾക്കും ഗുണം ചെയ്യില്ല. എല്ലാക്കാലത്തും ദേശീയതയുടെ മറ പിടിച്ച് രാഷ്ട്രീയ നേട്ടത്തിനായി വല വിരിക്കുന്ന ബിജെപിയുടെ വലയിൽ ശശി തരൂർ വിഷയത്തിൽ ഇതിനോടകം തന്നെ വീണിട്ടും, വീണ്ടും വീണ്ടും കോൺഗ്രസ് വിവാദത്തിൽ പെടരുത്.

രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കാളും, വിദേശകാര്യ- പ്രതിരോധ മന്ത്രിമാരേക്കാളും സുവ്യക്തമായി ലോകത്തിന് മുന്നിൽ ഓപ്പറേഷൻ സിന്ദൂറിന്റെ ആവശ്യകതയും, പാകിസ്ഥാന്റെ തീവ്രവാദ പ്രീണനവും വിശദീകരിച്ച ശശി തരൂരിനെ, കാര്യങ്ങൾ സംസാരിച്ച് കൂടെ നിർത്തി നേട്ടം കൊയ്യുന്നതിന് പകരം വേറൊരു ലേബൽ നൽകി അകറ്റി നിർത്തുകയല്ല വേണ്ടത്. പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് നിർദേശിച്ച നാല് പേരുകളേക്കാൾ (അവരെ ചെറുതായി കാണുകയല്ല) പേരും പെരുമയും അനുഭവജ്ഞാനവുമുള്ള എത്രയോ നേതാക്കൾ കോൺഗ്രസ് പാർട്ടിയിലുണ്ട്. സാധാരണ സാഹചര്യങ്ങളിൽ പതിവ് പടിയെന്നോണം നയതന്ത്ര സംഘങ്ങൾ വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ പോകുന്നത് പോലെയല്ലല്ലോ ഈ അസാധാരണ സാഹചര്യം. അമേരിക്കയിലേക്കുള്ള അന്താരാഷ്ട്ര പ്രതിനിധി സംഘത്തെ നയിക്കുമ്പോൾ പാർലമെന്റിലെ വിദേശകാര്യ കമ്മിറ്റിയുടെ ചെയർപേഴ്‌സനല്ലേ ആ സംഘത്തിന്റെ ലീഡറാകേണ്ടത്? വ്യക്തിപരമായ അംഗീകാരവും, ഔന്നത്യവും, വിഷയത്തെക്കുറിച്ച് ഗഹനമായ ചരിത്ര അവബോധവും, പരിചയസമ്പന്നതയും തീർച്ചയായും പരിഗണിക്കപ്പെടുക തന്നെ വേണം.
ശശി തരൂരിന്റെ വാക്കുകൾ കടമെടുത്താൽ,
‘രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ’
കൂട്ടിച്ചേർക്കാനുള്ളത്;
‘രാഷ്ട്ര ബോധവും, രാഷ്ട്രീയ ബോധ്യവും പ്രസക്തമാണ്’

Back to top button
error: