CrimeNEWS

ആത്മഹത്യ ചെയ്യുമെന്ന് നസിയത്ത് സന്ദേശം അയച്ചു; ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ മൃതദേഹങ്ങള്‍, അമ്മയുടെയും മകന്റെയും മരണത്തില്‍ നടുങ്ങി കിഴവൂര്‍ നിവാസികള്‍

കൊല്ലം: തൊട്ടുമുന്‍പ് വീട്ടുമുറ്റത്തു കണ്ട അമ്മയും മകനും മരിച്ചെന്ന വാര്‍ത്തയുടെ നടുക്കത്തിലാണ് കിഴവൂര്‍ നിവാസികള്‍. മുറ്റമടിച്ചുകൊണ്ടിരുന്ന നസിയത്തിനെ ഏഴരയോടെ അയല്‍വാസികള്‍ കണ്ടിരുന്നു. ഷാനും അടുത്തുതന്നെയുണ്ടായിരുന്നു. ഇരുവരും തമ്മില്‍ പതിവുപോലെ സംസാരിച്ചിരുന്നതല്ലാതെ വഴക്കോ ബഹളമോ ഒന്നും ഉണ്ടായില്ലെന്ന് അയല്‍ക്കാര്‍ പറയുന്നു. കിഴവൂര്‍ എസ്ആര്‍ മന്‍സിലില്‍ നസിയത്ത് (52), മകന്‍ ഷാന്‍ (31) എന്നിവരാണ് മരിച്ചത്.

കൊല്ലം പാലത്തറയിലെ ജ്യൂസ് കടയിലെ ജീവനക്കാരിയാണ് നസിയത്ത്. കണ്ണനല്ലൂരിലെ പഴക്കടയില്‍ ജോലിചെയ്തിരുന്ന ഷാന്‍ ദിവസങ്ങളായി ജോലിക്കു പോയിരുന്നില്ല. ഷാനിന്റെ ഭാര്യ റജീന കൊട്ടിയത്തെ തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലിനോക്കുകയായിരുന്നു. കഴിഞ്ഞദിവസം റജീനയെ ഷാന്‍ മര്‍ദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് റജീനയെ വീട്ടുകാരെത്തി കുളപ്പാടത്തിനടുത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. മര്‍ദിച്ചതുമായി ബന്ധപ്പെട്ട് കൊട്ടിയം സ്റ്റേഷനില്‍ പരാതിയും നല്‍കി. മറ്റൊരു പരാതിയും റജീനയുടെ വീട്ടുകാര്‍ ഷാനിനെതിരേ നല്‍കിയിരുന്നു.

Signature-ad

വെള്ളിയാഴ്ച രാവിലെ ഏഴിനും ഷാനെയും നസിയത്തിനെയും അയല്‍വാസികള്‍ വീട്ടുമുറ്റത്ത് കണ്ടിരുന്നു. പിന്നീട്, കുടുംബസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നും ഉടന്‍ വീട്ടിലെത്തണമെന്നും ആവശ്യപ്പെട്ട് നസിയത്ത് ബന്ധുക്കള്‍ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് കിഴവൂരിലെത്തിയ ബന്ധു വീട് അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്. പിന്‍വാതിലിലൂടെ എത്തി വീട്ടിനകത്തേക്ക് കടന്നപ്പോഴാണ് ഷാനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. അടുത്ത മുറിയില്‍ നിലത്ത് കഴുത്തറത്ത നിലയില്‍ നസിയത്തിനെയും കണ്ടു. ഫാനില്‍ കയര്‍ കുരുക്കിയിട്ടുമുണ്ടായിരുന്നു. ഇയാള്‍ ഓടി പുറത്തെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

വര്‍ക്കല നടയറ സ്വദേശിയാണ് നസിയത്ത്. തഴുത്തലയിലും പരിസരപ്രദേശങ്ങളിലും വര്‍ഷങ്ങളായി ഇരുവരും വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. അതിനിടെയാണ് ഷാന്‍ റജീനയെ വിവാഹം കഴിച്ചത്. റജീനയുടെ വീട്ടുകാരാണ് ഏഴു വര്‍ഷം മുന്‍പ് കിഴവൂരില്‍ ഇവര്‍ക്കായി വീട് വാങ്ങി നല്‍കിയത്. ഷാന് ജീവിതമാര്‍ഗമായി കോഴിക്കടയും തുറന്നുകൊടുത്തു. ഇത് നഷ്ടത്തിലായതോടെ ഓട്ടോറിക്ഷ വാങ്ങി നല്‍കി.

ഓട്ടോ മാസങ്ങളായി ഒതുക്കിയിട്ടിരിക്കുകയാണ്. ഇതിനുശേഷമാണ് ഷാന്‍ പഴക്കടയില്‍ ജോലിക്കു പോയിരുന്നത്. ജോലിക്ക് പോയിരുന്ന മൂവരും രാത്രി വൈകിയാണ് മടങ്ങിയെത്തുന്നത്. രാത്രി ലൈറ്റ് തെളിയുമ്പോള്‍ മാത്രമാണ് ആളുണ്ടെന്നു മനസ്സിലാകുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇവരുടെ വീടിനോടു ചേര്‍ന്ന് ധാരാളം വീടുണ്ടായിരുന്നെങ്കിലും ആരുമായും അടുത്ത ബന്ധമുണ്ടായിരുന്നില്ല. വല്ലപ്പോഴും മാത്രമാണ് തൊട്ടടുത്ത വീടുകളിലുള്ളവരോടുപോലും ഇവര്‍ കുശലാന്വേഷണം നടത്തിയിരുന്നത്.

Back to top button
error: