
തിരുവനന്തപുരം: യുവതികളെ വിവാഹംകഴിച്ച് പണവും സ്വര്‍ണവും കൈക്കലാക്കിയശേഷം മുങ്ങിയ വിവാഹത്തട്ടിപ്പുകാരന്‍ അറസ്റ്റില്‍. ആനാട് സ്വദേശിയും ടാക്സി ഡ്രൈവറുമായ വിമലി(37)നെയാണ് നെടുമങ്ങാട് പോലീസ് പിടികൂടിയത്. നെടുമങ്ങാട്, പുലിപ്പാറ സ്വദേശിനികളുടെ പരാതിയിലാണ് പ്രതിക്കെതിരേ കേസെടുത്തിരുന്നത്.
ഒരാളെ വിവാഹം കഴിച്ച് പണവും സ്വര്‍ണവും കൈക്കലാക്കിയശേഷം മുങ്ങിയശേഷം മറ്റൊരാളെ വിവാഹം കഴിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട്, പുലിപ്പാറ സ്വദേശിനികളായ രണ്ട് യുവതികളില്‍നിന്ന് ആറരലക്ഷം രൂപയും അഞ്ചുപവന്‍ സ്വര്‍ണവുമാണ് പ്രതി തട്ടിയെടുത്തത്. ഇതിനുശേഷം മറ്റൊരുസ്ത്രീയെ ഇയാള്‍ വിവാഹം കഴിച്ചിരുന്നു.

പ്രതി വിവാഹം കഴിഞ്ഞ് അത് നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരാളെ വിവാഹം കഴിച്ചാല്‍ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ ഒപ്പം താമസിക്കുകയുംചെയ്യും. ഇതിനുശേഷമാണ് അടുത്തയാളെ വിവാഹം കഴിച്ചിരുന്നത്. വിമലിനെതിരേ നെടുമങ്ങാട് സ്റ്റേഷനില്‍ പിടിച്ചുപറി, വഞ്ചനാകേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.