‘ദിലീപേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍… മിമിക്രിക്കാരാണെങ്കില്‍ പത്ത് ചളി പറഞ്ഞേനെയെന്ന് ആ നടന്‍’

ദിലീപിന്റെ കരിയര്‍ ഗ്രാഫ് ആരാധകര്‍ക്കിടയിലിപ്പോള്‍ സ്ഥിരം ചര്‍ച്ചാ വിഷയമാണ്. നടന്റെ പുതിയ ചിത്രം പ്രിന്‍സ് ആന്റ് ഫാമിലി തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. പല അഭിപ്രായങ്ങള്‍ സിനിമയെക്കുറിച്ച് വരുന്നുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് ദിലീപിനെ ഇത് പോലൊരു കോമഡി ചിത്രത്തില്‍ കാണുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. അതേസമയം കോമഡി ട്രാക്കില്‍ നിന്നും മാറി ദിലീപ് മറ്റ് പരീക്ഷണങ്ങളിലേക്ക് കടക്കേണ്ട സമയമായെന്നാണ് ചിലരുടെ അഭിപ്രായം. ഒരു കാലത്ത് മോളിവുഡിലെ പ്രബല സാന്നിധ്യമായിരുന്നു ദിലീപ്.
എന്നാല്‍ 2017 ന് ശേഷം ദിലീപ് യുഗം അവസാനിച്ചു. വിവാദങ്ങളുടെ നടുവിലായതോടെ കരിയറിലേക്ക് ശ്രദ്ധ കൊടുക്കാന്‍ പറ്റാതായി. ശക്തമായ തിരിച്ച് വരവിന് വേണ്ടി ഇപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുകയാണ് ദിലീപ്. മിമിക്രി കലാരംഗത്ത് നിന്നുമാണ് ദിലീപ് സിനിമയിലേക്ക് എത്തുന്നത്. മിമിക്രിയോടും മിമിക്രി ആര്‍ട്ടിസ്റ്റുകളോടും ഇന്നും വലിയ സ്‌നേഹം ദിലീപിനുണ്ട്. ദിലീപിനെക്കുറിച്ച് സംസാരിക്കുകയാണ് മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ മനോജ് ഗിന്നസ്. താനുള്‍പ്പെടെ നിരവധി പേര്‍ക്ക് സിനിമകളില്‍ അവസരം തന്നയാളാണ് ദിലീപെന്ന് മനോജ് ഗിന്നസ് പറയുന്നു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടന്‍.

ദിലീപേട്ടന്റെ കാലത്ത് ഞങ്ങള്‍ എത്രയോ കലാകാരന്‍മാര്‍ക്ക് അവസരം കൊടുത്തിട്ടുണ്ട്. ഷാജോണ്‍ മുതല്‍ ഒരുപാട് മിമിക്രിക്കാരെ ദിലീപേട്ടന്‍ സപ്പോര്‍ട്ട് ചെയ്തു. ദിലീപേട്ടന്റെ സിനിമകളുടെ കാലം ചിരിപ്പിച്ച കാലഘട്ടമായിരുന്നു. ഇപ്പോള്‍ സങ്കടമുണ്ട്. ദിലീപേട്ടന്റെ സിനിമകള്‍ ഒന്ന് കൂടെ വരണമെന്ന് ആഗ്രഹമുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റം വരുത്തിയാല്‍ സ്വീകരിക്കും എന്നാണ് എന്റെ പ്രതീക്ഷ. രാമ ലീലയിലൊക്കെ കണ്ടത് പോലെ ഒന്ന് കൂടെ വേറെ ലെവലില്‍ ഇറക്കി കഴിഞ്ഞാല്‍ ഇഷ്ടപ്പെടും. ആ സ്‌റ്റൈല്‍ ഒന്ന് മാറ്റിപ്പിടിച്ചാല്‍ വേറെ ലെവലായിരിക്കും.
ദിലീപേട്ടന്‍ ഇപ്പോള്‍ സജീവമായിരുന്നെങ്കില്‍ ഞങ്ങളെ പോലുള്ള ഒരുപാട് പേര്‍ക്ക് ചാന്‍സ് തന്നേനെ. പുതിയ നടന്‍മാരില്‍ ചിലരെ അറിയാം. മാസ്‌ക് എന്ന സിനിമയില്‍ വിനയ് ഫോര്‍ട്ടിനൊപ്പം അഭിനയിച്ചു. ചേട്ടന്‍ മിമിക്രിക്കാരനല്ല, ആണെങ്കില്‍ ഇപ്പോള്‍ ഇവിടെ നിന്ന് പത്ത് ചളി പറഞ്ഞേനേ, ചേട്ടന്‍ സ്റ്റേജില്‍ കയറുമ്പോള്‍ മാത്രമാണ് മിമിക്രിക്കാരനെന്ന് വിനയ് ഫോര്‍ട്ട് പറഞ്ഞു. അത് വലിയ കോംപ്ലിമെന്റാണ്.
എല്ലാ കലാരൂപവും കാലഘട്ടത്തിനനുസരിച്ച് അപ്‌ഗ്രേഡ് ചെയ്യണം. സിനിമ ഒരുപാട് മാറി. മിമിക്രിയും അപ്‌ഗ്രേഡ് ചെയ്യണം. ഇന്ന് സ്റ്റാന്‍ഡ് അപ്പ് കോമഡി എന്ന് പറഞ്ഞ് പലരും ചെയ്യാറുണ്ട്. പക്ഷെ അതൊന്നും ചിരിപ്പിക്കാറില്ല. ഇന്നത്തെ മിമിക്രിയ്ക്ക് ഒരുപാട് സമയം പാടില്ല. റീല്‍സ് മൈന്‍ഡിലൂടെ പോയിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് നേരം തമാശ പറഞ്ഞ് നില്‍ക്കാതെ ട്വിസ്റ്റ് ചെയ്ത് കൊണ്ട് പോകാന്‍ കഴിഞ്ഞാല്‍ ഓഡിയന്‍സുണ്ടെന്നും മനോജ് ഗിന്നസ് പറയുന്നു.
മിമിക്രിയില്‍ നിന്നും സിനിമയിലേക്ക് എത്തി ശ്രദ്ധിക്കപ്പെട്ടവരെക്കുറിച്ചും മനോജ് ഗിന്നസ് സംസാരിച്ചു. സാജു നവോദയ, ബിനു അടിമാലി, സുധീര്‍, രാജേഷ് പറവൂര്‍, നെല്‍സണ്‍ ശൂരനാട്, കണ്ണന്‍ സാഗര്‍ തുടങ്ങി കുറേ പേരുണ്ട്. ഇന്ന് മിമിക്രിക്ക് ഇന്നും റേഞ്ചുണ്ടെന്ന് കരുതുന്നു. ഇപ്പോഴുള്ള ജനറേഷന്റെ ചിരി കുറവാണ്. നമ്മള്‍ അനുഭവിച്ച തമാശയുടെ അത്ര ആഴമില്ലെന്നും മനോജ് ഗിന്നസ് അഭിപ്രായപ്പെട്ടു. ചെറിയ വേഷങ്ങളാണ് മനോജ് ഗിന്നസ് സിനിമകളില്‍ ചെയ്തത്. ടെലിവിഷന്‍ ഷോകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.