KeralaNEWS

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്‌ട്രോംഗ് റൂമിന് മുന്നില്‍ ക്യാമറ നിശ്ചലം; സുരക്ഷാ സംവിധാനങ്ങളില്‍ കടുത്ത അലംഭാവം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമിന് മുന്നിലെ സി.സി.ടി.വി ക്യാമറ പ്രവര്‍ത്തനരഹിതമായത് സ്വര്‍ണ ദണ്ഡ് കവരാന്‍ വഴിവച്ചെന്ന് വിലയിരുത്തല്‍. സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ തൂക്കമുള്ള സ്വര്‍ണദണ്ഡാണ് കഴിഞ്ഞദിവസം കാണാതാവുകയും പിന്നീട് ക്ഷേത്രത്തിനകത്ത് മണലില്‍ കണ്ടെത്തുകയും ചെയ്തത്.

സുരക്ഷാ സംവിധാനങ്ങള്‍ ഓരോ ദിവസവും പ്രവര്‍ത്തന ക്ഷമമാണോ എന്നുറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ അല്പംപോലും ജാഗ്രത കാട്ടുന്നില്ല. ദണ്ഡ് മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയ വടക്കേനടയുടെ ഭാഗത്തും ക്യാമറ പ്രവര്‍ത്തനരഹിതമായിരുന്നു.

Signature-ad

ഇവിടെ ക്യാമറയില്ലെന്ന് വ്യക്തമായി അറിയാവുന്നയാള്‍ ദണ്ഡ് മണലില്‍ പൂഴ്ത്തുകയായിരുന്നു എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. കഴിഞ്ഞദിവസം ഇതേസ്ഥലത്ത് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സ്വര്‍ണം പൊതിയുന്ന സ്‌ട്രോംഗ് റൂമില്‍നിന്ന് 30 മീറ്റര്‍ അകലെ വടക്കേനടയ്ക്ക് സമീപത്തുനിന്നാണ് ഞായറാഴ്ച വൈകിട്ട് സ്വര്‍ണദണ്ഡ് കണ്ടെത്തിയത്. ക്ഷേത്രത്തിനകത്തെ മുറ്റത്ത് മണലില്‍ പൂഴ്ത്തിയ നിലയിലായിരുന്നു ദണ്ഡ്. ശനിയാഴ്ച ക്ഷേത്രത്തിലെ ജോലികള്‍ക്കായി സ്വര്‍ണം സ്‌ട്രോംഗ് റൂമില്‍ നിന്നെടുത്ത് തൂക്കിനോക്കിയപ്പോഴാണ് 13 പവന്‍ നഷ്ടമായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവം; അന്വേഷണം ജീവനക്കാരിലേക്ക്

ഇന്നലെ എട്ടു പേരെ പൊലീസ് ചോദ്യം ചെയ്തു. ശ്രീകോവില്‍ സ്വര്‍ണം പൊതിയുന്ന ജോലിക്കാരായ മൂന്ന് പേര്‍,? ക്ഷേത്രം ജീവനക്കാരായ അഞ്ച് പേര്‍ എന്നിവരെയാണ് വിശദമായി ചോദ്യം ചെയ്തത്. ഇവരില്‍ ചിലര്‍ സംശയനിഴലിലാണ്.

അതേസമയം, ക്ഷേത്രത്തില്‍നിന്ന് കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സ്വര്‍ണദണ്ഡ് മണലില്‍ കുഴിച്ചിട്ടതല്ലെന്ന് പൊലീസ്. മണലില്‍ പൂഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. ഇത് കണ്ടെത്തിയത് വലിയ താഴ്ചയിലും അല്ലായിരുന്നു. ഉപകരണങ്ങളുടെ സഹായമില്ലാതെ ഈ മണലില്‍ ഒരടി താഴ്ചയില്‍ കുഴിയെടുക്കാന്‍ സാധിക്കില്ല. ഇവിടം ആളുകളുടെ ശ്രദ്ധ പതിയുന്ന ഭാഗവുമാണ്.

Back to top button
error: