Breaking NewsKeralaLead NewsNEWSNewsthen Specialpolitics

അപ്രതീക്ഷിത ട്വിസ്റ്റ്? സുധാകരനും അടൂര്‍ പ്രകാശിനും ഇളവ്? നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള എല്ലാ രേഖകളും റെഡി; മറിയ മത്സരിച്ചാല്‍ താനില്ലെന്ന് ചാണ്ടി ഉമ്മന്‍; ആദ്യഘട്ട കോണ്‍ഗ്രസ് പട്ടിക ഇന്ന്

ന്യൂഡല്‍ഹി: യുഡിഎഫില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 55 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. തിരുവനന്തപുരം അടക്കം പല ജില്ലകളിലും വലിയ തര്‍ക്കം തുടരുകയാണ്. മത്സര സന്നദ്ധത അറിയിച്ച് പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന കെ.സുധാകരന്‍ എം.പി രാവിലെ ഡല്‍ഹിയില്‍ എത്തും. രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തും.

കണ്ണൂര്‍ സീറ്റിലെ അനിശ്ചിതത്വം തുടരുമ്പോള്‍ പുലര്‍ച്ചെയുള്ള വിമാനത്തിലാണ് സുധാകരന്‍ കണ്ണൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളെ കാണും. സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് സുധാകരന്‍. സീറ്റിന്റെ കാര്യത്തില്‍ ഉറപ്പു ലഭിച്ചാല്‍ മാത്രമേ ഡല്‍ഹിയിലേക്ക് തിരിച്ചുവരൂ എന്നായിരുന്നു നേരത്തെയുള്ള നിലപാട്. എന്നാല്‍, രമേശ് ചെന്നിത്തല സുധാകരനുമായി സംസാരിച്ചതിന് പിന്നാലെയാണ് വീണ്ടും ഡല്‍ഹി യാത്രയ്ക്ക് തയ്യാറായത് എന്നാണ് വിവരം. സുധാകരനെ അനുനയിപ്പിക്കാനാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് എന്നാണ് സൂചന.

Signature-ad

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് വേണ്ട എല്ലാ രേഖകളും ശരിയാക്കി കാത്തിരിക്കുകയാണ് അടൂര്‍ പ്രകാശ്. ഈഴവ പ്രാതിനിധ്യം കണക്കിലെടുത്ത് ഇരുവര്‍ക്കും ഇളവ് നല്‍കിയേക്കും. എംപിമാര്‍ മത്സരിക്കേണ്ട എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍. ശിവഗിരി മഠമടക്കമുള്ളവരുടെ സമ്മര്‍ദ്ദം കണക്കിലെടുത്താണ് നീക്കം.

അതേസമയം, തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളില്‍ യുഡിഎഫ് ചിത്രം തെളിഞ്ഞത് മൂന്നിടത്ത് മാത്രം. കോവളത്ത് സിറ്റിങ് എം.എല്‍.എ എം.വിന്‍സന്റ്് തന്നെ വീണ്ടും ജനവിധി തേടുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്‍ പ്രചാരണം തുടങ്ങി. വി.എസ്. ശിവകുമാര്‍, കെ.എസ്. ശബരീനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏത് മണ്ഡലമാണെന്ന് തീര്‍ച്ചയായിട്ടില്ല.

തിരുവനന്തപുരം സി.എം.പിക്ക് നല്‍കാന്‍ ധാരണയായെങ്കിലും പ്രഖ്യാപനം നീളുകയാണ്. പാലക്കാട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നടന്‍ രമേഷ് പിഷാരടി മല്‍സരിക്കും. നേരത്തെ പല പേരുകളും ഉയര്‍ന്നുവന്നിരുന്നെങ്കിലും ജില്ലയിലെ പ്രധാന നേതാക്കളെല്ലാം ഒറ്റക്കെട്ടായി രമേഷ് പിഷാരടിയെ തന്നെ പിന്തുണയ്ക്കുകയായിരുന്നു. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂരില്‍ മറിയ ഉമ്മന്റെ പേര് ചര്‍ച്ചയിലുണ്ട്. എബി കുര്യാക്കോസും ബാബു പ്രസാദും പരിഗണയിനിലാണ്. ബിനു ചുള്ളിയിലിന്റെ പേരും ഉയരുന്നു. അരൂരില്‍ ഷാനിമോള്‍ക്കൊപ്പം എം.പി. പ്രവീണും പരിഗണനയിലുണ്ട്.

അതേസമയം മറിയ മത്സരിച്ചാല്‍ താനില്ലെന്ന് ചാണ്ടി ഉമ്മനും അറിയിച്ചിട്ടുണ്ടെന്നാണു വിവരം. ചെങ്ങന്നൂരില്‍ മറിയ സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്തകള്‍ ശക്തമാണ്. ഇതിനിടെയാണ് ചാണ്ടി ഉമ്മന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം നിലവില്‍ ഡല്‍ഹിയിലുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരെയും ചാണ്ടി ഉമ്മന്‍ അറിയിച്ചെന്നാണ് വിവരം.

ഇതാദ്യമായല്ല ചാണ്ടി ഉമ്മന്‍ ഈ നിലപാട് സ്വീകരിക്കുന്നത്. നേരത്തെ ഒരുമാസം മുന്‍പ് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയ സമയത്ത് മറിയയുടെ പേര് ഉയര്‍ന്നുവന്നപ്പോഴും സമാന നിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു കുടുംബത്തില്‍നിന്ന് രണ്ടുപേര്‍ മത്സരിക്കുന്നത് ശരിയല്ല. അത് ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശങ്ങള്‍ക്ക് എതിരാണ്. മറിയയ്ക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പുതുപ്പള്ളിയില്‍നിന്ന് താന്‍ മാറിക്കൊടുക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

 

#Congress, #UDF, #Election2026, #KeralaPolitics, #CongressCandidateList, #KSudhakaran, #ChandyOommen, #UDFKerala, #LoksabhaElection, #CandidateAnnouncement, #RameshPisharody, #KeralaElectionNews, #PoliticalUpdates, #AdoorPrakash, #NewDelhi, #AICC, #KPCC #CongressFirstList, #SudhakaranInDelhi, #ThiruvananthapuramCongress, #ChengannurElection, #MariyaOommen, #Puduppally, #RameshPisharodyPalakkad, #VDSatheesan, #KCVenugopal, #RahulGandhi, #MallikarjunKharge, #UDFSeatSharing, #KeralaNews, #BreakingNewsMalayalam, #CongressCandidateKerala

Back to top button
error: