
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ്. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അമേരിക്ക മധ്യസ്ഥത വഹിക്കുന്നതിന് ഇന്ത്യ സമ്മതിച്ചോയെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ആവശ്യപ്പെട്ടു.
വളരെ വൈകി പ്രധാനമന്ത്രി രാജ്യത്തോടു നടത്തിയ അഭിസംബോധനയുടെ തൊട്ടുമുമ്പ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത് മോദിയുടെ പ്രസംഗത്തിന്റെ സാംഗത്യം ഇല്ലാതാക്കി. പാകിസ്താനുമായി ചര്‍ച്ച നടത്താന്‍ ഒരു നിഷ്പക്ഷവേദി ഇന്ത്യ ആവശ്യപ്പെട്ടിരുന്നോയെന്ന് വ്യക്തമാക്കണം. ഇന്ത്യന്‍ കമ്പോളം അമേരിക്കയ്ക്ക് തുറന്നുകൊടുക്കാമെന്ന് സമ്മതിച്ചോയെന്നും വ്യക്തമാക്കണം. വിവിധ പാര്‍ട്ടി നേതാക്കളുടെ യോഗം പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കണമെന്നും ഇന്ത്യന്‍ സേനയെ കോണ്‍ഗ്രസ് സല്യൂട്ട് ചെയ്യുന്നെന്നും ജയറാം രമേഷ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ‘ആണവ സംഘര്‍ഷം’ തന്റെ ഭരണകൂടം അവസാനിപ്പിച്ചതായി ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. സംഘര്‍ഷം അവസാനിപ്പിച്ചാല്‍ ഇരുരാജ്യങ്ങളുമായും അമേരിക്ക ‘കൂടുതല്‍ വ്യാപാരം’ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ട്രംപിന്റെ പരാമര്‍ശം.
പ്രധാനമന്ത്രി മോദി ട്രംപിന്റെ ഈ അവകാശവാദങ്ങളിലെല്ലാം മൗനം പാലിച്ചെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ യുഎസ് മധ്യസ്ഥത വഹിച്ചോയെന്നും ഒരു നിഷ്പക്ഷ സ്ഥലത്ത് പാകിസ്താനുമായി ചര്‍ച്ച നടത്താന്‍ ഇ്ന്ത്യ സമ്മതിച്ചോയെന്നും ചോദിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും ഒരു യോഗം പ്രധാനമന്ത്രി വിളിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
എന്തൊക്കെ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് മധ്യസ്ഥത നടത്തിയതെന്ന് അറിയണം. ഡൊണാള്‍ഡ് ട്രംപ് കശ്മീരിനെക്കുറിച്ച് പറഞ്ഞതിന് നിങ്ങള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല? രാജ്യത്തിന്റെ മനസ്സില്‍ നിരവധി ചോദ്യങ്ങളുണ്ട്, കൂട്ടായ പരിഹാരത്തിന്റെ ആവശ്യകതയുണ്ട്. രണ്ട് സര്‍വകക്ഷി യോഗങ്ങള്‍ നടന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍ പ്രധാനമന്ത്രി പങ്കെടുത്തില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.