IndiaNEWS

ജലന്ധറിലും സാംബയിലും പാക്ക് ഡ്രോണുകള്‍; സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

ന്യൂഡല്‍ഹി: പഞ്ചാബിലെ ജലന്ധറിലും ജമ്മുവിലെ സാംബ മേഖലയിലും ഇന്നലെ രാത്രിയില്‍ വീണ്ടും പാക്ക് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനക്കമ്പനി ആറ് സര്‍വീസുകള്‍ റദ്ദാക്കി. ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസാണ് റദ്ദാക്കിയത്.

പുതിയ സാഹചര്യത്തില്‍, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സര്‍വീസുകള്‍ റദ്ദാക്കുകയാണെന്ന് ഇന്‍ഡിഗോ സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്നും പുതിയ നിര്‍ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുമെന്നും വ്യക്തമാക്കിയ കമ്പനി, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് യാത്രക്കാര്‍ ആപ്പ് വഴി വിമാന സര്‍വീസിന്റെ സ്ഥിതി മനസ്സിലാക്കണമെന്നും നിര്‍ദേശിച്ചു. ജമ്മു, ലേ, ജോഥ്പുര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും റദ്ദാക്കി.

Signature-ad

പാക്കിസ്ഥാനുമായുള്ള നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ച് വിദേശകാര്യ വക്താവ് വിക്രം മിസ്രി, പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു മുന്‍പാകെ മേയ് 19ന് വിശദീകരിക്കും. കോണ്‍ഗ്രസ് എംപി ശശി തരൂരാണ് വിദേശകാര്യ വിഷയങ്ങളുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍. വിദേശകാര്യ വിഷയങ്ങളില്‍ മിസ്രി നേരത്തേയും പതിവായി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ വിശദീകരിക്കാറുണ്ടായിരുന്നു.

Back to top button
error: