
കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ നാഗ്പുരില്‍ അറസ്റ്റിലായ മലയാളി യുവാവിനെതിരെ കേരളത്തിലുള്ള കേസുകളിലും അന്വേഷണം. സ്വയം പ്രഖ്യാപിത ആക്റ്റിവിസ്റ്റും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനുമായ റിജാസ് എം.ഷീബ സൈദീക്കാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന, നാഗ്പുര്‍ പൊലീസ് എന്നിവര്‍ ഇന്നലെ വൈകിട്ട് കൊച്ചി എളമക്കരയ്ക്കടുത്തുള്ള കീര്‍ത്തി നഗറിലെ റിജാസിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
റിജാസിന്റെ കുടുംബത്തെ ചോദ്യം ചെയ്ത സംഘം കേരളത്തിലുള്ള കേസുകള്‍ സംബന്ധിച്ച കാര്യങ്ങളും ശേഖരിക്കുന്നുണ്ട്. കശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി പനമ്പിള്ളി നഗറില്‍ പ്രതിഷേധിച്ചതിന് റിജാസ് അടക്കം 10 പേര്‍ക്കെതിരെ ഏപ്രില്‍ ഒടുവില്‍ പൊലീസ് കേസെടുത്തിരുന്നു. അനുമതിയില്ലാതെയുള്ള സംഘം ചേരല്‍ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തില്‍പ്പെട്ട യുവാക്കളെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു എന്ന റിപ്പോര്‍ട്ടിന്റെ പേരിലും റിജാസിനെതിരെ കേസെടുത്തിരുന്നു. വടകര പൊലീസാണ് അന്ന് കേസെടുത്തത്. യഹോവയുടെ സാക്ഷികള്‍ വിഭാഗം നടത്തിയ കണ്‍വെന്‍ഷനിടെയുണ്ടായ സ്‌ഫോടനത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും 50ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിനാണ് കേസിലെ ഏക പ്രതി.
ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം നാഗ്പുരിലെത്തിയപ്പോഴാണ് സുഹൃത്തിനൊപ്പം റിജാസിനെ കസ്റ്റഡിയിലെടുത്തത്. സുഹൃത്തിനെ പിന്നീട് വിട്ടയച്ചു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, കലാപാഹ്വാനം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ മാസം 13 വരെ റിജാസിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.