കടത്തിനു മുകളില്‍ കടവുമായി ജീവിച്ചിട്ടും ആയുധപ്പുരകള്‍ നിറയ്ക്കുന്ന പാകിസ്താന്‍!; രാജ്യം തകര്‍ന്നിട്ടും തകരാത്ത സൈന്യം; യുദ്ധ വിമാനങ്ങള്‍മുതല്‍ അന്തര്‍വാഹിനി വരെ; കൃഷിമുതല്‍ ഭവന പദ്ധതികളില്‍വരെ നിയന്ത്രണം; 80 ശതമാനം ആയുധനം നല്‍കുന്ന ചൈന വാങ്ങാനുള്ള പണവും നല്‍കും! ഒപ്പം ‘അങ്കിള്‍ സാമി’ന്റെ കൈനീട്ടവും
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹഖാനി പറഞ്ഞതാണ് ശരി: 'അങ്കിള്‍ സാമിനെ ദുരുപയോഗം ചെയ്തശേഷവും രണ്ടുവര്‍ഷം കൂടുമ്പോള്‍ അങ്കിള്‍ സാമിലേക്ക് മടങ്ങിവന്നു. കാരണം അങ്കിള്‍ ബില്ലുകള്‍ അടയ്ക്കുന്നു

ന്യൂഡല്‍ഹി: രാജ്യാന്തര നാണയ നിധിയുടെ സഹായമില്ലെങ്കില്‍ ഇന്ന് പാകിസ്താന്‍ ഒരിഞ്ച് മുന്നോട്ടു നീങ്ങില്ല. പിന്നെയെങ്ങനെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു? ഒറ്റ ഉത്തരമേ ഇതിനുള്ളൂ. രണ്ടു വര്‍ഷം മുമ്പ് ഹഖാനി പറഞ്ഞതുപോലെ ‘അങ്കിള്‍ ബില്ലുകള്‍ അടയ്ക്കുന്നു’! പാകിസ്താന്‍ തകര്‍ന്നു. പക്ഷേ, സൈന്യം തകര്‍ന്നിട്ടില്ല. യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, അന്തര്‍വാഹിനികള്‍, യുദ്ധക്കപ്പലുകള്‍: ഇസ്ലാമാബാദ് അവയെല്ലാം ശേഖരിക്കുന്നതു തുടരുന്നു. ഒരു സാമ്പത്തിക രക്ഷാ പദ്ധതിയില്‍നിന്ന് അടുത്തതിലേക്കു കടക്കുമ്പോള്‍ കടം കുമിഞ്ഞു കൂടുന്നു. ഈ വര്‍ഷം മാത്രം ജിഡിപി 236 ബില്യണ്‍ ഡോളറിലേക്കു ചുരുങ്ങുമ്പോഴും ഏഴു ബില്യണ്‍ ഡോളര്‍ പ്രതിരോധത്തിനായി നീക്കിവയ്ക്കുന്നു. രാജ്യത്തിന്റെ വഷളാകുന്ന സാമ്പത്തിക തകര്‍ച്ച പാകിസ്ഥാന്റെ സൈനിക ശക്തിയെ തൊട്ടിട്ടില്ല.
എങ്ങനെ?
മുഖ്യ ആയുധവ്യാപാരിതന്നെ അവയ്ക്കുള്ള പണം നല്‍കിയാല്‍ എങ്ങനെയുണ്ടാകും? ഒരാള്‍തന്നെ വില്‍പനക്കാരനും ബാങ്കറുമാകുന്നു. പാക് സൈനിക ഇറക്കുമതിയുടെ 80 ശതമാനവും ചൈനയില്‍നിന്നാണ്. യുദ്ധസാമഗ്രികള്‍ നല്‍കുക മാത്രമല്ല അതിനുള്ള പണവും നല്‍കും! കുറഞ്ഞ പലിശ നല്‍കിയാല്‍ മതി. കുറഞ്ഞ പലിശ, വഴക്കമുള്ള നിബന്ധനകള്‍, നീണ്ട ഗ്രേസ് പിരീഡുകള്‍ എന്നിവയോടെ. പാകിസ്താന്റെ ആയുധപ്പുരകള്‍ നിറയ്ക്കാന്‍ പണം വേണ്ട, സുഹൃത്തുക്കളെ മാത്രമേ ആവശ്യമുള്ളൂ!

കൃഷിഭൂമി, സിമന്റ് ഫാക്ടറികള്‍ മുതല്‍ നിക്ഷേപ കൗണ്‍സിലുകള്‍, ഭവന പദ്ധതികള്‍ എന്നിവയടങ്ങുന്ന വിശാലമായ ബിസിനസ് സാമ്രാജ്യത്തെ നേരിട്ടു നിയന്ത്രിക്കുന്നതും സൈന്യമാണ്. ഒരു രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം ലഭിക്കുന്നതിനു തുല്യം. സര്‍ക്കാരിന്റെ ബജറ്റുകള്‍ തകര്‍ന്നടിയുമ്പോഴും സൈന്യം സമ്പാദിക്കുകയും ചെലവഴിക്കുകയും ആയുധം വാങ്ങിക്കൂട്ടുകയും ചെയ്യുന്ന അപൂര്‍വ സ്ഥിതി. എക്കാലത്തും പാകിസ്താനു സുഹൃത്തുക്കളുണ്ട്. 1948 മുതല്‍ അമേരിക്ക പാകിസ്താനു നല്‍കിയത് 40 ബില്യണ്‍ ഡോളറും സൈനിക സഹായങ്ങളുമാണ്. കാനഡ, ബ്രിട്ടണ്‍, യൂറോപ്പ് എന്നിവ ചേര്‍ത്താല്‍ കണക്ക് 55 ബില്യണ്‍ ഡോളര്‍ കവിയും.
ലോകത്തിന് എന്താണ് പ്രതിഫലമായി ലഭിച്ചത്?
‘ദക്ഷിണ കൊറിയയ്ക്ക് 15 ബില്യണ്‍ ഡോളര്‍ ലഭിച്ചു. തായ്വാന് 10 ബില്യണ്‍ ഡോളര്‍ ലഭിച്ചു. അവര്‍ സമ്പദ്വ്യവസ്ഥകള്‍ കെട്ടിപ്പടുത്തു. ഞങ്ങള്‍ക്കു ലഭിച്ച 55 ബില്യണ്‍ ഡോളര്‍ കൊണ്ട് മിഥ്യാ ധാരണകള്‍ വളര്‍ത്തി’- മുന്‍ പാക് അംബാസഡര്‍ ഹുസൈന്‍ ഹഖാനിയുടെ ഒരുപതിറ്റാണ്ടെങ്കിലും പഴക്കമുള്ള വീഡിയോയില്‍ പറയുന്നതാണിത്. ദക്ഷിണ കൊറിയ വികസിച്ചപ്പോള്‍ പാകിസ്ഥാന്‍ വിദേശ സഹായം ഉപയോഗിച്ച് സൈനിക ആധിപത്യം വളര്‍ത്തിയെടുത്തു. ഇന്ത്യയോടുള്ള ‘ആഗ്രഹം’ അവസാനിപ്പിക്കാത്ത പാകിസ്താന്‍ ഓരോ ഡോളറും കൊടുത്തു സൈന്യത്തെ ശക്തിപ്പെടുത്തി- ഹഖാനി പറയുന്നു.
2025 മേയ് ഒമ്പിന് ഐഎംഎഫ് പാകിസ്താന് പുതിയ 2.4 ബില്യണ്‍ ഡോളര്‍ കൂടി അനുവദിച്ചു. എക്‌സ്റ്റെന്‍ഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) പ്രകാരം 1 ബില്യണ്‍ ഡോളറും പുതിയ റെസിലിയന്‍സ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി ഫെസിലിറ്റി (ആര്‍എസ്എഫ്) പ്രകാരം 1.4 ബില്യണ്‍ ഡോളറും. 37 മാസത്തെ 7 ബില്യണ്‍ ഡോളര്‍ പാക്കേജിന്റെ ഭാഗമായ ഇഎഫ്എഫ്, സമ്പദ്വ്യവസ്ഥയെ സ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. കാലാവസ്ഥാ പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനാണ് ആര്‍എസ്എഫ് ഉദ്ദേശിക്കുന്നത്.
എന്നാല്‍ പണം പണമാണ്. ബജറ്റില്‍ തുളകളുള്ള ഒരു രാജ്യത്ത് ഐഎംഎഫ് ഡോളറുകള്‍ക്ക് പോലും പ്രതിരോധത്തിന് പരോക്ഷമായി സബ്സിഡി നല്‍കാന്‍ ഉപയോഗിക്കുമെന്നു വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു. സൈന്യത്തിന് അധികാരത്തിലും വരുമാനത്തിലും പിടിമുറുക്കാന്‍ കഴിയുമ്പോള്‍ മാറ്റമുണ്ടാകാനുള്ള സാധ്യതയും കുറവാണ്. പ്രതിരോധ ചെലവ് കുറയ്ക്കാനുള്ള ഐഎംഎഫ് നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുമ്പോഴുള്ള നടപടികളും കുറവാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹഖാനി പറഞ്ഞതാണ് ശരി: ‘അങ്കിള്‍ സാമിനെ ദുരുപയോഗം ചെയ്തശേഷവും രണ്ടുവര്‍ഷം കൂടുമ്പോള്‍ അങ്കിള്‍ സാമിലേക്ക് മടങ്ങിവന്നു. കാരണം അങ്കിള്‍ ബില്ലുകള്‍ അടയ്ക്കുന്നു.’ ഐഎംഎഫിനോടുള്ള പരിഹാസം ഇതില്‍ കൂടുതല്‍ എങ്ങനെ പറയും?