Breaking NewsCrimeKeralaLead NewsNEWS

തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം വിദേശത്തു നിക്ഷേപമാക്കി? കാര്‍ത്തിക താമസിച്ചത് 45,000 രൂപ വാടകയുള്ള വില്ലയില്‍; മോഡലിംഗ് ഷൂട്ടിന് ലക്ഷങ്ങള്‍; വിവാഹം ആലോചിച്ച യുവാവിന്റെ സുഹൃത്തിനെയും പറ്റിച്ചു; അന്വേഷണം കുടുംബത്തിലേക്കും

കൊച്ചി: ഇന്‍സ്റ്റഗ്രാം താരം പ്രതിയായ തൊഴില്‍ തട്ടിപ്പ് കേസില്‍ സുഹൃത്തായസ പ്രവാസി യുവാവിനെയും പ്രതിയാക്കാന്‍ പൊലീസ്. ജോബ് കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണു പോലീസ് പറയുന്നത്. ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം കാര്‍ത്തിക പ്രദീപ് ആഡംബര ജീവിതത്തിനായാണ് ചെലവിട്ടതെന്നും പൊലീസ് കണ്ടെത്തി. ടേക്ക് ഓഫ് ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇന്‍സ്റ്റ താരവും കമ്പനി സിഇഒയുമായ പത്തനംതിട്ട സ്വദേശി കാര്‍ത്തിക പ്രദീപിന്റെ തട്ടിപ്പ്. ഈ സ്ഥാപനത്തിന്റെ പാര്‍ട്‌നര്‍ ആയിരുന്ന യുവാവിനെയാണ് പൊലീസ് തേടുന്നത്.

ഇപ്പോള്‍ യൂറോപ്യന്‍ രാജ്യത്തുളള യുവാവിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം പ്രതിയാക്കാനാണ് പൊലീസ് തീരുമാനം. തൊഴില്‍ തട്ടിപ്പിലൂടെ സമാഹരിച്ച പണം ആര്‍ഭാട ജീവിതത്തിനു വേണ്ടിയാണ് കാര്‍ത്തിക ചെലവിട്ടതെന്നാണ് പൊലീസ് അനുമാനം. കാര്‍ത്തിക താമസിച്ചിരുന്ന ആഡംബര വില്ലയ്ക്ക് പ്രതിമാസം നാല്‍പ്പത്തി അയ്യായിരം രൂപയായിരുന്നു വാടക. മോഡലിംഗിനു വേണ്ടിയും തട്ടിപ്പ് പണം ചെലവിട്ടു. തൊഴില്‍ കണ്‍സള്‍ട്ടന്‍സിയുടെ അക്കൗണ്ടിലെത്തുന്ന പണം കാര്‍ത്തികയുടെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷമായിരുന്നു ചെലവിട്ടത്. പണം വിദേശത്തു നിക്ഷേപങ്ങളാക്കിയെന്നും സംശയിക്കുന്നു.

Signature-ad

ഉക്രൈനില്‍ നിന്ന് കാര്‍ത്തിക നേടിയ എംബിബിഎസ് ബിരുദത്തിന്റെ ആധികാരികത സ്ഥിരീകരിക്കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ പരിശീലനം നടത്താനുളള ലൈസന്‍സ് ഉള്‍പ്പെടെയുള രേഖകള്‍ പക്കലുണ്ടെന്നും ഇത് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് കാര്‍ത്തിക പോലീസിനോട് പറഞ്ഞത്. കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി കൂടുതല്‍ പരാതികള്‍ കാര്‍ത്തികയ്‌ക്കെതിരെ വന്നിട്ടുണ്ട്.

മൂന്നു മുതല്‍ എട്ട് ലക്ഷം വരെയാണ് ജോലി വാഗ്ദാനം ചെയ്ത് കാര്‍ത്തിക ഉദ്യാഗാര്‍ത്ഥികളില്‍ നിന്നും കൈക്കലാക്കിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ആണ് യുവതി തട്ടിപ്പ് ആരംഭിച്ചത്. ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ എന്ന ജോബ് കണ്‍സള്‍ട്ടന്‍സി ഏജന്‍സിയുടെ പേരിലായിരുന്നു തട്ടിപ്പ്. തൃശൂര്‍ സ്വദേശിനിയാണ് ആദ്യം കാര്‍ത്തികയ്‌ക്കെതിരെ പരാതി നല്‍കിയത്. ഇവരില്‍ നിന്നും കാര്‍ത്തിക നിന്നും ഓണ്‍ലൈനായും അല്ലാതെയുമായി 5.23 ലക്ഷം രൂപയാണ് കൈക്കലാക്കിയതെന്ന് പൊലീസ് അറിയിച്ചു.

കൊച്ചിയില്‍ നിന്ന് രക്ഷപ്പെടുന്നതിന് മുന്‍പ് കാര്‍ത്തികയും സംഘവും ആക്രമിച്ചെ പരാതിയുമായി യുവാവും രംഗത്തെത്തി. ഒന്നരമാസം മുന്‍പ് കാക്കനാടുള്ള ടാറ്റൂ സ്റ്റുഡിയോയില്‍ കാര്‍ത്തികയും കൂട്ടരും നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ടാറ്റൂ സ്റ്റുഡിയോ ഉടമ മൂവാറ്റുപുഴ സ്വദേശി ജിത്തുവാണ് ആക്രമണത്തിന് ഇരയായത്. ജിത്തു കാര്‍ത്തികയ്ക്ക് അയച്ച സന്ദേശത്തെ തുടര്‍ന്നായിരുന്നു ഈ കയ്യാങ്കളി.

വിവാഹാലോചനയുമായി ബന്ധപ്പെട്ട് 2023ലാണ് കാര്‍ത്തികയെ ജിത്തു പരിചയപ്പെടുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഒപ്പം കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയെന്നാണ് കാര്‍ത്തിക പരിചയപ്പെടുത്തിയതെന്ന് ജിത്തു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തന്റ സുഹൃത്തിനെയും ഭാര്യയെയും കാര്‍ത്തിക പറ്റിച്ചതോടെ ചിത്രം തെളിഞ്ഞു.

ഇതോടെ ബന്ധത്തില്‍നിന്ന് പിന്‍മാറിയെന്ന് ജിത്തു. ആ കാലയളവില്‍ ജിത്തുവിനോട് കാര്‍ത്തിക പങ്കുവെച്ച ചില വിവരങ്ങള്‍ പൊലീസിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നു. മറ്റു ചിലരുടെ സഹായത്തോടെയാണ് കാര്‍ത്തിയ കണ്‍സള്‍ട്ടന്‍സി തുടങ്ങിയതെന്ന് ജിത്തുവും സ്ഥിരീകരിക്കുന്നു. അന്ന് കൂടെയുണ്ടായിരുന്നവര്‍ പലരും വിദേശത്താണ്. ഇവിടെ നിന്ന് തട്ടിയെടുത്ത പണം അവര്‍ മുഖേന കടത്തിയെന്നാണു കരുതുന്നത്. തട്ടിപ്പില്‍ കാര്‍ത്തികയുടെ കുടുംബാംഗങ്ങളുടെ പങ്ക് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

 

 

Back to top button
error: