CrimeNEWS

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് വാട്‌സാപ് സ്റ്റേറ്റസ്, ഒപ്പം അശ്ലീല പദവും; ബ്യൂട്ടിഷ്യനെതിരെ കേസ്

മുംബൈ: ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് വാട്‌സാപ് സ്റ്റേറ്റസ് പോസ്റ്റ് ചെയ്ത ബ്യൂട്ടിഷ്യനായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മലാഡ് മാല്‍വണി സ്വദേശിനിയായ 40 വയസ്സുകാരിക്കെതിരെയാണു നടപടി. ‘സര്‍ക്കാരുകള്‍ വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങളെടുക്കുമ്പോള്‍, അധികാരത്തിലിരിക്കുന്നവരല്ല, ഇരുവശത്തുമുള്ള നിരപരാധികളാണു വില നല്‍കേണ്ടിവരുന്നത്’ എന്ന് വാട്‌സാപ് സ്റ്റേറ്റസില്‍ കുറിച്ച യുവതി ഓപ്പറേഷന്‍ സിന്ദൂരിനെ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അശ്ലീല പദവും ഉപയോഗിച്ചിരുന്നു. അതിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണു പൊലീസ് കേസെടുത്തത്.

നേരത്തേ, ഓപ്പറേഷന്‍ സിന്ദൂറിനെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചെന്ന് ആരോപിച്ച് മലയാളി യുവാവ് നാഗ്പുരില്‍ പിടിയിലായിരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം. ഷീബാ സൈദീകിനെയാണ് (26) സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യല്‍, കലാപ ആഹ്വാനം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ച് നാഗ്പുര്‍ പൊലീസ് ഹോട്ടലില്‍നിന്നു പിടികൂടിയത്. പിന്നാലെ, റിജാസിന്റെ സുഹൃത്ത് നാഗ്പുര്‍ നിവാസിയായ ഇഷ കുമാരിയെയും (22) അറസ്റ്റ് ചെയ്തു. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലര്‍ത്തിയെന്ന ആരോപണവും എഫ്ഐആറിലുണ്ട്. കേരളത്തിലും റിജാസിനെതിരെ കേസുണ്ട്.

Signature-ad

പത്ത് ദിവസത്തില്‍ റിജാസിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട രണ്ടാമത്തെ എഫ്‌ഐആര്‍ ആണിത്. ഏപ്രില്‍ 29ന് കൊച്ചിയില്‍ ഒരു പ്രതിഷേധത്തില്‍ പങ്കെടുത്തതിന് റിജാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പഹല്‍ഗാം ആക്രമണത്തില്‍ പങ്കുണ്ടായിരുന്ന ഭീകരരുടെ വീടുകള്‍ തകര്‍ത്ത നടപടിക്കെതിരെയായിരുന്നു റിജാസ് പ്രതിഷേധിച്ചത്. 2023ല്‍ കളമശ്ശേരി സ്‌ഫോടനക്കേസ് റിപ്പോര്‍ട്ട് ചെയ്യന്നതിനിടെയും റിജാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. 18 വയസുള്ള ഒരു ആദിവാസി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കുടകിലേക്ക് പോകുന്ന വഴിയും റിജാസിനെ പൊലീസ് തടഞ്ഞിരുന്നു. റിജാസ് നിരന്തരം പൊലീസിനാല്‍ നിരീക്ഷിക്കപ്പെട്ടിരുന്നുവെന്ന് സുഹൃത്തുക്കള്‍ തന്നെ പല തവണയായി പറഞ്ഞിരുന്നു.

Back to top button
error: