CrimeNEWS

വിദേശജോലിത്തട്ടിപ്പ് കേസ്: പ്രതി കാര്‍ത്തികയ്ക്ക് ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്ന് പൊലീസ്

കൊച്ചി: വിദേശ ജോലി തട്ടിപ്പു കേസിലെ പ്രതി ടേക്ക് ഓഫ് ഓവര്‍സീസ് എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്‍സി ഉടമ കാര്‍ത്തിക പ്രദീപിനു ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്നു പൊലീസ്. യുക്രെയ്‌നില്‍ പഠനം നടത്തിയെങ്കിലും ഇതു പൂര്‍ത്തിയാക്കിയതായോ കേരളത്തില്‍ ഭജിസ്‌ട്രേഷനെടുത്തതായോ കണ്ടെത്താനായില്ല. സംസ്ഥാനമെമ്പാടുമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് കാര്‍ത്തികയെ വിശദമായി ചോദ്യംചെയ്തു. ഈ മൊഴികള്‍ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കാര്‍ത്തികയെ ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇവരെ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്നാണു സൂചന. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ വിശ്വാസവഞ്ചനയ്ക്കാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലിനല്‍കാമെന്നു പറഞ്ഞ് 5.23 ലക്ഷം രൂപയാണു തൃശൂര്‍ സ്വദേശിനിയില്‍നിന്നു തട്ടിയെടുത്തത്.

Signature-ad

എറണാകുളത്തിനു പുറമേ, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്‍സി’ക്ക് ലൈസന്‍സില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാന്‍ ആവശ്യമായ ലൈസന്‍സ് സ്ഥാപനത്തിനില്ലെന്നു വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സും സ്ഥിരീകരിച്ചിരുന്നു.

Back to top button
error: