LIFELife Style

ഒരു തരി പൊന്നില്ല… ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്ല, എല്ലാം സിംപിള്‍; രജിസ്റ്റര്‍ വിവാഹത്തിലും ഞെട്ടിച്ച് ആന്‍സണ്‍ പോള്‍!

വിവാഹ ചടങ്ങുകളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു. നോര്‍ത്ത് ഇന്ത്യയില്‍ മാത്രം നടന്നിരുന്ന ചടങ്ങുകള്‍ മലയാളികളും അവരുടെ വിവാഹങ്ങളില്‍ ഉള്‍ക്കൊള്ളിച്ച് തുടങ്ങി. സെലിബ്രിറ്റി വിവാഹങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അതിനോട് കിടപിടിക്കുന്ന തരത്തിലാണ് കേരളത്തില്‍ അടുത്തിടെയായി വിവാഹങ്ങള്‍ നടക്കുന്നത്. സെലിബ്രിറ്റി വിവാഹങ്ങള്‍ പ്രേക്ഷകര്‍ക്ക് എന്നും ഒരു കൗതുക കാഴ്ചയാണ്.

അടുത്തിടെ നടന്ന സെലിബ്രിറ്റി വിവാഹങ്ങളെല്ലാം അത്യാഢംബരം നിറഞ്ഞതും ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്നതുമായിരുന്നു. ലക്ഷങ്ങളും കോടികളും പൊടിച്ച് വിലകൂടിയ വസ്ത്രങ്ങളും വിരുന്നും വാഹനങ്ങളും സ്വര്‍ണ്ണവും എല്ലാമായാണ് ഒട്ടുമിക്ക താരങ്ങളുടേയും വിവാഹം നടക്കാറുള്ളത്. എന്നാല്‍ അവരില്‍ നിന്ന് വ്യത്യസ്തനാവുകയാണ് യുവനടന്‍ ആന്‍സണ്‍ പോള്‍.

Signature-ad

മുപ്പത്തിയാറുകാരനായ താരത്തിന്റേത് രജിസ്റ്റര്‍ വിവാഹമായിരുന്നു. ആളും ആരവുമില്ലാതെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഒരു തുളസി മാല പരസ്പരം അണിയിച്ച് കേക്കില്‍ നിന്ന് മധുരവും നുകര്‍ന്ന് വിവാഹ ചടങ്ങ് ആന്‍സണ്‍ പൂര്‍ത്തിയാക്കി. തിരുവല്ല സ്വദേശി നിധി ആനാണ് ആന്‍സണിന്റെ വധു. തൃപ്പൂണിത്തുറ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ് നടന്നത്.

പേസ്റ്റല്‍ ഗ്രീന്‍ നിറത്തിലുള്ള ഷര്‍ട്ടും കസവ് മുണ്ടും ആയിരുന്നു ആന്‍സണിന്റെ വേഷം ഓഫ് വൈറ്റ് നിറത്തിലുള്ള സാരിയായിരുന്നു വധു നിധിയുടെ വേഷം. ഒരു തരിപൊന്ന് പോലും നിധി അണിഞ്ഞിരുന്നില്ല. ചടങ്ങിനായി പ്രത്യേകമായി മേക്കോവര്‍ വധു നടത്തിയിട്ടുമില്ല. ഇരുവരും തുളസിമാല പരസ്പരം അണിയിച്ചതോടെയാണ് ചടങ്ങ് ആരംഭിച്ചത്. ശേഷം വിവാഹം രജിസ്റ്റര്‍ ചെയ്തു.

പിന്നീട് സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ ഒരു കേക്ക് മുറിച്ച് പരസ്പരം മധുരം നുണഞ്ഞു. അത്യാഢബര പൂര്‍വം വിവാഹം നടത്താന്‍ ശേഷിയുണ്ടായിരുന്നിട്ടും കാട്ടിക്കൂട്ടലുകളില്ലാതെ സിംപിളായി വിവാഹം നടത്തിയ ആന്‍സണിനേയും വധു നിധിയേയും പ്രശംസിച്ചുള്ള കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സംരംഭകയാണ് ആന്‍സണിന്റെ വധു നിധി. യുകെയില്‍ സെറ്റിലായിരുന്ന നിധി ബിസിനസ് ആരംഭിച്ചശേഷം കേരളത്തില്‍ തന്നെയുണ്ട്.

ബ്രെയിന്‍ ട്യൂമറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന് തന്റെ ആരാധകരെ അത്ഭുതപ്പെടുത്തിയ താരമാണ് ഇപ്പോള്‍ വീണ്ടും മാതൃകാപരമായ വിവാഹത്തിലൂടെ ഞെട്ടിച്ചിരിക്കുന്നത്. പൊതുവെ വിവാഹത്തിന് ഒരു മാസം മുമ്പ് സേവ് ദി ഡേറ്റ് അടക്കമുള്ള പങ്കുവെച്ച് ആളുകള്‍ വിവാഹത്തിന്റെ വിളംബരം നടത്തുന്ന കാലത്താണ് കല്യാണത്തിന്റെ ഒരു സൂചന പോലും തരാതെ ആന്‍സണ്‍ വിവാഹിതനായത്.

പന്ത്രണ്ട് വര്‍ഷമായി തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമായി നിലകൊള്ളുന്ന ആന്‍സണിന്റെ അരങ്ങേറ്റം കെക്യു എന്ന സിനിമയിലൂടെയായിരുന്നു. സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സു സു സുധി വാത്മീകം, ഊഴം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. പക്ഷെ ആളുകള്‍ ആന്‍സണിന്റെ പേര് ഗൂഗിളില്‍ തിരഞ്ഞ് തുടങ്ങിയത് തമിഴ് സിനിമ റെമോയുടെ റിലീസിനുശേഷമാണ്. ശിവകാര്‍ത്തികേയന് ഒത്ത സുന്ദരനായ വില്ലനായിരുന്നു റെമോയില്‍ ആന്‍സണ്‍.

അതിനുശേഷം സോളോ, ആട് 2, കല വിപ്ലവം പ്രണയം, അബ്ര?ഹാമിന്റെ സന്തതികള്‍, ദി ?ഗ്ലാംബ്ലര്‍, തമ്പി, മാര്‍ക്കോ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മാര്‍ക്കോയിലെ ആന്‍സണിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ചെറുപ്പം മുതല്‍ സിനിമാ മോഹം മനസില്‍ സൂക്ഷിക്കുന്നയാളാണ് ആന്‍സണ്‍. എഞ്ചിനീയറിങ് പഠനകാലത്താണ് നടന് ട്യൂമര്‍ സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ഒരുപാട് ചികിത്സകളും സര്‍ജറികളും നടത്തിയാണ് ആന്‍സണ്‍ ജീവിതത്തിലേക്ക് തിരികെ വന്നത്. തലയില്‍ 50ലധികം സ്റ്റിച്ച് ആന്‍സണിനുണ്ട്. ട്യൂമര്‍ വന്നിന്റെ അടയാളമെന്നോണം നടന്റെ നെറ്റിയുടെ ഒരു വശത്ത് ഒരു പാട് കാണം. മരണത്തോടുള്ള തന്റെ പോരാട്ടത്തിന്റെ അടയാളമായിട്ടാണ് താരം അതിനെ കരുതുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: