‘ഇന്ത്യ ഒരിക്കലും സ്വന്തം ജനതയ്ക്കുമേല്‍ ബോംബ് വര്‍ഷിക്കാറില്ല; പാകിസ്താന്റെ പോരാട്ടം ഇസ്ലാമിന്റെ പോരാട്ടമല്ല; ഇന്ത്യയേക്കാള്‍ മുസ്ലിംകളെ അടിച്ചമര്‍ത്തുന്നത് പാകിസ്താന്’: രൂക്ഷ വിമര്‍ശനവുമായി ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദ് ഇമാം; പലര്‍ക്കും കാര്യം പിടികിട്ടിയെന്ന് മൗലാന അബ്ദുള്‍ അസീസ് ഘാസി

ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിന്റെ പ്രതിസന്ധികള്‍ മുറുകുന്നതിനിടെ പാകിസ്താനെതിരേ ആഞ്ഞടിച്ച് ഇസ്ലാമാബാദിലെ മുസ്ലിം പുരോഹിതന്. ലാല്‍ മസ്ജിദിലെ മൗലാന അബ്ദുള്‍ അസീസ് ഘാസിയാണു രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ വീഡിയോയും ഇന്റര്‍നെറ്റില്‍ വന്‍ പ്രചാരം നേടിയിട്ടുണ്ട്.
ഇന്ത്യയേക്കാള്‍ മുസ്ലിംകള് അടിച്ചമര്‍ത്തല്‍ നേരിടുന്നത് പാകിസ്താനിലാണ്. പാകിസ്താന്റെ യുദ്ധം ഇസ്ലാമിന്റെ പേരാട്ടമല്ല. ദേശീയതയുടെ യുദ്ധമാണെന്നും ലാല്‍ മസ്ജിദിലെ ഇമാമും ഖാതീബുമായ ഘാസി പറഞ്ഞു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരേയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നു. സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കുനേരെ ആക്രമണങ്ങളുണ്ടാകുമ്പോള്‍ നോക്കി നില്ക്കുന്ന ക്രൂരവും പ്രയോജന രഹിതവുമായ സംവിധാനമാണ് ഇപ്പോള്‍ പാകിസ്താനിലേത്. യുദ്ധമുണ്ടായാല്‍ ആരൊക്കെ പാകിസ്താനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹത്തിന്റെ ചോദ്യത്തോട് അണികളും മൗനം പാലിച്ചിട്ടുണ്ട്.
لال مسجد کے مولانا عبدالعزیز غازی کا خطاب سنئیے جس میں وہ کہتے ہیں کہ پاکستان کی لڑائی قومیت کی لڑائی ہے اسلام کی نہیں اور پاکستان میں بھارت سے زیادہ ظلم ہے وغیرہ وغیرہ۔ ریاست کے وہ کارندے غور سے سُنیں جو ان حضرات کی سرپرستی کرتے ہیں اور سیکولر پاکستانیوں کو خطرہ سمجھتے ہیں۔ pic.twitter.com/l9Or4OJWHl
— Husain Haqqani (@husainhaqqani) May 4, 2025
‘കുറച്ചുപേര്‍ മാത്രമാണ് പാകിസ്താനെ പിന്തുണയ്്ക്കാന്‍ രംഗത്തുള്ളത്. അതിന്റെയര്‍ഥം പലര്‍ക്കും കാര്യം പിടികിട്ടിയെന്നാണ്. ഇതൊരു ഇസ്ലാമിക് യുദ്ധമല്ല. ഇന്ത്യയും-പാകിസ്താനും തമ്മിലുള്ള യുദ്ധമാണ്. ഇന്നു പാകിസ്താനിലുള്ളത് ഇന്ത്യയേക്കാള്‍ വഷളായ സംവിധാനമാണ്. ഇന്ത്യയേക്കാള്‍ കൂടുതല്‍ മുസ്ലിംകളെ അടിച്ചമര്‍ത്തുന്നതു പാകിസ്താനാണ്. ലാല്‍ മസ്ജിദിലുണ്ടായതുപോലെ ഭീകരമായ സംഭവങ്ങള്‍ ഇന്ത്യയില്‍ ഇല്ലെ’ന്നും അദ്ദേഹം പറഞ്ഞു.
2007ല്‍ ലാല്‍ മസ്ജിദിനുനേരെയുണ്ടായ ആക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു ഘാസിയുടെ ചോദ്യം. ഇന്ത്യ സ്വന്തം രാജ്യത്തെ ഏതെങ്കിലും പൗരന്മാരുടെ മേല്‍ ബോംബ് വയ്ക്കാറുണ്ടോ? പാകിസ്താനില്‍ ജനങ്ങള്‍ അപ്രത്യക്ഷരാകുന്നതുപോലെ ഇന്ത്യയില്‍ സംഭവിക്കാറുണ്ടോ? വസീറിസ്താനിലും ഖൈബര്‍ പക്തുണ്‍ക്വയിലും എന്തൊക്കെ അക്രമങ്ങളാണു നടക്കുന്നത്. ഇന്ത്യയിലെവിടെയെങ്കിലും ഫൈറ്റര്‍ ജെറ്റുകര് സ്വന്തം ജനതയ്ക്കുമേല്‍ ബോംബ് വര്ഷിക്കാറുണ്ടോ? പ്രിയപ്പെട്ടവരെ തേടിയലഞ്ഞു മടുത്തശേഷം ജനങ്ങള്‍ക്കിവിടെ പ്രക്ഷോഭത്തിന് ഇറങ്ങേണ്ടിവരുന്നു. ഇമാമുമാരെ കാണാതാകുന്നു. മാധ്യമപ്രവര്‍ത്തകരെ കാണാതാകുന്നു. തെഹ്രീക്-ഇ- ഇന്‍സാഫ് അംഗങ്ങളെ കാണാതാകുന്നു’- അദ്ദേഹം പറഞ്ഞു.
പാകിസ്താനില്‍ അടുത്തിടെ സര്‍ക്കാരിനോടുള്ള അവിശ്വാസം വ്യക്തമാക്കുന്നതാണു ഘാസിയുടെ വാക്കുകളെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഇതിനുമുമ്പും ഇദ്ദേഹം സര്‍ക്കാരിനെ വിമര്‍ശിച്ചു രംഗത്തുവന്നിട്ടുണ്ടെങ്കിലും യുദ്ധത്തിന്റെ മുനമ്പില്‍ നില്ക്കുമ്പോള് ഇത്തരമൊരു പരാമര്‍ശം പാകിസ്താനു ബുദ്ധിമുട്ടുണ്ടാക്കുമെന്നു വ്യക്തമാണ്.
എന്നാല്‍, റാഡിക്കല്‍ ഇസ്ലാമിന്റെ കേന്ദ്രമെന്ന നിലയിലാണു ലാല്‍ മസ്ജിദിനെ പരിഗണിക്കുന്നത്. ശരിയത്ത് നിയമം നടപ്പാക്കണമെന്നു ശക്തമായി വാദിക്കുന്നവരാണിവര്‍. അബ്ദുള്‍ അസീസും അബ്ദുള്‍ റാഷിദ് ഖാസിയും നയിക്കുന്ന സ്ഥാപനത്തിലേക്കു 2007ല്‍ പാക് സര്‍ക്കാര്‍ സൈനിക നീക്കംവരെ നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ സെക്കുലറായ പാകിസ്താനികള്‍ക്കു ഭീഷണിയാണെന്നും ഉദ്യോഗസ്ഥര്‍ ഇവര്‍ക്കുവേണ്ടി മൗനം പാലിക്കുകയാണെന്നു വിമര്‍ശിക്കുന്നവരുമുണ്ട്.






