Breaking NewsIndiaLead NewsNEWSNewsthen Specialpolitics

ഒരുലക്ഷം രൂപയ്ക്ക് കമ്പനി തുടങ്ങി; ഹരിയാന കോണ്‍ഗ്രസ് സര്‍ക്കാര്‍ 7.5 കോടിയുടെ ഭൂമി ഇരുണ്ടു വെളുത്തപ്പോള്‍ രജിസ്റ്റര്‍ ചെയ്തുനല്‍കി; 700 ശതമാനം ഉയര്‍ന്ന നിരക്കില്‍ ഡിഎല്‍എഫിന് വില്‍പന; ഇടപാടു റദ്ദാക്കിയ രജിസ്‌ട്രേഷന്‍ ഐജിയെ തെറിപ്പിച്ചു; കള്ളപ്പണ ഇടപാടില്‍ ഇഡി പിടിമുറുക്കിയ റോബര്‍ട്ട് വാദ്ര ചെറിയ മീനല്ല!

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. 17 വര്‍ഷം പഴക്കമുള്ള കേസില്‍ ഇഡി പുതിയ ഇടപെടലുകള്‍ നടത്തുമ്പോള്‍ അത് രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാകുകയാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇഡി ഇന്ന് വാദ്രയെ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇത് രണ്ടാം തവണയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യല്‍. ഏറെ കാലമായി ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പു കാലങ്ങളില്‍ ഹരിയാനയില്‍ ബിജെപി കോണ്‍ഗ്രസിനെതിരെ പ്രചരണായുധമാക്കുന്നതാണ് വാദ്രക്കെതിരായ കേസ്. ഇത്തവണയും രാഷ്ട്രീയ ലക്ഷ്യമാണ് ബിജെപിക്കുള്ളതെന്നാണ് വാദ്രയുടെ പ്രതികരണം.

റോബര്‍ട്ട് വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും റിയല്‍ എസ്റ്റേറ്റ് വമ്പന്‍മാരായ ഡിഎല്‍എഫും ചേര്‍ന്ന് നടത്തിയ ഇടപാടാണ് നിയമക്കുരുക്കാകുന്നത്. 2007 ലാണ് വാദ്ര ഈ കമ്പനി ആരംഭിച്ചത്. ഒരു ലക്ഷം രൂപയായിരുന്നു മൂലധനം. 2008 ല്‍ ഗുരുഗ്രാമിലെ മനേസര്‍ സിക്കോപൂരില്‍ കമ്പനി 3.5 ഏക്കര്‍ സ്ഥലം വാങ്ങി. ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിയുമായി 7.5 കോടി രൂപക്കായിരുന്നു ഇടപാട്. ഭൂമി വദ്രയുടെ കമ്പനിയുടെ പേരില്‍ 24 മണിക്കൂറുനുള്ളിലാണ് രജിസ്റ്റര്‍ ചെയ്തത്. സാധാരണ ഒരു മാസമെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കിയതില്‍ ക്രമക്കേടുണ്ടെന്നു ബിജെപി അന്നുതന്നെ ആരോപിച്ചിരുന്നു.

Signature-ad

ഒരു മാസത്തിന് ശേഷം ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വാദ്രയുടെ കമ്പനിക്ക് ഈ ഭൂമിയില്‍ ഹൗസിംഗ് പ്രോജക്ടിന് അനുമതി നല്‍കിയതോടെ ഇവിടെ സ്ഥലത്തിന്റെ വില കുതിച്ചുയര്‍ന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് ഡിഎല്‍എഫുമായുള്ള ഇടപാട് തുടങ്ങുന്നത്. വാദ്രയുടെ ഭൂമി 58 കോടി രൂപക്ക് ഡിഎല്‍എഫ് വാങ്ങിയതോടെയാണ് രാഷ്ട്രീയ അസ്വസ്ഥതകള്‍ തുടങ്ങുന്നത്. വദ്ര സ്ഥലം വാങ്ങിയ വിലയേക്കാള്‍ 700 ശതമാനം ഉയര്‍ന്ന നിരക്കിലായിരുന്നു ആ ഇടപാട്. സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് ഇന്‍സ്റ്റാള്‍മെന്റുകളായി ഡിഎല്‍എഫ് പണം നല്‍കുകയും 2012ല്‍ ഭൂമി കൈമാറുകയും ചെയ്തു.

എന്നാല്‍, ഡിഎല്‍എഫുമായുള്ള ഇടപാട് റദ്ദാക്കി കൊണ്ട് ഹരിയാന രജിസ്ട്രേഷന്‍ ഐജി അശോക് കെംക എടുത്ത തീരുമാനമാണ് വര്‍ഷങ്ങള്‍ നീണ്ട നിയമക്കുരുക്കിന്റെ തുടക്കം. ഹരിയാനയില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോഴായിരുന്നു ഐജി വിമതനായത്. ഉടനെ അശോക് കെംകയെ സര്‍ക്കാര്‍ സ്ഥലം മാറ്റിയെങ്കിലും പദവിയില്‍നിന്ന് മാറുന്നതിന് മുമ്പു തന്നെ വദ്രയുടെ കമ്പനിക്കെതിരായ റിപ്പോര്‍ട്ട് കെംക സമര്‍പ്പിച്ചിരുന്നു.

സ്‌കൈലൈറ്റ് കമ്പനിയുടെ ഭൂമി രജിസ്ട്രേഷന്‍ തുടക്കം മുതല്‍ നിയമവിധേയമല്ല എന്നായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. രേഖകളില്‍ ഒപ്പുവെച്ച അസിസ്റ്റന്റ് കണ്‍സോളിഡേഷന്‍ ഓഫീസര്‍ക്ക് അതിനുള്ള അധികാരമില്ലെന്നായിരുന്നു കണ്ടെത്തല്‍. കണ്‍സോളിഡേഷന്‍ ഓഫീസറുടെ അനുമതിയില്ലാതെ ഭൂമിയുടെ കൈമാറ്റം സാധ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. സംഭവം വിവാദമായതോടെ ഹരിയാന സര്‍ക്കാര്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധനക്ക് ഉത്തരവിട്ടു. 2013 ഏപ്രിലില്‍ ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാദ്രയുടെ കമ്പനിക്കും ഡിഎല്‍എഫിനും സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്‍കി. അശോക് കെംക സ്വന്തം അധികാര പരിധിക്ക് പുറത്തു നിന്നാണ് പ്രവര്‍ത്തിച്ചതെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

2014 ല്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം ചെയ്തത് ഈ കേസില്‍ ജസ്റ്റിസ് ധിന്‍ഗ്ര കമ്മീഷനെ നിയമിക്കുകയാണ്. കമ്മീഷന്‍ 182 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയെങ്കിലും അത് പുറത്തു വന്നില്ല ധിന്‍ഗ്ര കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപേന്ദര്‍ സിംഗ് ഹൂഡ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. അപ്പോഴും ധിന്‍ഗ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാണ് ബിജെപി സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്.

2018 ല്‍ ഹരിയാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റോബര്‍ട്ട് വാദ്ര, ഡിഎല്‍എഫ്, ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസ് എന്നിവര്‍ക്കൊപ്പം ഹൂഡയും പ്രതി ചേര്‍ക്കപ്പെട്ടു. ഗൂഢാലോച, വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടത്. ആരോപണങ്ങളുടെ മുനയൊടുക്കാന്‍ കോണ്‍ഗ്രസ് പരിമാവധി ശ്രമിച്ചെങ്കിലും വദ്രക്കും ഹൂഡക്കും നിയമക്കുരുക്ക് മുറുകിയിരുന്നു.

ഒത്തുകളിച്ച് ബിജെപിയും

അതേസമയം, 2023 ല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം ബിജെപിയുടെ നീക്കങ്ങളെ സംശയത്തിന്റെ നിഴലിലാക്കുന്നു. സിറ്റിംഗ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ സംസ്ഥാനത്ത് കെട്ടിക്കടക്കുന്ന കേസുകളുടെ നിജസ്ഥിതി റിപ്പോര്‍ട്ടില്‍, സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത് വാദ്രയുടെ ഭൂമി സംബന്ധിച്ച് നിയമപ്രശ്‌നങ്ങളില്ല എന്നായിരുന്നു. സ്‌കൈലൈറ്റും ഡിഎല്‍എഫും തമ്മില്‍ നടന്ന ഇടപാടില്‍ നിയമലംഘനമില്ലെന്ന് തഹസില്‍ദാരുടെ റിപ്പോര്‍ട്ട് ലഭിച്ചതായും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

വിവാദ ഭൂമി ഇപ്പോള്‍ ഡിഎല്‍എഫിന്റെ പേരില്‍ കാണുന്നില്ലെന്നും ഇത് ഹരിയാന സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ പേരിലാണെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതോടെ ഭൂമി ഇടപാട് കൂടുതല്‍ സങ്കീര്‍ണമായി മാറുകയാണ്. ഇതിനിടയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ രംഗപ്രവേശം. ഭൂമി ഇടപാടിലെ സാമ്പത്തിക കൈമാറ്റങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്.

#robert_vadra #priyanka #DLF #ED

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: