സീനിയര്‍ താരമായിട്ടും അശ്വിനെ പുറത്തിരുത്തി; ചെന്നൈ ജയിച്ചു; പ്ലേ ഓഫ് സാധ്യതയും മുന്നില്‍; മറ്റു ടീമുകള്‍ ഈ സീനിയര്‍ താരങ്ങളെ മാറ്റിയാല്‍ നാണക്കേടില്ലാതെ കഴിച്ചിലാകാം; ടീമിന്റെ ഉപദേശകരായി തുടര്‍ന്നാല്‍ മതിയെന്നും വാദം

ചെന്നൈ: ഐപിഎല്ലില്‍ തുടര്‍ തോല്‍വികള്‍ക്കിടയില്‍ ആശ്വാസ ജയം നേടി ചെന്നൈ വീണ്ടും ട്രാക്കിലേക്ക് എത്തിയിരിക്കുകയാണ്. ഇനിയുള്ള ഏഴു മത്സരങ്ങളില്‍ ആറെണ്ണത്തില്‍ ജയിക്കുകയും മെച്ചപ്പെട്ട റണ്‍റേറ്റ് നേടുകയും ചെയ്താല്‍ പ്ലേ ഓഫിലെത്താനുള്ള സാധ്യത ഇനിയുമുണ്ട്. ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയ ധോണിയുടെ മികച്ച പ്രകടനവും ആരാധകര്‍ക്ക് ആശ്വാസമായി. ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിനെ അഞ്ച് വിക്കറ്റിനാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ഏഴ് വിക്കറ്റിന് 166 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ മൂന്ന് പന്ത് ബാക്കിയാക്കി വിജയം നേടിയെടുക്കുകയായിരുന്നു. ശിവം ദുബെയുടേയും (43*) നായകന്‍ എംഎസ് ധോണിയുടേയും (26*) ബാറ്റിങ് പ്രകടനമാണ് സിഎസ്‌കെയ്ക്ക് അനായാസ ജയമൊരുക്കിയത്.

എന്നാല്‍, മോശം ഫോമിലായ അശ്വനിനെ പുറത്തിരുത്താന്‍ കാട്ടിയ ധൈര്യവും ഈ സാഹചര്യത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. മുതിര്‍ന്ന ടീം അംഗങ്ങളെ ഒഴിവാക്കുന്നത് സാധാരണഗതിയില്‍ പതിവില്ലെങ്കിലും ഓള്‍റൗണ്ടര്‍ കൂടിയായ അശ്വിനെ പുറത്തിരുത്തുകയായിരുന്നു. ഇതു കഴിഞ്ഞ കളിയിലും നിര്‍ണായകമായി.
രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക്കിനെ ഇതിനോടകം കൊണ്ടുവന്നിട്ടുണ്ട്.ഇപ്പോള്‍ ഇംപാക്ട് പ്ലയറായി ബാറ്റിങ്ങില്‍ മാത്രമാണ് രോഹിത്തിനെ പരിഗണിക്കുന്നത്. രോഹിത്തിന്റെ ഉപദേശങ്ങള്‍ ടീമിന് ആവശ്യമാണ്. അദ്ദേഹത്തെ മെന്റര്‍ റോളിലേക്ക് മാറ്റേണ്ട സമയം അതിക്രമിച്ചെന്നും വിമര്‍ശകര്‍ പറയുന്നു.
ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ് ചഹാല്‍. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു ചാഹല്‍. എന്നാല്‍ ഇത്തവണ പഞ്ചാബ് കിങ്സിനൊപ്പമാണ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്സിനൊപ്പം മികച്ച പ്രകടനം നടത്താന്‍ ചഹാലിന് സാധിക്കുന്നില്ല. വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കാത്ത ചഹാലിനെ ഇനിയും വിശ്വസിച്ച് മുന്നോട്ട് പോകുന്നത് പഞ്ചാബിനെ പിന്നോട്ടടിക്കാനാണ് സാധ്യത.
സഞ്ജു സാംസണ്‍ ഉപയോഗിച്ചതുപോലെ ചഹാലിനെ വേണ്ടവിധം ഉപയോഗിക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ തല്ലുകൊള്ളിയായി ചഹാല്‍ മാറുകയും ടീമിന് ബാധ്യതയായി മാറുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ ചഹാലിനെ പുറത്തിരുത്തുന്നതാണ് പഞ്ചാബിന് നല്ലതെന്ന് പറയാം.
ഇന്ത്യയുടെ സീനിയര്‍ പേസറായ മുഹമ്മദ് ഷമി ഇത്തവണ സണ്‍റൈസേഴ്സ് ഹൈദരാബാദിലാണ്. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കസറിയ ഷമിക്ക് പഴയ മികവ് ഇപ്പോള്‍ അവകാശപ്പെടാനാവുന്നില്ല. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ നന്നായി തല്ലുവാങ്ങിയ ഷമി ഇന്ത്യക്കാരന്റെ ഐപിഎല്ലിലെ ഏറ്റവും മോശം ബൗളിങ് പ്രകടനമെന്ന നാണക്കേടിലേക്ക് എത്തിയിരുന്നു. നിലവിലെ ഷമിയുടെ ബൗളിങ് പ്രകടനം ടീമിന് വലിയ ബാധ്യതയാണെന്ന് തന്നെ പറയാം.