ശ്രദ്ധക്കണ്ടേ അമ്പാനേ! ഇതു ഗൂഗിള്‍ ലെന്‍സിന്റെ കാലമാണെന്നു ബിജെപി നേതാക്കള്‍ മറന്നു! വഖഫ് ബില്ലിന്റെ പേരില്‍ പശ്ചിമബംഗാളിലുണ്ടായ അക്രമം മുതലെടുക്കാന്‍ സംഘപരിവാര്‍; ഹിന്ദു ആഘോഷങ്ങള്‍ക്കിടെ മുസ്ലിംകള്‍ നടത്തിയ അക്രമങ്ങളെന്ന പേരില്‍ പുറത്തുവിട്ട ചിത്രങ്ങള്‍ സിഎഎ വിരുദ്ധ സമര കാലത്തേത്; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെതിരേ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങള്‍ക്കു പിന്നാലെ ഹിന്ദു ആഘോഷങ്ങ ദിനങ്ങളില്‍ മുസ്ലിംകള്‍ നടത്തിയ കലാപമെന്ന നിലയില്‍ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും ബിജെപി പ്രചരിപ്പിച്ച ചിത്രങ്ങള്‍ വ്യാജം. അക്രമങ്ങള്‍ വര്‍ധിച്ചതിനു പിന്നാലെ കൊല്‍ക്കത്ത ഹൈക്കോടതിക്കു കേന്ദ്ര സേനയെ വിന്യസിക്കാന്‍ ഉത്തരവിടേണ്ടിവന്നു. ഇതിനു പിന്നാലെ സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്‌പോരും കനത്തു. സംസ്ഥാനത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്ന നിലയിലേക്ക് ഇതു വളര്‍ന്നിട്ടുണ്ട്.
ഈ സാഹചര്യത്തിലാണു ബിജെപിയുടെ പശ്ചിമബംഗാള്‍ ഘടകത്തിന്റെ ഒഫീഷ്യല്‍ എക്‌സ് (ട്വിറ്റര്‍) പേജില്‍ ഏപ്രില്‍ 13നു ഷെയര്‍ ചെയ്ത ചിത്രവും വന്‍ വിവാദമായിരുന്നു. കൊല്‍ക്കത്തയിലടക്കം ഒമ്പതു സ്ഥലത്തു തൃണമൂല്‍ പ്രവര്‍ത്തകര്‍ വന്‍ കലാപം അഴിച്ചുവിടുന്നെന്ന പേരിലുള്ള ചിത്രങ്ങളാണ് കൊളാഷ് ആയി പ്രചരിപ്പിച്ചത്. ഓരോ ചിത്രത്തിനും ഹിന്ദു ആഘോഷത്തോട് അനുബന്ധിച്ചു തൃണമൂല്‍ നടത്തിയ അക്രമമെന്നാണു പ്രചാരണം. ‘തൃണമൂലിന്റെ കറവപ്പശുക്കള്‍ക്ക് എന്തെങ്കിലും കാരണം മതി’യെന്ന വിശേഷണമാണ് ബംഗാളി ഭാഷയില്‍ നല്‍കിയത്.

എന്നാല്‍, കൊളാഷിലുള്ള ഓരോ ചിത്രങ്ങളുമെടുത്തു പ്രത്യേകം പരിശോധിച്ചപ്പോഴാണു ഇതിലെ തട്ടിപ്പും കള്ളത്തരവും പുറത്തുവന്നത്. ഒമ്പതില്‍ എട്ടു ചിത്രങ്ങളും സിഎഎയുമായി (പൗരത്വ ഭേദഗതി ബില്‍) ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടെ ഭാഗമാണ്. അതില്‍ ആറെണ്ണവും മറ്റു സംസ്ഥാനങ്ങളിലെ സമരങ്ങളാണ്.

അതില്‍ ഗണേശ ചതുര്‍ഥിക്കുണ്ടായ കലാപമെന്ന ക്യാപ്ഷന്‍ നല്‍കിയ ചിത്രം 2019ല്‍ ഉണ്ടായ സംഭവമാണ്. ഇതേ ചിത്രങ്ങള്‍ നിരവധി വെബ്‌സൈറ്റുകളില്‍ വാര്‍ത്തയായിട്ടുണ്ട്. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലാണു സംഭവം. ഇത് ദേശീയ ന്യൂസ് ഏജന്‍സിയായ പിടിഐയും അന്നു പുറത്തുവിട്ടിരുന്നു. ഈ സമയം പശ്ചിമ ബംഗാളിലെ നിരവധിയിടങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. പ്രിന്റ്, ഫ്രീപ്രസ് ജേണല്‍ തുടങ്ങിയ മാധ്യമങ്ങളും ഈ സമയം ഇതേ ചിത്രം ഉപയോഗിച്ചു വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു.
രണ്ടാമത്തെയും എട്ടാമത്തെയും ചിത്രങ്ങള്‍ യഥാക്രമം സരസ്വതി പൂജയ്ക്കും ദസറയ്ക്കും നടത്തിയ സമരമെന്നാണു പറയുന്നത്. എന്നാലിതും സിഎഎ വിരുദ്ധ കലാപത്തിന്റെ ഭാഗമായി ലക്‌നൗവില്‍ നടന്നതാണെന്നു റിവേഴ്‌സ് സര്‍ച്ചിലൂടെ കണ്ടെത്തി. ടൈംസ് ഓഫ് ഇന്ത്യ പോലുള്ള പ്രമുഖ മാധ്യമങ്ങള്‍ ഈ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. 2019 ഡിസംബര്‍ 23ന് ആണു സംഭവം നടന്നത്.
മൂന്നാമത്തെ ചിത്രം സൈക്കിള്‍ റിക്ഷയ്ക്കു തീകൊടുത്തതാണ്. രാമനവമിക്കുണ്ടായ സംഭവമെന്ന തരത്തിലാണു ചിത്രം ബിജെപി പ്രചരിപ്പിച്ചത്. എന്നാല്‍, ഹൗറ സിറ്റിയില്‍ രാമനവമി ദിനത്തില്‍ 2023ല്‍ ഉണ്ടായ സംഭവത്തിന്റെ ചിത്രമാണെന്നു കണ്ടെത്തി. വഖഫുമായി ചിത്രത്തിനു ബന്ധമില്ല. പിടിഐ റിപ്പോര്‍ട്ട് ചെയ്ത സംഭവം ഡെക്കാണ്‍ ഹെറാള്‍ഡും പുറത്തുവിട്ടിരുന്നു. ഔട്ട് ലുക്ക്, ന്യൂസ് 18, ഇന്ത്യ ടുഡേ പോലുള്ള മാധ്യമങ്ങളും റിക്ഷ കത്തുന്ന ചിത്രം വാര്‍ത്തയ്‌ക്കൊപ്പം നല്‍കി.
ഹോളി ആഘോഷത്തോട് അനുബന്ധിച്ചു നടന്ന കലാപമെന്ന തരത്തിലാണു നാലാമത്തെ ചിത്രത്തെ അവതരിപ്പിക്കുന്നത്. മാസ്‌ക് ധരിച്ചയാള്‍ നോക്കിനില്‍ക്കേ വാഹനങ്ങള്‍ക്കു തീയിടുന്നതാണു ചിത്രം. എന്നാലിത് 2019 ഡിസംബര്‍ 29ന് വിശാല്‍ ശ്രീവാസ്തവ് എന്നയാള്‍ പകര്‍ത്തിയതാണെന്നു കണ്ടെത്തി. ഇതും സിഎഎ സമരത്തിന്റെ ഭാഗമായി ലക്‌നൗവില്‍ നടന്നതാണ്.
വെള്ളയുടുപ്പു ധരിച്ച ഒരാളെ നിരവധിപ്പേര്‍ ചേര്‍ന്ന് എടുത്തുകൊണ്ടു പോകുന്നതും കലാപത്തിന്റെ ഭാഗമായി തീപടര്‍ന്നതുമൊക്കെയാണ്. ദീപാവലിക്കു നടന്ന സംഭവമെന്ന നിലയിലാണു മുസ്ലിംകള്‍ക്കെതിരേ പ്രചരിപ്പിക്കുന്നത്. ഈ ചിത്രം 2020 ജനുവരി മൂന്നിനു ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മംഗളുരു മേയര്‍ കെ. അഷ്‌റഫിനെയാണ് എടുത്തുകൊണ്ടുപോകുന്നത്. ഇതും സിഎഎ വിരുദ്ധ സമരത്തിന്റെ ഭാഗമാണ്.
ദുര്‍ഗാപൂജയ്ക്കു നടന്ന കലാപമെന്ന നിലയിലാണ് ആറാമത്തെ ചിത്രം പ്രചരിക്കുന്നത്. തീപടര്‍ന്ന തെരുവില്‍ നിരവധി കലാപകാരികള്‍ നില്‍ക്കുന്നതാണു ചിത്രം. 2019 ഡിസംബറില്‍ പശ്ചിമബംഗാളിലെ ഹൗറയിലെ കോന എക്‌സ്പ്രസ് വേയിലുണ്ടായ സഭമാണിത്. ഈ ചിത്രം ഇന്ത്യന്‍ എക്‌സ്പ്രസ് നിരവധി റിപ്പോര്‍ട്ടുകളില്‍ ഉപയോഗിച്ചിട്ടുണ്ട്.
ഹനുമാന്‍ ജയന്തിയിലുണ്ടായ കലാപമെന്ന നിലയിലാണ് ഏഴാമത്തെ ചിത്രം നല്‍കിയത്. മാസ്‌ക് ധാരികളടക്കം നിരവധിപ്പേര്‍ റോഡില്‍ തീയിടുന്നതും അക്രമം അഴിച്ചുവിടുന്നതുമാണു ചിത്രത്തില്‍. ഇത് 2019 ഡിസംബര്‍ 29ന് ഇന്ത്യന്‍ എക്‌സ്പ്രസ് ചിത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മംഗലാപുരത്ത് നടന്ന സംഭവമെന്ന നിലയിലാണ് റിപ്പോര്‍ട്ടില്‍ ചിത്രം ഉള്‍പ്പെടുത്തിയിട്ടുള്ളത്. റോയിട്ടേഴ്‌സും ഇതുപയോഗിച്ചിട്ടുണ്ട്.
സംക്രാന്തി ദിനത്തില്‍ മുസ്ലിംകള്‍ നടത്തിയ കലാപമെന്ന നിലയിലാണ് ഒമ്പതാമത്തെ ചിത്രത്തിന്റെ ഉപയോഗം. പശ്ചിമബംഗാളില്‍ ഹിന്ദു ആഘോഷമായ മകര്‍ സംക്രാന്തിക്കുണ്ടായ കലാപമെന്നാണു വിശദീകരണം. ഇത് അസമില്‍ 2019ല്‍ സിഎഎ വിരുദ്ധ സമരത്തിലെ തീയും പുകയുമാണ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പോലീസ് വെടിവയ്പില്‍ മൂന്നു ജീവനുകള്‍ നഷ്ടമായെന്നും ഗുവാഹട്ടിയിലാണു സംഭവമെന്നും പറയുന്നു. പിടിഐ തന്നെ ഈ ചിത്രം പുറത്തുവിട്ടിട്ടുണ്ട്.
എക്‌സിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ നിരവധി ഹിന്ദുത്വ സംഘടനകളും ഇത് ഏറ്റുപിടിച്ചിട്ടുണ്ട്. ഇതിലൊന്നു മാത്രമാണ് ഹിന്ദു ആഘോഷത്തോട് അനുബന്ധിച്ചു നടന്നിട്ടുള്ളത്. ബാക്കി മുഴുവന്‍ കേന്ദ്രസര്‍ക്കാരിന്റെ സിഎഎ ബില്ലിനോട് അനുബന്ധിച്ചുണ്ടായ കലാപമാണ്.