NEWSWorld

പൗരത്വ നിയമങ്ങൾ കർശനമാക്കും: അമേരിക്കയിൽ ഗ്രീൻ കാർഡ് ഉടമകൾക്കും പങ്കാളികൾക്കും പുതിയ വെല്ലുവിളികൾ

     വാഷിങ്ടണ്‍: ഒരു യുഎസ് പൗരനെയോ ഗ്രീന്‍ കാര്‍ഡ് ഉടമയെയോ വിവാഹം കഴിക്കുന്നത് യുഎസിൽ എത്താനുള്ള എളുപ്പവഴിയായിരുന്നു മുമ്പ്. എന്നാൽ ട്രംപ് ഭരണകൂടം രണ്ടാമത് അധികാരത്തിലേറിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ഗ്രീന്‍ കാര്‍ഡ് ഉടമകളും അവരുടെ ജീവിത പങ്കാളികളും നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്.

ജീവിതപങ്കാളി ഇന്ത്യയിലാണെങ്കില്‍ യുഎസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരാണ് അഭിമുഖം നടത്തുന്നത്. വിവാഹശേഷം അവർ യുഎസിലാണെങ്കില്‍ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാം. ഈ സാഹചര്യത്തില്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിലെ ഉദ്യോഗസ്ഥരാണ് അഭിമുഖം നടത്തുന്നത്. ആവശ്യമായ എല്ലാ രേഖകളും കൃത്യമായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശിക്കുന്നു.

Signature-ad

ഇമിഗ്രേഷന്‍ അഭിഭാഷകന്‍ അശ്വിന്‍ ശര്‍മ്മയുടെ അഭിപ്രായത്തില്‍, ഉദ്യോഗസ്ഥര്‍ കൂടുതല്‍ കർശനമായും ആഴത്തിലും പരിശോധന നടത്തുന്നുണ്ട്. ബൈഡൻ്റെ ഭരണകാലത്തേക്കാൾ സൂക്ഷമമായി അവരുടെ വിവേചനാധികാരം ഉപയോഗിക്കുന്നു. വിവാഹങ്ങൾ പരിശോധിക്കാൻ അവർ കൂടുതൽ സമയം ചെലവഴിക്കുന്നു. കഴിഞ്ഞകാല ചരിത്രത്തെ അടിസ്ഥാനമാക്കി ഈ രീതി ഒരു സ്ഥിരം രീതിയായി മാറാനും ഉടൻ തന്നെ ഒരു ഔപചാരിക നയത്തിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.

ഇനി മുതൽ ദമ്പതികളുടെ പ്രണയത്തിനും വിവാഹത്തിനുമുള്ള രേഖാപരമായ തെളിവുകൾ ആവശ്യമാണ്. ബന്ധം എങ്ങനെ ആരംഭിച്ചു, ഒരുമിച്ച് ദാമ്പത്യ ജീവിതം നയിക്കാനുള്ള യഥാർത്ഥ ഉദ്ദേശ്യം, അത് എങ്ങനെ നിലനിർത്തി, അത് എത്രത്തോളം സത്യസന്ധമാണ് എന്നീ എന്നീ കാര്യങ്ങൾ പരിശോധിക്കപ്പെടും.

ഒരു വ്യക്തി യുഎസ് പൗരനെ വിവാഹം കഴിക്കുന്നതിന് പകരം ഗ്രീന്‍ കാര്‍ഡ് ഉടമയെ വിവാഹം കഴിക്കുകയാണെങ്കിലും നിരവധി പരിശോധനകൾ ഉണ്ടാകും. ദമ്പതികൾ വേർപിരിഞ്ഞു താമസിച്ച വർഷങ്ങൾക്കും കൃത്യമായ വിശദീകരണം നൽകണം. ദാമ്പത്യം അഭിവൃദ്ധിപ്പെടുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിന് കൂടുതൽ രേഖകൾ ആവശ്യമാണ്.

300-ൽ അധികം വിദ്യാർത്ഥികളുടെ യുഎസ് വിസ റദ്ദാക്കിയിട്ടുണ്ട്. അവർക്ക് രാജ്യം വിട്ടുപോകേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: