Breaking NewsMovie

തുടരും- ഒരു ഫാമിലി ഡ്രാമ, എന്നാൽ ഒരു ഫിൽ ഗുഡ് സിനിമയല്ല- തരുൺ മൂർത്തി

തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും  പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്‌ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ് സോഷ്യൽ മീഡിയയുടെ ചർച്ചകൾ മുഴുവൻ. മലയാളിയുടെ നൊസ്റ്റാൾജിയ കൂടെയായ മോഹൻലാൽ – ശോഭന കോമ്പിനേഷനിൽ വരുന്ന ചിത്രമെന്ന തരത്തിൽ കൂടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. ‘ദൃശ്യം’ പോലെയൊരു സിനിമ എന്ന് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞതിനു ശേഷം ചിത്രത്തിൻ്റെ ജോണർ എന്താണെന്നതും ചർച്ചയാണ്. ഒരു സംവിധായകൻ എന്ന നിലയിൽ ‘തുടരും’ ഒരു ഫാമിലി ഡ്രാമയാണ് എന്ന് പറയാൻ ആണ് തനിക്ക് താല്പര്യമെന്നാണ് തരുൺ മൂർത്തി പറയുന്നത്. ‘തുടരും’ തിയറ്ററുകളിലെത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ സംവിധായകൻ തരുൺ മൂർത്തി ഒരു കൂടിക്കാഴ്ച്ചയിൽ വ്യക്തമാക്കി.

ആളുകളുടെ പ്രതീക്ഷയുടെ അമിതഭാരമുണ്ടോ?

Signature-ad

എനിക്കിതുവരെയും അങ്ങനെയൊരു ഭാരം തോന്നുന്നില്ല, ഒരു നല്ല സിനിമ ചെയ്തു എന്ന വിശ്വാസമുണ്ട്. ഞങ്ങൾക്ക് കിട്ടിയ റിസോഴ്‌സസിനെയും, അഭിനേതാക്കളെയും കൃത്യമായി ഉപയോഗിക്കാൻ പറ്റിയെന്നൊരു തോന്നലുണ്ട്. അതൊരു ഓവർ കോൺഫിഡൻസ് ആയല്ല പറയുന്നത്. തിരക്കഥയോട് നീതി പുലർത്തിയ ഒരു സിനിമ ചെയ്യാൻ പറ്റി എന്നൊരു ആത്മവിശ്വാസമുണ്ട്, സന്തോഷമുണ്ട്. ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്നത് മുൻകൂട്ടി പറയാൻ സാധിക്കില്ലല്ലോ. ‘ഓപ്പറേഷൻ ജാവ’ ചെയ്യുമ്പോഴും, ‘സൗദി വെള്ളക്ക’ ചെയ്യുമ്പോഴും ഒരു നല്ല സിനിമ ചെയ്യാൻ സാധിച്ചു എന്നത് തന്നെയായിരുന്നു ഉള്ളിൽ ഉണ്ടായിരുന്നത്. ആ രണ്ട് സിനിമകളും കഴിഞ്ഞപ്പോഴുണ്ടായ സന്തോഷവും ആത്മവിശ്വാസവും തന്നെയാണ് ഇപ്പോഴും ഉള്ളത്. ജനങ്ങൾക്ക് ഇഷ്ടപ്പെടുന്നൊരു മോഹൻലാൽ ചിത്രമായിരിക്കണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്, അതിനപ്പുറത്തേക്ക് ആകുലതകളില്ല.

ട്രെയ്‌ലർ പുറത്തു വന്നു, ആ ട്രെയിലറിൽ തന്നെ ഒരു മൂഡ് ഷിഫ്റ്റ് ഉണ്ട്, ചർച്ചകൾ ഉണ്ടെങ്കിലും എന്താണ് ഈ ചിത്രത്തിന്റെ ജോണർ എന്ന് ഇതുവരെയും പറഞ്ഞിട്ടില്ല. ഇനി പറയാമോ?

ഇതൊരു ഫാമിലി ഡ്രാമയാണ്, അല്ലെങ്കിൽ ഒരു സോഷ്യൽ ഡ്രാമ എന്ന് വേണമെങ്കിൽ പറയാം. ‘ഓപ്പറേഷൻ ജാവയെ’ ത്രില്ലർ എന്ന് എല്ലാവരും പറയുമെങ്കിലും അതിൽ പ്രണയമുണ്ട്, ഫാമിലിയുണ്ട്, സൗഹൃദങ്ങളുണ്ട്, മൾട്ടിയോണേഡ് ചിത്രമാണ് അത്. ‘സൗദി വെള്ളക്ക’ ആണെങ്കിലും അത് കോർട്ട് റൂം ഡ്രാമയാണോ, സോഷ്യൽ സറ്റയർ ആണോ അതോ ഡാർക്ക് ഹ്യൂമർ ആണോ എന്ന ചിന്തകളെല്ലാം വന്നേക്കാം. തുടരും മൾട്ടി ഴോണേഡ് സിനിമ തന്നെയാണ്. പല ലെയറുകളുള്ള സിനിമയാണ്. പക്ഷെ സംവിധായകൻ എന്ന നിലയിൽ ഈ സിനിമയെ ഒരു ഫാമിലി ഡ്രാമ എന്ന് വിളിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.

‘ദൃശ്യം’ പോലെയൊരു സിനിമ എന്ന് ലാലേട്ടൻ ഒരു അഭിമുഖത്തിൽ പറഞ്ഞതിന് ശേഷമാണ് പ്രേക്ഷകർക്കിടയിൽ സിനിമയുടെ സ്വഭാവത്തെ കുറിച്ച് പുതിയ വായനകൾ വന്ന് തുടങ്ങിയത്. അദ്ദേഹമത് പറഞ്ഞത് ഒരു ഫാമിലി മാൻ ആയ, ഗ്രൗണ്ടഡ് ആയ സാധാരക്കാരനെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നത് കൊണ്ടാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നോ, മിസ്റ്ററി ത്രില്ലർ എന്നോ ഇതിനെ വിശേഷിപ്പിക്കാൻ പറ്റില്ല. എനിക്ക് സമൂഹത്തോട് പറയാനുള്ള, ഞാൻ കുടുംബങ്ങളിൽ കണ്ടിട്ടുള്ള നർമങ്ങളും, ചില എക്സൈറ്റ്മെന്റുകളും പറയുന്ന ഒരു സിനിമ. ഫീൽ ഗുഡ് സിനിമയല്ല എന്തായാലും. ത്രില്ലർ എന്നൊന്നും പറഞ്ഞ് ആളുകളുടെ പ്രതീക്ഷകൾ ഉയർത്താനുള്ള ഒന്നും ഈ ചിത്രത്തിൽ ഇല്ല. ഒരു സംവിധായകൻ എന്ന നിലയിൽ ആ ഉറപ്പ് തരാം.

ലാലേട്ടന്റെയും, ശോഭന മാമിന്റെയും കുടുംബത്തിന്റെ ഒരു കഥ കേൾക്കാൻ വരൂ എന്നാണ് പ്രേക്ഷകരോട് പറയാനുള്ളത്. രജപുത്രാ വിഷ്യൽ മീഡിയായുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു സംവിധായകനെ സംബന്ധിച്ചടത്തോളം ഏറ്റം വലിയ അനുഗ്രഹം കൂടെ നിൽക്കുന്ന ഒരു നിർമ്മാതാവിനെ ലഭിക്കുകയെന്നതാണ്.
പൂവ് ആഗ്രഹിച്ചപ്പോൾ പൂന്തോട്ടം കിട്ടിയ അനുഭവമായിരുന്നു രഞ്ജിത്തേട്ടൻ. ഏതു കാര്യത്തിനും എന്നേക്കാൾ മുന്നേ രഞ്ജിത്തേട്ടൻ ഉണ്ടാകും. അതുവലിയ പോസിറ്റീവ് അനുഭവം നൽകി. അതേപോലെ തന്നെയായിരുന്നു ഛായാഗ്രാഹകനായ ഷാജികുമാറിൻ്റെ സാന്നിദ്ധ്യവും. പിന്നെ എടുത്തു പറയേണ്ടത് മ്യൂസിക്ക് കമ്പോസറായ ജെയ്ക്ക് ബിജോയ് യുടേതാണ്.

 

 

 

 

 

 

 

 

നിഷാദ് യൂസഫിൻ്റെ വിടവാങ്ങൽ

ഫിലിം എഡിറ്ററായ നിഷാദ് യൂസഫിൻ്റെ വേർപാട് വല്ലാത്ത ഒരാഘാതം തന്നെയായിരുന്നു. നിഷാദ് ഇല്ലെങ്കിൽ തരുൺ മൂർത്തി എന്നൊരു സംവിധായകൻ പോലുമുണ്ടാകുമോയെന്നു സംശയിക്കുന്നു. ആദ്യ ചിത്രമായ ഓപ്പറേഷൻ ജാവയിൽ തുടങ്ങിയ ബന്ധം, പിന്നിട് സൗദി വെള്ളക്ക യും ഒന്നിച്ചു പ്രവർത്തിച്ചു. ഒരു പ്രൊഫഷണൽ ബന്ധമായിരുന്നില്ല ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. ഈ സിനിമയിൽ നിഷാദ് അഭിനയിച്ചിട്ടുമുണ്ട്. നിഷാദ് വിട്ടു പോയതിനു ശേഷം നിഷാദിനെ പോലെ, അല്ലേൽ നിഷാദ് തന്നെ എന്നൊരു ധൈര്യം എനിക്ക് ഷഫീഖ് എന്ന എഡിറ്ററും തന്നിട്ടുണ്ട്. പ്രതീക്ഷയോടെ തന്നെ കാണുന്നു ഷഫീഖ് എന്ന എഡിറ്ററനെയും.

മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ബിനു പപ്പു, ഇർഷാദ് അലി, നന്ദു, ശ്രീജിത് രവി, ജി. സുരേഷ്കുമാർ, തോമസ്മാത്യൂ, ഷോബി തിലകൻ. ഷൈജു അടിമാലി.കൃഷ്ണ പ്രഭ. റാണിശരൺ, അമൃത വർഷിണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. പ്രൊഡക്ഷൻ കൺട്രോളർ -ഡീക്സൻ കൊടുത്താസ്, കടപ്പാട് ക്യൂ സ്റ്റുഡിയോസ്, വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: