CrimeNEWS

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്, വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ; മനുവിന്റെ മൃതദേഹം കണ്ടത് ജൂനിയര്‍ അഭിഭാഷകര്‍

കൊല്ലം: പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ പി.ജി മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പരാതി ഉയരുകയും അവരോട് മാപ്പ് പറയുന്ന വീഡിയോ പുറത്തു വരികയും ചെയ്തിട്ട് അധിക ദിവസമായിരുന്നില്ല. തൊഴുകൈയോടെ, തലതാഴ്ത്തി മാപ്പ് പറയുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്.

കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തിയാണ് മനു മാപ്പ് പറഞ്ഞത്. വീഡിയോ പുറത്തുവന്നതിന്റെ മാനസിക സംഘര്‍ഷമാണോ മനുവിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ എന്നാണ് പൊലീസിന്റെ സംശയം. ഞായറാഴ്ച രാവിലെ മനുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഡിയോ പുറത്തുവന്ന ശേഷം മനു മനോവിഷമത്തില്‍ ആയിരുന്നെന്നാണ് അടുത്ത് ബന്ധമുള്ളവര്‍ പറയുന്നത്.

Signature-ad

പീഡനക്കേസിലെ അതിജീവിതയാണ് മുന്‍ ഗവ. പ്ലീഡര്‍ പി.ജി മനുവിനെതിരെ പരാതി നല്‍കിയത്. 2018ല്‍ ഉണ്ടായ ലൈംഗികാതിക്രമക്കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിര്‍ദേശപ്രകാരം പരാതിക്കാരി ഗവ. പ്ലീഡറായ മനുവിനെ സമീപിച്ചത്. മനുവിന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോള്‍ തന്നെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതി നല്‍കിയ മൊഴി. ഇതിനു ശേഷം തന്റെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചു.

രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ടായിരുന്നു. മനു അയച്ച വാട്‌സാപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിനു കൈമാറുക കൂടി ചെയ്തതോടെ മനു കുടുങ്ങുകയായിരുന്നു. ഒടുവില്‍ പൊലീസിനു മുന്നില്‍ മനു കീഴടങ്ങി.

എറണാകുളം പുത്തന്‍കുരിശ് പൊലീസിനു മുമ്പാകെയായിരുന്നു മനു കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതോടെ ആയിരുന്നു ഇത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി മനു ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: