മരിക്കാന്‍ നേരത്ത് ഉപ്പ പറഞ്ഞത് അതാണ്… 16 വയസുള്ളപ്പോള്‍ ഒരു കുടുംബം മുഴുവന്‍ തലയിലായി

പാരഡി പാട്ടുകാരന്‍ എന്ന ലേബലിലാണ് നാദിര്‍ഷ ജനകീയനാവുന്നത്. മിമിക്രി രംഗത്ത് നിന്നും കഷ്ടപ്പെട്ട് ഉയര്‍ന്ന് വന്ന താരം പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ചു. താനൊരു കിടിലന്‍ സംവിധായകനാണെന്നും നാദിര്‍ഷ തെളിയിച്ചു. അങ്ങനെ സജീവമായി നില്‍ക്കുകയാണ് താരം. ഇതിനിടെ തന്റെ ഉമ്മയ്ക്കൊപ്പം ഒരു അഭിമുഖത്തില്‍ പങ്കെടുത്ത നാദിര്‍ഷയുടെ വീഡിയോ ശ്രദ്ധേയമാവുകയാണിപ്പോള്‍. കോളേജില്‍ പഠിക്കുന്ന കാലത്ത് വാപ്പയെ നഷ്ടപ്പെട്ട താരം പിന്നീട് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. പതിനെട്ട് വയസ് മുതല്‍ താന്‍ ജോലിയ്ക്ക് പോയി തുടങ്ങിയെന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ നാദിര്‍ഷ വ്യക്തമാക്കുന്നത്.
വാപ്പ മരിച്ചതിന് ശേഷം അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയില്‍ എനിക്കും ജോലി കിട്ടി. പത്ത് വര്‍ഷത്തോളം അവിടെ ഞാനും ജോലി ചെയ്തിരുന്നു. പാട്ട് പാടാനും മറ്റ് പ്രോഗ്രാമുകള്‍ക്കുമൊക്കെ പോയി തുടങ്ങിയതോടെ അവര്‍ പറഞ്ഞുവിടുമെന്ന അവസ്ഥയായി. ഇതോടെ നമ്മള്‍ തന്നെ ആ ജോലി നിര്‍ത്തുകയായിരുന്നു. സിനിമയിലേക്കോ കലാപരമായ രീതിയിലേക്കോ പോയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നും ആ കമ്പനിയിലെ ജോലിക്കാരന്‍ മാത്രമായിരിക്കും. അതിന് അപ്പുറത്തേക്ക് ഒന്നുമുണ്ടായിരിക്കില്ല.

ഉമ്മച്ചിക്ക് മുപ്പത്തിരണ്ട് വയസുള്ളപ്പോഴാണ് വാപ്പച്ചി മരിക്കുന്നത്. പിതാവിന് നാല്‍പത്തിരണ്ട് വയസാണ്. ഇപ്പോഴത്തെ പിള്ളേര്‍ കല്യാണം കഴിക്കുന്ന പ്രായത്തിലാണ് ഉമ്മച്ചിയ്ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെടുന്നത്. എന്നിട്ടും ഈ അഞ്ച് മക്കളെ ഒറ്റയ്ക്ക് നോക്കി വളര്‍ത്തി. ഉമ്മ ഉണ്ടാക്കി തന്ന എല്ലാ ഭക്ഷണവും വളരെ ടേസ്റ്റുള്ളതായിരുന്നുവെന്നാണ് നാദിര്‍ഷ പറയുന്നത്.
പ്രോഗ്രാമിന് പോയിട്ട് വരുമ്പോള്‍ കിട്ടുന്ന തുക ഒന്നും ചിലവാക്കാതെ വീട്ടില്‍ കൊണ്ട് വന്നിട്ട് തരുമായിരുന്നു. അങ്ങനെ പൈസ കൂട്ടി വെച്ചത് രണ്ട് ലക്ഷമായപ്പോള്‍ താനത് മകന്‍ വീട് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ കൊടുത്തുവെന്നാണ് നാദിര്‍ഷയുടെ ഉമ്മ പറയുന്നത്. അന്നൊക്കെ തനിക്ക് കിട്ടുന്ന പൈസ വീട്ടിലെ അലമാരയില്‍ കൊണ്ട് പോയി വെക്കും. അത് എത്രയുണ്ടെന്നോ എത്രത്തോളം ചെലവാക്കിയെന്ന കണക്കോ നോക്കുമായിരുന്നില്ല. ഞാന്‍ ഇവിടെ കൊണ്ട് വെച്ച പൈസ എവിടെ പോയെന്ന് ഒരിക്കല്‍ പോലും ചോദിച്ചിട്ടില്ല.
ഗള്‍ഫില്‍ പരിപാടിയ്ക്ക് പോയാല്‍ മാത്രമാണ് അന്ന് പതിനായിരമോ ഇരുപതിനായിരമോ കിട്ടുക. അങ്ങനെ കിട്ടിയ പൈസയാണ് ഈ കൊണ്ട് പോയി വെച്ചത്. ഉമ്മച്ചി ഉറുമ്പ് കൂട്ടി വെക്കുന്നത് പോലെ വെച്ചിരുന്ന കാശാണ് എനിക്കന്ന് എടുത്ത് തന്നത്. അത് കണ്ട് ശരിക്കും സങ്കടമായി പോയി. ഏകദേശം പത്ത് വര്‍ഷത്തോളം സൂക്ഷിച്ച് വെച്ചിട്ടാണ് അന്ന് രണ്ട് ലക്ഷം രൂപയാക്കിയത്. ഇന്നത്തെ പോലെ വൈകുന്നേരം പോയി രണ്ട് പാട്ട് പാടിയിട്ട് രണ്ട് ലക്ഷം കൊണ്ട് പോയി കൊടുക്കുന്ന പരിപാടിയല്ല.
എനിക്ക് പതിനാറ് വയസുള്ളപ്പോഴാണ് വാപ്പ മരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് ഉമ്മയുടെയും അനിയന്‍മാരുടെയും അനിയത്തിയുടെയുമൊക്കെ കൈ എടുത്ത് എന്റെ കൈയ്യില്‍ വെച്ച് തന്നു. സംസാരശേഷി പോയത് കൊണ്ട് കൈയ്യില്‍ പിടിച്ച് അമര്‍ത്തി കൊണ്ട് ആംഗ്യം കാണിച്ചു. ഇവരെ നോക്കിക്കോണം എന്നാണ് പറഞ്ഞതെന്ന് എനിക്ക് മനസിലായി. അങ്ങനെ നമ്മളെ ഏല്‍പ്പിച്ച ജോലി ചെയ്തുവെന്നേയുള്ളുവെന്നും നാദിര്‍ഷ പറയുന്നു.
കോളേജില്‍ പഠിക്കുകയാണ് ഞാനന്ന്. ആ സമയത്ത് മിമിക്സ് പരേഡിന്റെ പ്രോഗ്രാമിന് പോയാല്‍ നൂറ്റിപത്ത് രൂപ ഒരു പരിപാടിയ്ക്ക് കിട്ടും. ആ നൂറ്റിപത്തിന് ഇന്നത്തെ പതിനായിരം രൂപയുടെ വിലയുണ്ട്. അന്ന് ചോറിനും മീന്‍കറിയ്ക്കും അഞ്ച് രൂപയേ ഉള്ളു. അന്നത്തെ പൈസയുടെ മൂല്യത്തെ കുറിച്ച് നാദിര്‍ഷ പറയുന്നതിങ്ങനെയാണ്…