വഖഫ് ഭേദഗതിക്കുശേഷം ആദ്യം; മധ്യപ്രദേശില്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മദ്രസ പൊളിച്ചുനീക്കി; അനധികൃതമായി വഖഫ് ചെയ്ത ഭൂമിയെന്നും പരാതികള്‍ ലഭിച്ചെന്നും ബിജെപി; നോട്ടീസിനു പിന്നാലെ നടപടിയെടുത്തത് മദ്രസ അധികൃതര്‍

ഭോപ്പാല്‍: വഖഫ് നിയമഭേദഗതി വന്നതിനു പിന്നാലെ മധ്യപ്രദേശിലെ പന്ന ജില്ലയില്‍ അനധികൃതമായി നിര്‍മിച്ച മദ്രസ പൊളിച്ചുനീക്കി അധികൃതര്‍. മദ്രസയുടെതന്നെ നടത്തിപ്പുകാരാണ് പൊളിക്കാന്‍ നേതൃത്വം കൊടുത്തത്. ബില്‍ പാസായതിനു പിന്നാലെ രാജ്യത്തെ ആദ്യ നടപടിയായിട്ടാണ് ഇതു വിലയിരുത്തുന്നത്.

ബിജെപി പ്രസിഡന്റ് വി.ഡി. ശര്‍മയ്ക്കു മുസ്ലിം വിഭാഗത്തില്‍നിന്നുതന്നെയുള്ള ഒരാളുടെ പരാതി ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഭരണകൂടം നോട്ടീസ് നല്‍കിയതിനു പിന്നാലെയാണു പൊളിക്കലെന്നും പറയുന്നു. പ്രദേശിക ഭരണകൂടം നടപടിയെടുക്കുന്നതിനു മുമ്പുതന്നെ മദ്രസയുടെ അധികൃതര്‍ പൊളിച്ചു നീക്കുകയായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി മദ്രസ പ്രവര്‍ത്തിച്ചത് അനധികൃതമായിട്ടാണെന്നും പന്ന ബി.ഡി. കോളനിയിലെ കെട്ടിടത്തിന് നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍, വഖഫ് നിയമത്തിനു പിന്നാലെ കര്‍ക്കശമായ നിര്‍ദേശമാണു നല്‍കിയതെന്നും അതുകൊണ്ടു മാത്രമാണ് മദ്രസ പൊളിക്കാന്‍ നിര്‍ബന്ധിതമായതെന്നും പറയുന്നു. ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് കെട്ടിടം പൊളിച്ചത്. സര്‍ക്കാര്‍ ഭൂമിയിലാണു മദ്രസ നിര്‍മിച്ചത്. സാമൂഹിക പ്രവര്‍ത്തകരും പ്രദേശവാസികളും നിരവധി തവണ ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നു. പരാതികളെല്ലാം അവഗണിക്കുകയായിരുന്നു അധികൃതരെന്നും പറയുന്നു.
കെട്ടിടം നിര്‍മിക്കാന്‍ ഗ്രാമപഞ്ചായത്തില്‍നിന്ന് അനുമതി ലഭിച്ചിരുന്നെന്നും ഇതു പിന്നീടു മുനിസിപ്പല്‍ കോര്‍പറേഷന്റെ അധികാര പരിധിയിലേക്കു മാറിയതോടെ അനധികൃതമെന്നു ചൂണ്ടിക്കാട്ടുകയായിരുന്നെന്നുമാണ് മദ്രസ അധികൃതരുടെ വിശദീകരണം. കേസ് കോടതിയിലെത്തിയതോടെ തുടര്‍ നടപടികളും വിലക്കിയിരുന്നു. ബില്‍ പാസായതോടെ കര്‍ശന നിര്‍ദേശം നല്‍കി.
അനധികൃതമായി വഖഫ് ഭുമിയാക്കിയ സ്ഥലത്തിനെതിരേ നിരവധി പരാതികള്‍ ലഭിച്ചെന്നും അനാശാസ്യ പ്രവര്‍ത്തനമടക്കം നടക്കുന്നെന്ന ആരോപണം ഉയര്‍ന്നിരുന്നെന്നും ബിജെപി പ്രസിഡന്റ് വി.ഡി. ശര്‍മ പറഞ്ഞു. നിയമം വന്നതോടെ ഇത്തരം കൈയടക്കലുകള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.