ധോണി ക്യാപ്റ്റനായി എത്തിയ മത്സരത്തില്‍ ചെന്നൈയ്ക്ക് ദയനീയ തോല്‍വി; റണ്‍റേറ്റില്‍ കുതിച്ച് കൊല്‍ക്കത്ത; 12 ഓവറില്‍ കളിപിടിച്ചു; സിഎസ്‌കെയ്ക്കു നാണക്കേടിന്റെ റെക്കോഡുകളും സ്വന്തം

CSK vs KKR IPL 2025: ധോണി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനായി മടങ്ങി എത്തിയ ആദ്യ മത്സരത്തിൽ സിഎസ്കെയ്ക്ക് ദയനീയ തോൽവി. ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സിനെ 103 റൺസിൽ ഒതുക്കിയതിന് ശേഷം 10 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ജയം പിടിച്ചു. ചെന്നൈയുടെ സീസണിലെ അഞ്ചാമത്തെ തോൽവിയാണ് ഇത്. ചെപ്പോക്കിലെ ചെന്നൈയുടെ തുടർച്ചയായ മൂന്നാമത്തെ തോൽവിയും. ആദ്യമായാണ് ചെപ്പോക്കിൽ ചെന്നൈ തുടരെ മൂന്ന് മത്സരങ്ങൾ തോൽക്കുന്നത്. 12 ഓവറിനുള്ളിൽ ജയം പിടിച്ചതോടെ നെറ്റ്റൺറേറ്റ് മെച്ചപ്പെടുത്തിയ കൊൽക്കത്ത പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി.
നിലവിൽ ആറ് പോയിന്റോടെ കൊൽക്കത്ത ഉൾപ്പെടെ നാല് ടീമുകളാണ് ഉള്ളത്. എന്നാൽ നെറ്റ്റൺറേറ്റിൽ കുതിപ്പ് നടത്തിയാണ് കൊൽക്കത്ത മൂന്നാം സ്ഥാനം പിടിച്ചത്. ചെറിയ വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് അഞ്ചാമത്തെ ഓവറിൽ 23 റൺസ് എടുത്ത ഡികോക്കിനെ നഷ്ടമായി. എന്നാൽ സുനിൽ നരെയ്ൻ തകർത്തടിച്ച് കൊൽക്കത്തയെ അതിവേഗം ജയത്തിലേക്ക് എത്തിച്ചു. 18 പന്തിൽ നിന്ന് രണ്ട് ഫോറും അഞ്ച് സിക്സും പറത്തി 44 റൺസ് നേടിയാണ് നരെയ്ൻ മടങ്ങിയത്. ബോളിങ്ങിൽ ധോണിയുടേത് ഉൾപ്പെടെ മൂന്ന് വിക്കറ്റ് പിഴുതതിന് ശേഷമാണ് ബാറ്റിങ്ങിലും നരെയ്ൻ തിളങ്ങിയത്. ക്യാപ്റ്റൻ രഹാനെ 20 റൺസോടെയും റിങ്കു സിങ് 15 റൺസോടെയും പുറത്താവാതെ നിന്നു. അൻഷുളും നൂർ അഹ്മദുമാണ് ചെന്നൈക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ ടോട്ടലുകളിൽ ഒന്നിലേക്കാണ് വീണത്. രണ്ട് കളിക്കാർ മാത്രമാണ് ചെന്നൈ നിരയിൽ സ്കോർ 20ന് മുകളിൽ ഉയർത്തിയത്. ഏഴ് താരങ്ങൾ സ്കോർ രണ്ടക്കം കടത്താനാവാതെ മടങ്ങി. ക്യാപ്റ്റനായി മടങ്ങി എത്തിയ കളിയിൽ ധോണിയും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. നാല് പന്തിൽ നിന്ന് ഒരു റൺസ് നേടി ധോണി നരെയ്ന് വിക്കറ്റ് നൽകി മടങ്ങി.
59-2 എന്ന നിലയിൽ നിന്ന് 75-8 എന്നതിലേക്ക് ചെന്നൈ തകരുകയായിരുന്നു. 29 പന്തിൽ നിന്ന് 31 റൺസോടെ പുറത്താവാതെ നിന്ന ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. 21 പന്തിൽ നിന്ന് 29 റൺസ് എടുത്ത വിജയ് ശങ്കർ ആണ് ചെന്നൈ സൂപ്പർ കിങ്സിന്റെ രണ്ടാമത്തെ ടോപ് സ്കോറർ. ചെന്നൈ നിരയിലെ രണ്ട് താരങ്ങൾ മാത്രമാണ് 20ന് മുകളിൽ സ്കോർ കണ്ടെത്തിയത്. എട്ട് താരങ്ങൾ സ്കോർ രണ്ടക്കം കടത്താനാവാതെ പുറത്തായി. ക്യാപ്റ്റൻ ധോണി നാല് പന്തിൽ നിന്ന് ഒരു റൺസുമായാണ് മടങ്ങിയത്.
ചെന്നൈ സൂപ്പർ കിങ്സിന്റെ നാലാമത്തെ ഓവറിലെ ആദ്യ പന്തിൽ ഡെവോൺ കോൺവേയെ മടക്കി മൊയിൻ അലിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 12 റൺസ് എടുത്താണ് കോൺവേ മൊയിൻ അലിയുടെ പന്തിൽ വിക്കറ്റിന് മുൻപിൽ കുടുങ്ങി മടങ്ങിയത്. 16 റൺസിൽ കോൺവേ മടങ്ങിയതിന് പിന്നാലെ ചെന്നൈ അതേ സ്കോറിൽ നിൽക്കുമ്പോൾ തന്നെ രചിൻ രവീന്ദ്രയേയും കൊൽക്കത്ത വീഴ്ത്തി. ഹർഷിത് റാണക്കായിരുന്നു വിക്കറ്റ്.
പവർപ്ലേയിൽ ഓപ്പണർമാരെ നഷ്ടമായതിന് പിന്നാലെ വിജയ് ശങ്കറും രാഹുൽ ത്രിപാഠിയും ചേർന്ന് ചെന്നൈ സ്കോർ 50 കടത്തി. എന്നാൽ പത്താമത്തെ ഓവറിൽ വിജയ് ശങ്കർ മടങ്ങിയതോടെ ചെന്നൈയുടെ കൂട്ടത്തകർച്ച ആരംഭിച്ചു. മത്സരത്തിൽ ലോക്കൽ ബോയി വരുൺ ചക്രവർത്തിയുടെ ആദ്യ ഇരയായിരുന്നു വിജയ് ശങ്കർ. തൊട്ടടുത്ത ഓവറിൽ സുനിൽ നരെയ്ൻ്റെ സ്ട്രൈക്ക്. 16 റൺസ് എടുത്ത രാഹുൽ ത്രിപാഠിയും കൂടാരം കയറി.
പിന്നെ ശിവം ദുബെ ഒരുവശത്ത് നിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടരെ വീണു. സ്കോർ രണ്ടക്കം കടത്താനാവാതെയാണ് പിന്നെ വന്ന ചെന്നൈയുടെ എല്ലാ ബാറ്റർമാരും മടങ്ങിയത്. കൊൽക്കത്തക്കായി സുനിൽ നരെയ്ൻ മൂന്നും വരുണും ഹർഷിത് റാണയും രണ്ട് വിക്കറ്റ് വീതവും മൊയിൻ അലി, വൈഭവ് അറോറ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.